എഡിറ്റര്‍
എഡിറ്റര്‍
ഹൈദരാബാദ് സ്‌ഫോടനം കസബിനേയും അഫ്‌സല്‍ ഗുരുവിനേയും തൂക്കിലേറ്റിയതിന്റെ പ്രതികാരം: ഷിന്‍ഡെ
എഡിറ്റര്‍
Monday 25th February 2013 9:38am

കൊല്‍ക്കത്ത: പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരുവിനേയും മുംബൈ സ്‌ഫോടനത്തിന്റെ പേരില്‍ അജ്മല്‍ അമീര്‍ കസബിനേയും തൂക്കിലേറ്റിയതിന്റെ പ്രതികാര നടപടിയാണ് ഹൈദരാബാദിലെ ഇരട്ട സ്‌ഫോടനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ.

Ads By Google

ഇരുവരേയും വധശിക്ഷ നടപ്പാക്കിയ സാഹചര്യത്തില്‍ തീവ്രവാദ ശക്തികളില്‍ നിന്നും ഇത്തരമൊരു പ്രതികാര നടപടി പ്രതീക്ഷിച്ചിരുന്നെന്നും അതിനെ ചെറുക്കാനായി വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നെന്നും ഷിന്‍ഡെ പറഞ്ഞു.

രാജ്യത്തൊട്ടാകെ കനത്ത സുരക്ഷാ സംവിധാനമായിരുന്നു ഒരുക്കിയിരുന്നത്. തീവ്രവാദ ഗ്രൂപ്പുകളുടെ ഇടയില്‍ നിന്നും ഒരു തിരിച്ചടി പ്രതീക്ഷിച്ച് തന്നെയായിരുന്നു സുരക്ഷാ നടപടികള്‍ ശക്തമാക്കിയത്. എന്നാല്‍ അതിനെ മറികടന്നാണ് ഇത്തരമൊരു ആക്രമണം നടത്തിയതെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.

സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട 16 പേരുടെയും കുടുംബാംഗങ്ങള്‍ക്ക് വേണ്ട എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യും. സ്‌ഫോടന സ്ഥലത്തുനിന്നും കണ്ടെടുത്ത ചില തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലത്തിനനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം രാജ്യത്തെ നടുക്കിയ ഹൈദരാബാദ് ഇരട്ടസ്‌ഫോടനവുമായി ബന്ധപ്പെട്ട് 2007ലെ മെക്ക മസ്ജിദ് സേ്ഫാടനക്കേസില്‍ പ്രതിയായിരുന്ന യുവാവ് ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് ചോദ്യംചെയ്യുന്നുണ്ട്. അന്വേഷണത്തില്‍ വൈകാതെ വഴിത്തിരിവുണ്ടാക്കാനാവുമെന്ന് ആന്ധ്ര ഡി.ജി.പി. ദിനേശ് റെഡ്ഡി പറഞ്ഞു.

ഷംസാബാദ് സ്വദേശിയായ മുഹമ്മദ് റിയാസുദ്ദീനാണ് പോലീസ് ചോദ്യം ചെയ്യുന്നവരില്‍ ഒരാള്‍. മെക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ ഇയാളെ പിന്നീട് കോടതി വിട്ടയയ്ക്കുകയായിരുന്നു.

ബിഹാറിലെ നേപ്പാള്‍അതിര്‍ത്തിയില്‍ പിടിയിലായ വിദേശിയുള്‍പ്പെടെ രണ്ട് യുവാക്കളെയും അന്വേഷണസംഘം ചോദ്യംചെയ്യുന്നുണ്ട്. സൊമാലിയക്കാരനായ അബ്ദുള്ള ഒമ്രാന്‍ മാക്രാന്‍(30), കൂട്ടാളിയും ഹൈദരാബാദുകാരനുമായ മുഹമ്മദ് ആദം എന്നിവരാണ് നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിയിലായത്. ലാപ്‌ടോപ്, മൊബൈല്‍ഫോണുകള്‍, ഹൈദരാബാദിന്റെയും സെക്കന്തരാബാദിന്റെയും ഭൂപടങ്ങള്‍ തുടങ്ങിയവയും ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Advertisement