ഹൈദരാബാദ്: വ്യോമാഭ്യാസത്തിനിടെ നാവികസേനയുടെ ചെറുവിമാനമായ സൂര്യകിരണ്‍ തകര്‍ന്നു വീണ് മലയാളി കോ പൈലറ്റ് ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ലെഫ്റ്റനന്റ് കമാന്‍ഡര്‍മാരായ സുരേഷ് മൗര്യ, രാഹുല്‍ നായര്‍ എന്നിവരും മറ്റൊരാളുമാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. എയര്‍ ഷോ നടക്കുന്ന ഹൈദരാബാദിലെ ബേഗുപെട്ട് വിമാനത്താവളത്തിനടുത്ത് ആളുകള്‍ താമസിക്കുന്ന ഒരു കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. കെട്ടിടത്തിന്റെ പ്രധാനഭാഗം തകര്‍ന്നു.

ബെഗുപേട്ട് എര്‍പോര്‍ട്ടില്‍ വ്യോമസേന അഭ്യാസം ഉദ്ഘാടനം നടന്ന് അല്‍പ സമയത്തിന് ശേഷണാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഹൈദരാബാദ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വിമാനം പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്. അഭ്യാസപ്രകടനങ്ങള്‍ക്കിടെ തീയും പുകയും ഉയര്‍ന്ന് നിയന്ത്രണം വിട്ട് വിമാനം താഴേക്ക് പതിക്കുകയാണുണ്ടായത്. അപകടം നാവികസേനാ വക്താവ് കമാന്‍ഡര്‍ പി വി സതീഷ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Subscribe Us:

ആളുകള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിലേക്ക് വീണതാണ് കൂടുതല്‍ വലിയ അപകടത്തിന് കാരണമായതെന്ന് കരുതുന്നു. എത്ര പേര്‍ വിമാനത്തിനുള്ളിലുണ്ടായിരുന്നെന്ന് വ്യക്തമല്ലെന്നും പോലീസ് കമ്മീഷണര്‍ എ കെ ഖാന്‍ പറഞ്ഞു. സാഗര്‍ പവന്‍ വ്യോമസേന സംഘത്തില്‍പ്പെട്ട വിമാനമാണ് തകര്‍ന്നത്. ആകാശത്ത് ശക്തമായ ശബ്ദം കേട്ടതായും കറുത്ത പുക ദൃശ്യമായതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കെ റോസയ്യയും കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലും പ്രദര്‍ശനം കണ്ടുകൊണ്ടിരിക്കെയായിരുന്നു അപകടം.