ബ്രിസ്‌ബേന്‍: ത്രിരാഷ്ട്ര പരമ്പരയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള മത്സരത്തില്‍ മൈക്ക് ഹസിയുടെ ഔട്ട് വിവാദത്തിലായി. ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന്റെ 29ാം ഓവറില്‍ ഹസി ഒരു റണ്ണില്‍ നില്‍ക്കേയാണ് വിവാദമുണ്ടായത്.

റെയ്‌നയുടെ പന്തില്‍ മൈക്ക് ഹസിയ്‌ക്കെതിരെ ഇന്ത്യ സ്റ്റെംപിങ്ങിന് അപ്പീല്‍ ചെയ്തു. ടീവി റിപ്ലേ കണ്ട ശേഷം മൂന്നാം അമ്പയര്‍ ബ്രൂസ് ഓക്‌സന്‍ ഫോര്‍ഡ് ചുവന്ന വെളിച്ചം തെളിയിച്ചു. ഇതുകണ്ട് പവലിയനിലേക്ക് മടങ്ങിയ ഹസിയെ പെട്ടെന്ന് ഫീല്‍ഡ് അമ്പയര്‍ പിറകെ ചെന്നു തിരിച്ചു വിളിച്ചു.

എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലായില്ല. പിന്നീട് ചിരിയോടെ ക്രീസിലേക്ക് മടങ്ങി വരുന്ന ഹസിയെ ആണ് കണ്ടത്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ച ഇന്ത്യന്‍ താരങ്ങളോട് അമ്പയര്‍ കാര്യം വിശദീകരിച്ചു. മൂന്നാം അമ്പയര്‍ക്ക് ബട്ടന്‍ മാറിപ്പോയി. പച്ച ബട്ടനുപകരം അറിയാതെ അമര്‍ത്തിപ്പോയത് ചുവന്ന ബട്ടന്‍. അമ്പയര്‍ക്ക് അബദ്ധം പറ്റയതാണെന്ന് വിശദീകരിച്ച അമ്പയര്‍ ഹസിയെ തുടരാന്‍ അനുവദിച്ചു.

ഇതേതുടര്‍ന്ന് ധോണി ബൗഡനടുത്തെത്തി  തന്റെ അനിഷ്്ടം പ്രകടിപ്പിച്ചു. ആകെയുള്ള രണ്ടുബട്ടനുകളില്‍ ശരിയായത് അമര്‍ത്താന്‍ മൂന്നാം അമ്പയര്‍ക്ക് സാധിക്കാതിരുന്നത് കമന്റേറ്റര്‍മാരായ രവിശാസ്ത്രിയും വസീം അക്രമും പരിഹസിക്കുകയും ചെയ്തു.  എന്തുതന്നെയായാലും ഹസിയാണ് ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന്റെ ടോപ്‌സ്‌കോററായതും മത്സരം ഓസ്‌ട്രേലിയയ്ക്ക് അനുകൂലമാക്കിയതും. കഴിഞ്ഞ മത്സരത്തില്‍ അഞ്ചു പന്തില്‍ ഓവര്‍ പൂര്‍ത്തിയാക്കിയായിരുന്നു അമ്പയര്‍മാര്‍ വിവാദം സൃഷ്ടിച്ചത്.

Malayalam News

Kerala News In English