ബോളിവുഡില്‍ നല്ലൊരു സ്ഥാനം ലഭിക്കാനായി ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്  സൊനാക്ഷി സിന്‍ഹ.

കഠിനാധ്വാനം മാത്രമാണ് മികച്ച ഒരു താരമായി വളരാനുള്ള ഏകമാര്‍ഗമെന്നാണ് സൊനാക്ഷി പറയുന്നത്. ആരെയും പിന്തള്ളി മുന്നേറാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ആരോഗ്യകരമായ മത്സരത്തിന് താന്‍ തയ്യാറാണെന്നും സൊനാക്ഷി പറയുന്നു.

Ads By Google

ആരോഗ്യകരമായ മത്സരത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. ബോളിവുഡിലെ പല താരങ്ങളെയും വളരെ മികച്ച ഗെറ്റപ്പിലും പുതുമുഖമാണെന്ന് പോലും തോന്നുന്ന രീതിയിലും പല സിനിമകളിലും കണ്ടിട്ടുണ്ട്. ദീപിക പദുക്കോണും അനുഷ്‌ക്കയും എല്ലാം അങ്ങനെയാണ്. ഓരോ ചിത്രത്തിലും പുതിയ ഗെറ്റപ്പുകളില്‍ കാണുമ്പോള്‍ പുതിയ താരമാണോ എന്ന് പോലും തോന്നിപ്പോകും.

ഓരോ കഥാപാത്രത്തെയും മികച്ചതാക്കാന്‍ അവരെല്ലാം വളരെയേറെ കഷ്ടപ്പെടുന്നുണ്ട്. അവരുടെയെല്ലാം മുന്നിലെത്തണമെന്ന് ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല. നമുക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ നന്നായി ചെയ്താല്‍ അവസരങ്ങള്‍ വീണ്ടും വരും. അല്ലാതെ ആരേയും പിന്തള്ളി മുന്നേറണമെന്നില്ല- സൊനാക്ഷി പറഞ്ഞു.

സൊനാക്ഷിയുടെ ആദ്യ ചിത്രമായ ദബാങ്ങും പിന്നീട് പുറത്തിറങ്ങിയ റൗഡി റാത്തോഡും ബോക്‌സ് ഓഫീസില്‍ നല്ല ചലനമായിരുന്നു ഉണ്ടാക്കിയത്. ജോക്കറും ഓ മൈ ഗോഡും  പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം കൂടി നേടിത്തന്ന സാഹചര്യത്തില്‍ ഇനി പുറത്തിറങ്ങാനുള്ള സണ്‍ ഓഫ് സര്‍ദാരിലും താരം ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.

ലൂത്തേര, ദബാംഗ് 2 വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ2 തുടങ്ങി നിരവധി ചിത്രങ്ങളാണ് സൊനാക്ഷിയുടേതായി ബോളിവുഡില്‍ ഇനി പുറത്തിറങ്ങാനുള്ളത്. ലൂത്തേരയിലെ കഥാപാത്രം തികച്ചും വ്യത്യസ്തമാണെന്നും ആളുകള്‍ ഇഷ്ടപ്പെടുന്ന കഥായാണ് ചിത്രത്തിന്റേതെന്നും താരം പറഞ്ഞു.

സംവിധായകന്‍ വിക്രമാദിത്യയുമായി വര്‍ക്ക് ചെയ്യുന്നത് ഏറെ രസകരമാണെന്നും സ്‌കൂള്‍ പഠനകാലത്തേക്ക് പോയ അനുഭവമായിരുന്നു തനിയ്‌ക്കെന്നും സൊനാക്ഷി പറഞ്ഞു.