Categories

സിഡ്‌നിയില്‍ സച്ചിന്റെ വിവാദ ഔട്ട്

സിഡ്‌നി: ഇന്നലെ സിഡ്‌നിയില്‍ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിനിടെ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍.  ഇന്ത്യന്‍ നിരയില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റണ്ണൗട്ടാണ് ഇന്നലത്തെ വിവാദങ്ങളില്‍ പ്രധാനം. ഓസ്‌ട്രേലിയ ബാറ്റ് ചെയ്തപ്പോള്‍ ഡേവിഡ് ഹസി റണ്ണൗട്ടില്‍നിന്നു രക്ഷപ്പെടാനായി പന്ത് കൈകൊണ്ടു തട്ടിയതും വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.

ഗൗതം ഗംഭീറിന്റെ വിളികേട്ട് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്നും ഓടിയ സച്ചിന് തടസം സൃഷ്ടിച്ച് ബ്രെറ്റ്‌ലീ നിന്നു. ബ്രെറ്റ്‌ലിയെ വട്ടം ചുറ്റി ഓടിയെത്തുമ്പോഴേക്കും ഫീല്‍ഡറുടെ ത്രോയില്‍ സച്ചിന്‍ പുറത്ത്.

തന്നെ തടസപ്പെടുത്തിയ ബ്രെറ്റ് ലീക്കുനേരേ കൈയുയര്‍ത്തി പ്രതിഷേധിച്ച സച്ചിനെ മടക്കിവിളിക്കാനുള്ള മാന്യത ഓസ്‌ട്രേലിയന്‍ ടീമംഗങ്ങള്‍ക്കുണ്ടായിരുന്നില്ല. അല്‍പനേരത്തെ ചര്‍ച്ചയ്ക്കുശേഷം അമ്പയര്‍മാരായ സൈമണ്‍ ടോഫലും ബില്ലി ബൗഡനും സച്ചിനെതിരേ വിധിയെഴുതിയതോടെ നിരാശനായി സച്ചിന്‍ മടങ്ങി. 15 പന്തില്‍ 14 റണ്‍സെടുത്തു നില്‍ക്കെയുള്ള സച്ചിന്റെ പുറത്താകല്‍ ഇന്ത്യന്‍ നിരയെ മാനസികമായി തകര്‍ക്കുകയും ചെയ്തു.

മത്സരശേഷം നടന്ന പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള ബ്രെറ്റ്‌ലീക്കെതിരേ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു
സച്ചിന്റെ വഴി മനപൂര്‍വം മുടക്കുകയായിരുന്നു ലീയുടെ ലക്ഷ്യമെന്ന് ധോണി ചൂണ്ടിക്കാട്ടി. പോയിന്റ് ഫീല്‍ഡറുടെ സമീപത്തേക്ക് ഓടിയടുക്കുന്ന രീതിയില്‍ സച്ചിനു മുന്നില്‍ക്കയറിനിന്ന ലീയുടെ നടപടി ന്യായീകരിക്കാന്‍ കഴിയില്ല. ലീയുടെ ഈ പ്രവൃത്തിമൂലം സച്ചിന് ക്രീസില്‍ ബാറ്റെത്തിക്കാന്‍ അല്‍പദൂരംകൂടി താണ്ടേണ്ടിവന്നു. സ്വാഭാവികമായും അത് അദ്ദേഹത്തിന്റെ റണ്ണൗട്ടില്‍ കലാശിക്കുകയും ചെയ്തു.-അദ്ദേഹം വ്യ്ക്തമാക്കി.

ഓസ്‌ട്രേലിയയുടെ ബാറ്റിംഗിനിടെ ഡേവിഡ് ഹസി റണ്ണൗട്ടില്‍നിന്നു രക്ഷപ്പെടാനായി പന്ത് കൈ കൊണ്ടു തട്ടിയ സംഭവവും ഏതാണ്ട് ഇതിന് സമാനമായിരുന്നു. റെയ്‌നയുടെ നേരിട്ടുള്ള ഏറ് വിക്കറ്റില്‍ കൊള്ളാതിരിക്കാനായി കൈകൊണ്ടുതടുക്കുകയായിരുന്നു ഹസി ചെയ്തത്. ഈ സംഭവത്തില്‍ ഹസിയെ പുറത്താക്കാതിരുന്ന ബൗഡന്റെ തീരുമാനവും തെറ്റായിരുന്നു.

ശരീരത്തില്‍ ഏറുകൊള്ളാതിരിക്കാനായി സ്വയം പ്രതിരോധിച്ചതാണെന്നു ചൂണ്ടിക്കാട്ടി ഹസിയെ അമ്പയര്‍മാര്‍ രക്ഷിച്ചതും സംശയാസ്പദമാണ്. സമാനരീതിയില്‍ പാക്താരം ഇന്‍സമാമിനെ പുറത്താക്കിയ സംഭവവും ധോണി ചൂണ്ടിക്കാട്ടി.24ാം ഓവറില്‍ അരങ്ങേറിയ ഈ സംഭവത്തില്‍ ഹസി പുറത്താകാതിരുന്നതു ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണെന്നു കരുതുന്നതായും ധോണി പറഞ്ഞു.

സച്ചിന്റെ റണ്‍ഔട്ട് വിഷയത്തില്‍ അംപയറുടെ തീരുമാനത്തില്‍ നിയമപരമായി തെറ്റൊന്നുമില്ലെന്നാണ് രാജ്യാന്തര അംപയര്‍മാരായ ഡോ. കെ.എന്‍. രാഘവന്റെയും എസ്. ദണ്ഡപാണിയുടെയും അഭിപ്രായം. എന്നാല്‍ പന്ത് കൈകൊണ്ടു തടുത്ത ഡേവിഡ് ഹസിക്ക് ഔട്ട് വിധിക്കാമായിരുന്നെന്നു ഡോ. രാഘവന്‍ പറയുന്നു.

‘മനഃപൂര്‍വമാണോ മാര്‍ഗതടസം സൃഷ്ടിക്കുന്നത് എന്നതാണു പ്രധാനം. അങ്ങനെയാണെങ്കില്‍ മാത്രമേ ബാറ്റ്‌സ്മാന് അനുകൂലമായി വിധിക്കാന്‍ നിയമം അനുവദിക്കുന്നുള്ളൂ. ഇവിടെ ബ്രെറ്റ് ലീ, സച്ചിന്‍ ഓടിവരുന്നതു കാണുന്നില്ല. മനപ്പൂര്‍വം തടസം സൃഷ്ടിച്ചിട്ടില്ലെന്നു വ്യക്തം. അതുകൊണ്ടു തന്നെ ഔട്ട് വിധിക്കുക മാത്രമേ അംപയര്‍ക്കു മാര്‍ഗമുള്ളൂ. ഹസിയുടെ കയ്യില്‍ പന്തു തട്ടിയ സംഭവത്തിലും ഇതേ നിയമം തന്നെയാണ് ബാധകം.

ഓസ്‌ട്രേലിയന്‍ ടീമിന് അപ്പീല്‍ പിന്‍വലിച്ച് സച്ചിനെ തിരിച്ചുവിളിക്കേണ്ട തരം പിഴവ് ബ്രെറ്റ് ലീ ചെയ്തിട്ടുമില്ല. പക്ഷേ, ഡേവിഡ് ഹസിയുടെ കാര്യത്തില്‍ അയാള്‍ മനഃപൂര്‍വം പന്തു കൈകൊണ്ട് തടുക്കുകയായിരുന്നു എന്നാണു തോന്നിയത്. പന്തു കൈകൊണ്ടു പിടിക്കാതെ തട്ടിമാറ്റിയാലും തെറ്റ് തന്നെയാണ്. ഇന്ത്യ അപ്പീല്‍ ചെയ്യുകയും ചെയ്തിരുന്നു.’-അദ്ദേഹം വ്യക്തമാക്കി.

Malayalam News

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.