ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ഹൈദരാബാദ് നഗരത്തില്‍ ഇന്നലെയുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. ഇരു വിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് കല്ലേറു നടത്തുകയും ഷോപ്പുകള്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തു. സംഭവത്തില്‍ 40ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഹൈദരാബാദില്‍ ഞായറാഴ്ച വൈകീട്ടാണ് സംഘര്‍ഷത്തിന് തുടക്കം. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ലാല്‍ ദര്‍വാസ, സയ്ദ് അലി ചബോട്ട പ്രദേശങ്ങളിലാണ് പുതുതായി അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു. അക്രമികളെ പിരിച്ച് വിടാന്‍ പോലീസ് ലാത്തി ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

Subscribe Us:

സംഘര്‍ഷത്തില്‍ 86 ഓളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കെ റോസയ്യ എം എല്‍ എമാരുടെയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ചേര്‍ത്തു. വലതുപക്ഷ ഹിന്ദു സംഘടനകളാണ് അക്രമത്തിന് പിന്നിലെന്ന എം ഐ എം, എം എല്‍ എയുടെ വിമര്‍ശനത്തെ തുടര്‍ന്ന് ബി ജെ പി പ്രസിഡന്റ് ജി കിഷന്‍ റെഡ്ഡി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

അക്രമത്തെ തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്ക് ഇന്ന് നടക്കുന്ന പരീക്ഷക്ക് എത്താനായിട്ടില്ല. ഇവര്‍ക്കായി പ്രത്യേക പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. സംഘര്‍ഷ പ്രദേശത്ത് 1000 അര്‍ധ സൈനികരടക്കമുള്ള സേനയെ വിന്യസിച്ചിട്ടുണ്ട്.