ലേ: ഇന്ത്യന്‍ ആര്‍മി തനിയ്ക്ക് എന്നും ആവേശമായിരുന്നെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി. ലഡാക്കില്‍ പുതുതായി നിര്‍മ്മിക്കുന്ന ആര്‍മി ഗ്രൗണ്ടിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഡാക്കില്‍ നിര്‍മ്മിക്കുന്ന ഗ്രൗണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ ആര്‍മി ക്രിക്കറ്റ് ഗ്രൗണ്ടായിരിക്കുമെന്നും അവകാശവാദമുണ്ട്. ഇന്ത്യന്‍ ആര്‍മി ടീമും ടീം ഓഫ് ലഡാക്കി ലോക്കല്‍സും തമ്മില്‍ നടക്കുന്ന സൗഹൃദമത്സര ക്രിക്കറ്റിലെ പ്രധാന അതിഥികൂടിയായിരുന്നു ധോണി. ധോണിയെ കാണാനായി നിരവധി ആരാധകര്‍ ഗ്രൗണ്ടിന് പുറത്ത് കാത്തുനിന്നിരുന്നെങ്കിലും അവരെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല.

Subscribe Us:

”എനിയ്ക്ക് ആര്‍മിയില്‍ ചേരാനായിരുന്നു ആഗ്രഹം. എന്നാല്‍ ചേര്‍ന്നത് ഇന്ത്യന്‍ റെയില്‍വേയിലാണ്. എന്നാല്‍ ഇന്നിവിടെ നില്‍ക്കാന്‍ പറ്റിയതില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്. ഇവിടുത്തെ ജവാന്‍മാരാണ് എന്റെ ഉത്തേജനം. അവര്‍ ഇന്ത്യയെ സേവിക്കുന്നത് കാണുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമാണ് തോന്നുന്നത്. -ധോണി വ്യക്തമാക്കി.

ഈ യാത്രക്കിടെ സിയാച്ചിനിലും ധോണി സന്ദര്‍ശനം നടത്തുന്നുണ്ട്. ശ്രീനഗറിലെ സ്‌കൂള്‍ കുട്ടികളുമായും ആര്‍മി കേഡറ്റ്‌സുമായും ധോണി സൗഹൃദസംഭാഷണം നടത്തി.