Categories

‘സുപ്രീം കോടതി വിധി വന്നതോടെ ബെഹ്‌റ നീക്കം ചെയ്യപ്പെട്ടു’; സംസ്ഥാന പൊലീസ് മേധാവി ഇപ്പോള്‍ താനാണെന്ന് ടി.പി സെന്‍കുമാര്‍

കോഴിക്കോട്: സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവി താനാണെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ പറഞ്ഞു. മീഡിയ വണ്‍ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സുപ്രീം കോടതി വിധിയോടെ നിലവിലെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നീക്കം ചെയ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

തന്നെ മാറ്റിയ ഉത്തരവ് ക്വാഷ് ചെയ്താല്‍ പിന്നെ അത് നിലനില്‍ക്കില്ല. വ്യാജരേഖ ചമച്ച നളിനി നെറ്റോ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്.


Also Read: മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലിട്ടു: രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസ്


പൊലീസ് ഉപദേശകനെ കൊണ്ട് ഒരു പ്രശ്‌നവും ഉണ്ടാകില്ല. രമണ്‍ ശ്രീ വാസ്തവ എന്താണെന്ന് തനിക്കും താനെന്താണെന്ന് രമണ്‍ ശ്രീ വാസ്തവയ്ക്കും അറിയാം.

റിവ്യൂ ഹര്‍ജി നല്‍കാന്‍ സര്‍ക്കാറിന് ധൈര്യമുണ്ടാകില്ല. പോയാല്‍ കാലതാമസം മാത്രമല്ല മറ്റ് പലതും സര്‍ക്കാരിന് കിട്ടുമെന്നും ടി.പി സെന്‍കുമാര്‍ പറഞ്ഞു.


Don’t Miss: മുഖ്യമന്ത്രിയുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ക്കെല്ലാം സഭയില്‍ നാക്കുപിഴ; പ്രക്ഷുബ്ധമായ ആദ്യദിനത്തിലും സഭയില്‍ ചിരിയുടെ ചാറ്റല്‍ മഴ


ടി.പി സെന്‍കുമാറിനെ നീക്കിയ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി വിധിച്ചത്. ക്രമസമാധാനത്തിന്റെ ചുമതലയുള്ള ഡി.ജി.പിയായി വീണ്ടും അദ്ദേഹത്തെ ഉടന്‍ നിയമിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞയാഴ്ചയാണ് കേസില്‍ വാദം പൂര്‍ത്തിയാക്കിയത്. ജിഷ കേസ് പുറ്റിങ്ങല്‍ കേസ് എന്നിവയില്‍ വീഴ്ച വരുത്തി എന്ന പേരിലാണ് സെന്‍കുമാറിനെ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ നീക്കം ചെയ്തത്.

ഹൈക്കോടതിയുടേയും സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റേയും വിധികള്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. സെന്‍കുമാറിനെ നീക്കിയ നടപടി ശരിയല്ലെന്നും കോടതി പറഞ്ഞു.

പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയ നടപടി ചോദ്യം ചെയ്താണ് സെന്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. മുന്‍പ് ഹൈക്കോടതിയേയും ട്രൈബ്യൂണലിനേയും സെന്‍കുമാര്‍ സമീപിച്ചിരുന്നെങ്കിലും അവിടെയെല്ലാം അദ്ദേഹത്തിന് പ്രതികൂലമായ വിധിയാണ് ഉണ്ടായത്.

പിണറായി വിജയന്‍ അധികാരമേറ്റ് ഉടന്‍ തന്നെയാണ് സെന്‍കുമാറിനെ മാറ്റിയത്. സി.പി.ഐ.എമ്മിന് തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് സ്ഥാനത്ത് നിന്ന് നീക്കാന്‍ കാരണം എന്നാണ് സെന്‍കുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചത്.

പൊലീസിന്റെ വീഴ്ച കാരണമാണ് സെന്‍കുമാറിനെ മാറ്റിയത് എന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. അങ്ങനെയെങ്കില്‍ മഹിജ നടത്തിയ സമരത്തെ തുടര്‍ന്ന് ലോക്നാഥ് ബെഹ്റയെ മാറ്റിയോ എന്ന് സുപ്രീം കോടതി സര്‍ക്കാറിനോട് ചോദിച്ചിരുന്നു.

2006-ലെ പ്രകാശ് സിംഗ് കേസിലെ സുപ്രീം കോടതി വിധി പ്രകാരം ഡി.ജി.പിയായി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥന് രണ്ട് കൊല്ലം തുടര്‍ച്ചയായ കാലാവധി ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. ഇതനുസരിച്ച് തനിക്ക് കാലാവധി നീട്ടി നല്‍കമമെന്നാണ് സെന്‍കുമാര്‍ വാദിച്ചത്. വരുന്ന ജൂണ്‍ മാസമാണ് സെന്‍കുമാര്‍ വിരമിക്കുന്നത്.

വീഡിയോ കാണാം: