എഡിറ്റര്‍
എഡിറ്റര്‍
ഷിന്‍ഡെ സ്വേച്ഛാധിപതി: മുഖ്യമന്ത്രിയായ ഞാന്‍ എവിടെയിരിക്കണമെന്ന് അദ്ദേഹം തീരുമാനിക്കണ്ട: കെജ്‌രിവാള്‍
എഡിറ്റര്‍
Tuesday 21st January 2014 9:34am

KEJRIWAL-PROTEST-NEW

ന്യൂദല്‍ഹി: ദല്‍ഹിയുടെ ഹൃദയഭാഗത്ത് റെയില്‍ഭവന്റെ അടുത്ത് റോഡിലായിരുന്നു ഇന്നലെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആറ് മന്ത്രിമാരും ഇരുന്നൂറോളം പ്രവര്‍ത്തകരും ഉറങ്ങിയത്.

ദല്‍ഹി സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത പോലീസിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മിപാര്‍ട്ടി നടത്തുന്ന സമര വേദിയിലായിരുന്നു കെജ്‌രിവാള്‍.

റോഡില്‍ അന്തിയുറങ്ങരുതെന്നും അവിടെ നിന്നും മാറണമെന്നുമുള്ള പോലീസിന്റെ അഭ്യര്‍ത്ഥന കെജ്‌രിവാള്‍ മാനിച്ചില്ല. താന്‍ എവിടെ ഇരിക്കണമെന്ന് തീരുമാനിക്കേണ്ടത് ആഭ്യന്തര മന്ത്രിയല്ലെന്നായിരുന്നു കെജ്‌രിവാളിന്റെ മറുപടി.

എന്താണ് റിപ്പബ്ലിക്, എന്താണ് ജനാധിപത്യം? വലിയ തോതില്‍ ജനങ്ങളും ഈ സമരത്തില്‍ പങ്കാളികളാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.

ദല്‍ഹിയില്‍ ഇത്രയേറെ സ്ത്രീ പീഡനങ്ങളും അക്രമങ്ങളും നടക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായ സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്ക് എങ്ങിനെയാണ് ഉറങ്ങാന്‍ പറ്റുന്നത്, അദ്ദേഹം ഒരു സ്വേച്ഛാധിപതിയാണോ? ഈ സമരത്തിന് ഒരു പരിഹാരം കാണാതെ ഞങ്ങള്‍ പിന്നോട്ടില്ല- കെജ്‌രിവാള്‍ പറഞ്ഞു.

പുലര്‍ച്ചെ ആറ് മണിക്ക് എഴുന്നേറ്റ കെജ്‌രിവാള്‍ പ്രദേശത്തെ ടോയ്‌ലറ്റുകളെല്ലാം സര്‍ക്കാര്‍ പൂട്ടിയിരിക്കുകയാണെന്ന് വ്യക്തമാക്കി. സര്‍ക്കാര്‍ ടോയ്‌ലറ്റുകള്‍ അടച്ചാല്‍ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ എന്തുചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു.

അതിനിടെ റെയ്‌സീന റൗണ്ട് എബൗട്ടിലേക്ക് എത്താനുള്ള എല്ലാ വഴികളും ദല്‍ഹി പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ദല്‍ഹിയിലെ നാല് മെട്രോ സ്‌റ്റേഷനുകളും അടച്ചിരിക്കുകയാണ്.

അതേസമയം ഈ മാസം 26 നകം വിഷയത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ സമരം റെയ്‌സീന ഹില്‍സിലേക്ക് മാറ്റുമെന്ന് കെജ് രിവാള്‍ അറിയിച്ചു. റിപ്പബ്ലിക് ദിന പരേഡിന് പകരം ജനലക്ഷങ്ങള്‍ അണിനിരക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement