ന്യൂദല്‍ഹി: കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യൂണ്ടായ് മോട്ടോര്‍സ, ചെറുകാറായ ഇയോണ്‍ ഇന്ത്യന്‍ വിപണിയിലവതരിപ്പിച്ചു. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ചെറുകാറായ മാരുതി സുസുകിയുടെ ആള്‍ട്ടോയ്ക്ക് കനത്തവെല്ലുവിളിയുമായെത്തുന്ന ഇയോണിന് 2.69 ലക്ഷം മുതല്‍ 3.71 ലക്ഷം രൂപ വരെയാണ് വില.

814 സിസി എന്‍ജിനോട് കൂടിയെത്തുന്ന ഇയോണിന് ലിറ്ററിന് 21.1 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. നീളം ആള്‍ട്ടോയുടേതിന് തുല്യമാണ് (3.5 മീറ്റര്‍) . പക്ഷെ ആള്‍ട്ടോയേക്കാള്‍ വീതിയും ഉയരവും യഥാക്രമം 75എംഎം, 40എംഎം കൂടുതലാണ്. ഇന്ത്യന്‍ വിപണിക്ക് മാത്രമായുള്ള ആദ്യത്തെ ഹ്യൂണ്ടായ് കാറാണ് ഇയോണ്‍.

വിലക്കുറവിലും കാറിനകത്തെ സ്ഥലസൗകര്യത്തിലും ഉദാരമാണ് തങ്ങളുടെ പുതിയ കാറെന്ന് ഹ്യൂണ്ടായ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. കാറിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനായി 900 കോടി രൂപ വകയിരുത്തിയതായി കമ്പനി സി.ഇ.ഒ എച്ച്. ഡബ്‌ള്യൂ പാര്‍ക്ക് പറഞ്ഞു. വര്‍ഷത്തില്‍ ഒന്നരലക്ഷം യൂണിറ്റ് കാര്‍ നിര്‍മ്മിക്കാനാണ് കമ്പനി ലകഷ്യമിടുന്നത്. ഭാവിയില്‍ തെക്കെ അമേരിക്കയിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും കയറ്റുമതി ചെയ്യാനും കമ്പനിക്ക പദ്ധതിയുണ്ട്.