എഡിറ്റര്‍
എഡിറ്റര്‍
ഭര്‍തൃഗൃഹത്തില്‍ പീഡനം:ഭര്‍ത്താവിന്റെ മൗനം കുറ്റമെന്ന് ഹൈക്കോടതി
എഡിറ്റര്‍
Thursday 28th November 2013 11:06am

women2

കൊച്ചി: ഭാര്യയെ തന്റെ ബന്ധുക്കള്‍ പീഡിപ്പിക്കുന്നതിനെതിരെ ഭര്‍ത്താവ് മൗനം പാലിക്കുന്നത് ഭര്‍ത്താവ് നേരിട്ട് തെറ്റ് ചെയ്തതിന് തുല്യമാണെന്ന് ഹൈക്കോടതി.

ഭാര്യയുടെ മരണത്തെത്തുടര്‍ന്ന് ആത്മഹത്യാപ്രേരണാക്കുറ്റത്തിന് ഏഴ് വര്‍ഷം സെഷന്‍സ് കോടതി കഠിനതടവിന് വിധിച്ച മലപ്പുറം സ്വദേശി ഒ.എം ചെറിയാന്റെ ഹരജി തള്ളിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

കുടുംബാഗങ്ങളുടെ പീഡനത്തില്‍ മൗനം പാലിക്കുന്നത് ഭര്‍ത്താവിന്റെ ഭാഗത്ത് നിന്നുള്ള ക്രൂരതയാണെന്നും ഗൃഹത്തിനകത്ത് ഭാര്യക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കേണ്ടത് ഭര്‍ത്താവിന്റെ നിയമപരമായ ഉത്തരവാദിത്തമാണെന്നും ജസ്റ്റിസ് പി.ഭവദാസന്‍ പ്രസ്താവിച്ചു.

ഭര്‍തൃഗൃഹത്തിലെ പീഡനം ഇന്ത്യന്‍ സ്ത്രീകളുടെ വിധിയാണെന്ന സങ്കല്‍പ്പത്തെ അംഗീകരിക്കാനാവില്ല. കടമ മറന്ന ശേഷം നിരപരാധിയാണെന്നു പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും കോടതി വ്യക്തമാക്കി.

1996 ലാണ് ഹരജിക്കാരന്റെ ഭാര്യ തീ കൊളുത്തി മരിച്ചത്. ഏറെക്കാലം വിദേശത്തുണ്ടായിരുന്ന ഹരജിക്കാരന്‍ ഭാര്യയുടെ മരണസമയത്ത് നാട്ടിലുണ്ടായിരുന്നു.

മരണത്തെത്തുടര്‍ന്ന് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിനും സ്ത്രീധനപീഡനത്തിനും കേസെടുക്കുകയും ഹരജിക്കാരനെ ഏഴുവര്‍ഷം കഠിനതടവിനും 25,000 രൂപ പിഴയടയ്ക്കാനും മാതാവുള്‍പ്പെടെ രണ്ടുപേര്‍ക്ക് രണ്ടുവര്‍ഷം വീതം തടവിനും മഞ്ചേരി അഡീ.സെഷന്‍സ് കോടതി വിധിച്ചിരുന്നു.

ഇതിനെതിരെയാണ് ഹരജിക്കാരന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

Advertisement