ന്യൂദല്‍ഹി: ഒളിമ്പിക്‌സ് ആരവങ്ങള്‍ അവസാനിച്ചെങ്കിലും മെഡല്‍ നേട്ടത്തിന്റെ ആലസ്യത്തില്‍ നിന്നും താരങ്ങളാരും പുറത്തുവന്നിട്ടില്ല. ഇന്ത്യയ്ക്കായി മെഡല്‍ നേടാന്‍ കഴിഞ്ഞത് സ്വപ്‌ന സാഫല്യമാണെന്നാണ് സൈന പറഞ്ഞത്.

Ads By Google

ലണ്ടനില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോള്‍ അത് കാണുന്നതും നമുക്കായി പ്രാര്‍ത്ഥിക്കുന്നതും കോടിക്കണക്കിനുള്ള ജനങ്ങളാണ്. അവരാണ് ഏറ്റവും വലിയ ശക്തി- സൈന പറഞ്ഞു.

ബാഡ്മിന്റണില്‍ മെഡല്‍ നേടിയ ശേഷം ഒളിമ്പിക് വേദിയില്‍ ഇന്ത്യന്‍ പതാക ഉയരുമ്പോഴാണ്ടായ അനുഭവം എന്തായിരുന്നെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് സൈനയുടെ മറുപടി ഇങ്ങനെയായിരുന്നു,

‘അഭിമാനം മാത്രമാണ് ആ നിമിഷത്തില്‍ തോന്നുന്ന ഒരു വികാരം. നമ്മുടെ പരിശ്രമങ്ങള്‍ക്കെല്ലാം ഉള്ള അംഗീകാരമാണ് അവിടെ ലഭിക്കുന്നത്.  അത്രയും കാലം നമ്മുടെ കൂടെ നിന്നവരേയും നമ്മുടെ രാജ്യത്തേയും എല്ലാം അപ്പോള്‍ ഓര്‍ക്കും’- സൈന പറഞ്ഞു.

ബാഡ്മിന്റണെ കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും അതിനപ്പുറത്തുള്ള ഒരു ചിന്തയും തന്റെ മനസിലില്ലെന്നും സൈന പറഞ്ഞു. വിവാഹം എന്നുണ്ടാകും എന്ന ചോദ്യത്തിന്‌, വിവാഹത്തെ കുറിച്ച് ആലോചിക്കാന്‍ പോലും സമയമില്ലെന്നും ഒറ്റയ്ക്ക് ജീവിക്കാനാണ് താത്പര്യവുമെന്നായിരുന്നു സൈനയുടെ മറുപടി.