യൂറോപ്പിലാകമാനം ‘ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്’ ലക്ഷ്യമിട്ട് ഹൈലസ്-1 (ഹൈലി അഡാപ്റ്റിബിള്‍ സാറ്റലൈറ്റ്) പറന്നുയര്‍ന്നു. ഫ്രഞ്ച് ഗയാനയിലെ കൗറു വിക്ഷേപണകേന്ദ്രത്തില്‍ നിന്നും ഹൈലസ് കുതിച്ചപ്പോള്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിക്ക് അത് അഭിമാനിക്കാവുന്ന മുഹൂര്‍ത്തമായി.

ഇതാദ്യമായാണ് ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം യൂറോപ്പിലാകമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ യൂറോപ്യന്‍ ഏജന്‍സി ഉപഗ്രഹം വിക്ഷേപിക്കുന്നത്. യൂറോപ്പില്‍ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത സ്ഥലങ്ങലില്‍ വേഗതയിലുള്ള ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് ഹൈലസ് കുതിച്ചത്. ഇന്റല്‌സാറ്റ്-17 എന്ന ഉപഗ്രഹവും ഇതോടൊപ്പം വിക്ഷേപിച്ചിട്ടുണ്ട്.

2,570 കിലോ ഭാരമുള്ളതാണ് ഉപഗ്രഹം. ലണ്ടനിലെ അവന്തി കമ്മ്യൂണിക്കേഷനും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ഇന്ത്യന്‍ സാറ്റലൈറ്റ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും സംയുക്തമായാണ് ഉപഗ്രഹത്തിന്റെ രൂപീകരണത്തിനായി പ്രവര്‍ത്തിച്ചത്. ‘ഏരിയന്‍ 5’ റോക്കറ്റാണ് ഹൈലസിനെ ഭ്രമണപഥത്തിലെത്തിച്ചിരിക്കുന്നത്. ‘ഹിസ്പാസാറ്റ് 1 ഇ’, ‘കൊറിയാസാറ്റ് 6’ എന്നീ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുക എന്നതാണ് ഏരിയന്റെ പുതിയ ദൗത്യം.

ഹൈലസില്‍ നിന്നുള്ള സിഗ്നലുകള്‍ സ്വീകരിക്കാന്‍ ഐ എസ് ആര്‍ ഒ ഇന്ത്യയില്‍ ‘ഹൈപവര്‍ ആന്റിനകള്‍’ സ്ഥാപിച്ചിട്ടുണ്ട്. ഇതുമൂലം ഇന്ത്യയിലും ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ഐ എസ് ആര്‍ ഒ.