ഡബ്ബിങ് ചിത്രങ്ങളിലൂടെ മോളിവുഡിലെ സൂപ്പര്‍സ്റ്റാറായി മാറിയ നടനാണ് അല്ലു അര്‍ജുന്‍. ആര്യ, ബണ്ണി, ഹാപ്പി, ഹീറോ തുടങ്ങിയ അല്ലു ചിത്രങ്ങള്‍ക്ക് വന്‍ സ്വീകരമാണ് മലയാളികളില്‍ നിന്ന് ലഭിച്ചത്. അല്ലുവിന്റെ ആക്ഷന്‍സും ഡാന്‍സുമെല്ലാം യുവാക്കളെ ഹരംകൊള്ളിക്കുന്നതാണ്.

Ads By Google

മലയാളികളുടെ പ്രിയങ്കരനാണ് താനെന്ന കാര്യം അല്ലുവിനും അറിയാം. അതുകൊണ്ടുതന്നെയാണ് മലയാള ചിത്രത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം അല്ലു വ്യക്തമാക്കിയതും. തെലുങ്ക് ചിത്രം ഗജപോക്കിരിയുടെ പ്രമോഷന്‍ ജോലികളുമായി ബന്ധപ്പെട്ട് കേരളത്തില്‍ വന്നപ്പോഴാണ് അല്ലു മലയാള സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം വ്യക്തമാക്കിയത്.

‘ മലയാളികള്‍ എല്ലായ്‌പ്പോഴും എന്നെ ഒരുപാട് സ്‌നേഹിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ ചിത്രങ്ങള്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന സ്വീകാര്യത അതിന് തെളിവാണ്. ഇവിടെ നിര്‍മിക്കപ്പെടുന്ന ചിത്രങ്ങളും എന്നെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്ന തരത്തിലുള്ളവയാണ്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മലയാളികളുമായുള്ള എന്റെ അടുപ്പം ഏറിവരികയാണ്. അതുകൊണ്ടുതന്നെ എന്നെ ഒരുപാട് സ്‌നേഹിക്കുന്ന മോളിവുഡ് പ്രേക്ഷകര്‍ക്കുവേണ്ടി ഇവിടെ അരങ്ങേറ്റം കുറിക്കാന്‍ ആഗ്രഹമുണ്ട്. മോളിവുഡ് തുടക്കത്തെ ഞാന്‍ ശ്രദ്ധയോടെയാണ് കാണുന്നത്. നിരവധി സംവിധായരുമായി ചര്‍ച്ച നടക്കുന്നുണ്ട്. മലയാളം പഠിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ‘ അല്ലു പറഞ്ഞു.

താന്‍ മലയാള ചിത്രങ്ങളുടെ സ്ഥിരം പ്രേക്ഷകനാണെന്നും അല്ലു വ്യക്തമാക്കി. അടുത്തിടെ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിനെക്കുറിച്ച് നല്ല അഭിപ്രായവും പറഞ്ഞു.

താന്‍ മോഹന്‍ലാലിന്റെ വലിയ ആരാധകനാണെന്നും അല്ലു പറഞ്ഞു. അദ്ദേഹത്തിന്റെ അറബിയും ഒട്ടകവും പി മാധവന്‍ നായരും എന്ന ചിത്രം താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.