എഡിറ്റര്‍
എഡിറ്റര്‍
ശിര്‍ദ്ദിസായി എന്ന ചിത്രം ചെയ്യാന്‍ എനിക്കനുഗ്രഹമുണ്ടായി
എഡിറ്റര്‍
Wednesday 12th September 2012 5:34pm


ഫേസ് ടു ഫേസ്/അഖിനേനി നാഗാര്‍ജുന
മൊഴിമാറ്റം/ജിന്‍സി ബാലകൃഷ്ണന്‍


കെ. രാഗവറാവു സംവിധാനം ചെയ്യുന്ന ശിര്‍ദ്ദിസായി എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ വ്യത്യസ്തമായ കഥാപാത്രവുമായെത്തുകയാണ് അഖിനേനി നാഗാര്‍ജുന. സെപ്റ്റംബര്‍ ആറിന് തിയേറ്ററുകളിലെത്തിയ ഈ ചിത്രത്തിന്റെ വിശേഷങ്ങളുമായി നാഗാര്‍ജുന സംസാരിക്കുന്നു..

Ads By Google

ശിര്‍ദ്ദിസായി ചെയ്യാന്‍ എന്താണ് നിങ്ങളെ പ്രേരിപ്പിച്ചത്?

കഴിഞ്ഞ 1015 വര്‍ഷമായി ശിര്‍ദ്ദിസായിയെക്കുറിച്ച് ഞാന്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്. നിങ്ങള്‍ ശിര്‍ദ്ദിയില്‍ പോകൂ, അത്ഭുതങ്ങളാണ് അവിടെ സംഭവിക്കുന്നത് എന്നൊക്കെ ആളുകള്‍ പറയാറുണ്ട്.

ഞാനുള്‍പ്പെടെയുള്ളവര്‍ വിശ്വസിക്കുന്ന ജാതിയ്ക്കും മതത്തിനും എതിയായിരുന്നു ശിര്‍ദ്ദിസായി. നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ഈ സന്ദേശം പ്രചരിപ്പിച്ചത്. അതെനിക്കിഷ്ടമായി.

ശിര്‍ദ്ദിയിലേക്ക് പോയി പ്രശോഭമായ മുഖവുമായി തിരിച്ചെത്തിയ ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. തീര്‍ച്ചയായും അതില്‍ എന്തെങ്കിലുമുണ്ടായിരിക്കണം. അവിടെ അദ്ദേഹത്തിന്റെ ചിത്രങ്ങളുണ്ട്. ഇത്തരമൊരാളെ അവതരിപ്പിക്കുകയെന്നത് രസകരമായിരിക്കുമെന്ന് എനിക്ക് തോന്നി.

രണ്ട് ഭക്തിചിത്രങ്ങള്‍ നിങ്ങള്‍ ചെയ്തിട്ടുണ്ട്. അന്നമായ, ശ്രീ രാമദാസു. ഇപ്പോള്‍ ശിര്‍ദ്ദിസായിയും ചെയ്യുന്നു. ഈ തുടര്‍ച്ചയെ എങ്ങനെ കാണുന്നു?

ആദ്യ രണ്ട് ചിത്രങ്ങളിലും ഞാന്‍ ഭക്തനായാണ് വേഷമിട്ടത്. ഈ ചിത്രത്തില്‍ സദ്ഗുരുവിന്റെ വേഷമാണ് ചെയ്യുന്നത്. ശിര്‍ദ്ദിസായി ദൈവമാണെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ വിശ്വസിക്കുന്നത്.

അന്നമായ എന്ന കഥാപാത്രം കൂടുതലും സൃഷ്ടിക്കപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ഗാനമല്ലാതെ മറ്റൊരു റഫറന്‍സും ഉണ്ടായിരുന്നില്ല.

രാമദാസുവിന്റെ കാര്യത്തിലാണെങ്കില്‍ ആ ക്ഷേത്രം നിര്‍മിക്കുന്നത് സംബന്ധിച്ച ഒരു റഫറന്‍സ് ഉണ്ട്. ചിത്രത്തിലെ ബാക്കികാര്യങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്. ഇവയിലെല്ലാം സിനിമയിലെ സ്വാതന്ത്ര്യം ധാരാളം ഉപയോഗിച്ചിട്ടുണ്ട്.

ശിര്‍ദ്ദിസായിയുടെ കാര്യത്തില്‍ നമുക്ക് അധികം വഴിമാറി ചലിക്കാനാവില്ല. ഒരേസമയം ചിത്രത്തെ രസകരമായി അവതരിപ്പിക്കുകയും മുമ്പൊന്നും കാണാത്ത എന്തെങ്കിലും കൊണ്ടുവരികയും ചെയ്യണം. ശിര്‍ദ്ദിസായി താട്ട്‌വത്തിലൂടെയാണ് സംവിധായകന്‍ ശിര്‍ദ്ദിസായിയുടെ ഫിലോസഫിയിലെത്തിച്ചേര്‍ന്നത്. ശിര്‍ദിയിലെത്തി, അവിടെ നിന്നും അപ്രത്യക്ഷമായി, പിന്നീട് വീണ്ടും പ്രത്യക്ഷപ്പെട്ടു എന്നീ ഘട്ടങ്ങളുണ്ട് ഇവിടെ. അദ്ദേഹം എവിടെയാണ് പോയതെന്ന് ആര്‍ക്കും അറിയില്ല. ഇക്കാര്യത്തില്‍ ചില സിനിമ സ്വാതന്ത്ര്യങ്ങള്‍ എടുത്താണ് സീന്‍ ചെയ്തിട്ടുള്ളത്.

ആ കഥാപാത്രത്തെ നിങ്ങള്‍ എങ്ങനെയാണ് സമീപിച്ചത്?

സംവിധായകന്‍ പറയുന്നതിനെ അടിസ്ഥാനമാക്കിയാണ് ഭൂരിഭാഗവും ചെയ്തത്.

വെജിറ്റേറിയനായി മാറിയോ?

അന്നമായ, രാമദാസു എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ഞാനത് ചെയ്തിരുന്നു. ശിര്‍ദ്ദിസായിയുടെ കാര്യത്തില്‍ ഞങ്ങള്‍ പുറത്തായതിനാല്‍ നോണ്‍ വെജ് ഒന്നും ഉണ്ടാക്കിയിരുന്നില്ല.

ശിര്‍ദ്ദിസായിയുടെ കാര്യത്തില്‍ മദ്യപാനം, നോണ്‍ വെജ് ആഹാരക്രമം എന്നിവ പ്രശ്‌നമല്ല. ഇതിനെതിരെ അദ്ദേഹം പ്രചരണം നടത്തിയിട്ടില്ല.

ഈ റോളിന് വേണ്ടി എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തി?

അദ്ദേഹത്തിന്റെ ലുക്ക് എങ്ങനെ വരുത്താമെന്ന കാര്യത്തിലായിരുന്നു മുന്‍കരുതലുകള്‍. ബാക്കിയെല്ലാ കാര്യങ്ങളും സംവിധായകനെ ആശ്രയിച്ചിരുന്നു. ശിര്‍ദ്ദിസായി വളരെ ആരോഗ്യവാനും, എനര്‍ജറ്റിക്കുമായിരുന്നു. അതുകൊണ്ട് ഞാന്‍ എന്റേതായ വ്യാഖ്യാനവും കൂട്ടിച്ചേര്‍ത്തു.

സായിയുടെ മുന്‍ ചിത്രങ്ങളിലേതെങ്കിലും കണ്ടിട്ടുണ്ടോ?

ഇല്ല. മനോജ് കുമാറിന്റെ ചിത്രവും വിജയ് ചന്ദറിന്റെ ചിത്രവും ഞാന്‍ കണ്ടിട്ടില്ല. ഇതിന്റെ ഡി.വി.ഡികള്‍ ആരോ എനിക്ക് തന്നിരുന്നു. പക്ഷെ ഞാന്‍ ചിത്രം കണ്ടില്ല. എന്റേതായ രീതിയിലാണ് ഞാന്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.

മുഖത്തെ ശാന്തഭാവം എങ്ങനെ കൊണ്ടുവന്നു?

അതിനനുസരിച്ച് നിര്‍മിച്ച ചുറ്റുപാടും, സംഭാഷണങ്ങളും, ഗാനങ്ങളും എല്ലാം സഹായിച്ചു. തീര്‍ച്ചയായും നമ്മള്‍ അറിയാതെ ശാന്തരാവും. നമ്മുടെ ശരീരഭാഷയും ശാന്തമാകും.

വീട്ടിലുള്ള ചിത്രങ്ങളിലൂടെയും ഓട്ടോയിലും അമ്പലങ്ങളിലും കാണുന്ന ചിത്രങ്ങളിലൂടെയും സായിബാബയെ നിങ്ങള്‍ ശ്രദ്ധിച്ചിരുന്നതായി ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു..?

ഒരു പക്ഷേ നിങ്ങള്‍ ഈ കാര്യങ്ങളൊന്നും ശ്രദ്ധിക്കാറുണ്ടാവില്ല. ഞാനും ചെയ്തിരുന്നില്ല. പക്ഷെ ഈ ചിത്രം ആരംഭിച്ചത് മുതല്‍ അദ്ദേഹം എന്റെ ജീവിതത്തിലേക്ക് വരുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഞാന്‍ ചുറ്റുപാടും നോക്കുമ്പോള്‍ എനിക്കദ്ദേഹത്തെ കാണാമായിരുന്നു. ആരുടെയെങ്കിലും ഫോണ്‍ എടുത്ത് നോക്കിയാല്‍ അദ്ദേഹം അതിലുമുണ്ടാവും.

ഒരിക്കല്‍ അര്‍ധരാത്രിയ്ക്കുശേഷം ഞാന്‍ വീട്ടിലെത്തി വാതില്‍ തുറന്നപ്പോള്‍ ടേബിളിന്റെ മധ്യത്തില്‍ തന്നെ ശിര്‍ദ്ദിയുടെ രൂപം തിളങ്ങുന്നുണ്ടായിരുന്നു.

അതിന്റെ പ്രഭാവം എന്നെ ഞെട്ടിച്ചു. ഒരു മിനിറ്റോളം എനിക്ക് ശബ്ദിക്കാന്‍ കഴിഞ്ഞില്ല. ഇതെങ്ങനെ ഇവിടെയെത്തി? ഇത് എവിടെ നിന്നാണ് വന്നത്? അതാണ് ഞാന്‍ പറഞ്ഞത് അദ്ദേഹം എന്റെ ജീവിതത്തിലേക്ക് വന്നുവെന്ന്. ഞാനൊരു ഓട്ടോയില്‍ പുറത്ത് പോകുമ്പോള്‍ അദ്ദേഹം കൈകള്‍ ഉയര്‍ത്തി എന്നെ അനുഗ്രഹിക്കുന്നത് ഞാന്‍ കണ്ടു. ഒരമ്പലത്തിന്റെ അരികിലൂടെ പെട്ടെന്ന് കടന്ന് പോകുമ്പോള്‍, ഭജന കേള്‍ക്കുമ്പോള്‍ എനിക്ക് തോന്നും അദ്ദേഹം എല്ലായിടത്തുമുണ്ടെന്ന്.

ഷൂട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് ശിര്‍ദ്ദി സന്ദര്‍ശിച്ചിരുന്നോ?

അതെ, തുടങ്ങുന്നതിന് മുമ്പും ഷൂട്ടിങ്ങിന് ശേഷവും.

ഷൂട്ടിങ്ങിനിടെ എന്തെങ്കിലും ദൈവിക സാന്നിധ്യം നിങ്ങള്‍ക്ക് അനുഭവപ്പെട്ടിരുന്നോ?

ഇല്ല. സുഖവും സമാധാനവുമാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ സമാധി സ്ഥലത്തായിരുന്നു ചിത്രീകരണം. ഇവിടെയാണ് അദ്ദേഹം ധ്യാനിച്ചത്, ഇരുന്നത്, ഭക്ഷണം പാകം ചെയ്തത് തുടങ്ങിയ ചിന്തകളായിരുന്നു എന്റെ മനസില്‍.

എന്തായിരുന്നു ഷൂട്ടിങ് അനുഭവങ്ങള്‍?

ഷൂട്ടിങ് വളരെ സമാധാന പരമായിരുന്നു. ഞാന്‍ ചെയ്തതില്‍ വെച്ച് ഏറ്റവും എളുപ്പമുള്ള ഷൂട്ടിങ്. 55 ദിവസം കൊണ്ട് അത് പൂര്‍ത്തിയായി. യാതൊരു തടസവുമുണ്ടായിരുന്നില്ല. വ്യക്തിപരമായി വലിയ ജോലികളൊന്നുമുണ്ടായിരുന്നില്ല. ഉദാഹരണത്തിന് വസ്ത്രങ്ങളുടെയും ഹെയര്‍സ്‌റ്റൈലിന്റെയും കാര്യത്തില്‍. എന്റെ താടിയ്ക്ക് വെള്ളയും കറപ്പും നിറം നല്‍കുകയെന്നതല്ലാതെ മറ്റൊന്നും എനിക്ക് ചെയ്യാനുണ്ടായിരുന്നില്ല.

സായിയുടെ ഫിലോസഫിയിലെ ഏത് ഭാഗമാണ് നിങ്ങളെ ആകര്‍ഷിച്ചത്?

അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ ലളിതമായിരുന്നു. മതമില്ല, ജാതിയില്ല.

നമുക്ക് ചുറ്റുമുള്ള ജനതയെ സ്‌നേഹിക്കുകയും അവരുടെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുകയെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇതുപൊലൊരു ചിത്രം ചെയ്യാന്‍ കഴിഞ്ഞ ഞാന്‍ അനുഗ്രഹീതനാണ്.

ഈ ചിത്രത്തില്‍ നിന്നും നിങ്ങള്‍ പഠിച്ച പാഠങ്ങള്‍?

ഈ ചിത്രത്തിലെ എല്ലാവര്‍ക്കും ഇത് പ്രേരകമായിട്ടുണ്ട്. ലൈറ്റ് ബോയ്, അസിസ്റ്റന്റ് ഡയറക്ടര്‍, നടന്‍, നിര്‍മാതാവ് തുടങ്ങിയ എല്ലാവരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു.

എല്ലാവരും കൃത്യത പാലിച്ചു. ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് സായിബാബയുടെ ചിത്രത്തിന് മുമ്പില്‍ എല്ലാവരും പ്രാര്‍ത്ഥിക്കുമായിരുന്നു.

ഒരു പൂജാരി ആരതി കൊണ്ടുവന്നു. രാഘവേന്ദ്ര രാവു ലൊക്കേഷന്‍ ഒരു അമ്പലമാക്കി മാറ്റി. എല്ലാവര്‍ക്കും ഒരു സായ് കാര്‍ഡ് ഉണ്ടായിരുന്നു. (ഐഡന്റിറ്റി കാര്‍ഡ് പോലെ).

ചിത്രത്തില്‍ നിന്നും എന്താണ് ആളുകള്‍ പ്രതീക്ഷിക്കേണ്ടത്?

ഈ ചിത്രം ഏവരേയും ആകര്‍ഷിക്കുന്ന ഒന്നാണ്. രണ്ടാം പകുതി എല്ലാവരെയും വൈകാരികമായി ഉയര്‍ത്തും. ആളുകള്‍ക്ക് ഇത് ഇഷ്ടപ്പെടുമെന്ന കാര്യത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്.

Advertisement