ന്യൂദല്‍ഹി:സംഗീതലോകത്തെ ഇതിഹാസം ലതാ മങ്കേഷ്‌കര്‍ സംഗീതലോകത്തോടു വിടപറയുന്നതായി ഒരു പ്രമുഖദിനപ്പത്രത്തിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും താനിപ്പോഴൊന്നും പാട്ട് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ലതാജി വ്യക്തമാക്കി.

ഡി.എന്‍.എ പത്രത്തില്‍ താന്‍ പാട്ടിനോടു വിട പറയുന്നു എന്ന വാര്‍ത്ത തന്നില്‍ അത്ഭുതമുണ്ടാക്കിയെന്നും പ്രസിദ്ധമായ ഒരു പത്രത്തിന് ഒരു ഉത്തരവാദിത്വവുമില്ലാതെ എങ്ങനെയാണ് ഇത്തരത്തിലൊരു വാര്‍ത്ത കൊടുക്കാന്‍ കഴിയുന്നതെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

പാട്ടിനുവേണ്ടിയാണ് ഞാന്‍ ജനിച്ചത. എന്റെ മരണംവരെ ഞാനതു തുടരുകയും ചെയ്യും-81 കാരിയായ ലത പറയുന്നു.

പിരിയണമെന്നുണ്ടെങ്കില്‍ അതെന്റെ മാത്രം തീരുമാനമായിരിക്കുമെന്നും അതിനെനിക്ക് ആരുടെയും സഹായം വേണ്ട. ഏതെങ്കിലും പ്രസിദ്ധീകരണങ്ങള്‍ക്ക് അത്തരത്തിലൊരു വാര്‍ത്ത കൊടുക്കണമെങ്കില്‍ അവര്‍ക്കെന്നോടു നേരിട്ട് ചോദിക്കാം. മറ്റുള്ളവര്‍ പറയുന്നതുകേട്ട് വാര്‍ത്ത കൊടുക്കുന്നത് പത്രധര്‍മ്മത്തിനു യോജിച്ചതല്ല. എനിക്കെതിരെ അപവാദം പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയായിരിക്കും എന്റെ വരാനിരിക്കുന്ന ഗാനങ്ങള്‍-ലതാജി വ്യക്തമാക്കി. തന്നെയുമല്ല, എനിക്കു മുതുകുവേദനയാണെന്നും പത്രങ്ങളെഴുതി. എന്റെ ആരോഗ്യത്തെക്കുറിച്ച അന്വേഷിക്കാതെയാണ് അത്തരത്തിലൊരു വാര്‍ത്ത പത്രത്തില്‍ വന്നത്-അവര്‍ കുറ്റപ്പെടുത്തി.

10,000 ത്തോളം ഹിന്ദി ചിത്രങ്ങളിലും 36 ഓളം പ്രാദേശിക ഭാഷകളിലും പാടിയിട്ടുള്ള ലതാ മങ്കേഷ്‌കറെ 2001 ല്‍ രാജ്യം ഭാരത രത്‌ന നല്‍കി ആദരിച്ചു.