ശ്രീനഗര്‍: ആയിരക്കണക്കിന് തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ അടക്കിയ അജ്ഞാത കുഴിമാടങ്ങളെക്കുറിച്ചുള്ള ചുരുളഴിക്കാന്‍ അണ്ണാ ഹസാരെയുടെ സഹായം തേടുന്നു. ഹുറിയത്ത് കോണ്‍ഫ്രന്‍സ് പാര്‍ട്ടിയാണ് കുഴിമാടങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്താന്‍ ഹസാരെയോട് സഹായമഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്ക് മുന്‍പാണ് തിരിച്ചറിയപ്പെടാത്ത 2,156 മൃതദേഹള്‍ അടക്കിയ 38 ശവക്കുഴികള്‍ വടക്കന്‍ കാശ്മീരിലുള്ളതായി മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഞങ്ങള്‍ പ്രതീക്ഷയറ്റ ജനങ്ങളാണ്, ബാക്കിയുള്ള പ്രതീക്ഷകളെ ഞങ്ങള്‍ അണ്ണാ ഹസാരെയില്‍ അര്‍പ്പിക്കുകയാണ്. ജനലോക്പാല്‍ ആവശ്യപ്പെട്ട് അദ്ദേഹം നടത്തിയത് പോലുള്ള ഒരു സമരം ഇക്കാര്യത്തില്‍ അദ്ദേഹത്തില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയാണ്-പാര്‍ട്ടി അധ്യക്ഷന്‍ സയ്യിദ് മിര്‍വായിസ് ഉമര്‍ ഫാറൂഖ് പറയുന്നു. ഔദ്യോഗികമായി സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള കത്ത് ഹസാരെക്ക് അയക്കാനുള്ള നീക്കത്തിലാണിവര്‍. എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങളുടെ പ്രത്യേക യോഗം അടുത്ത ദിവസം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

സുരക്ഷാ സൈനികരുടെ കസ്റ്റഡിയിലായ 9,000 ആളുകളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് മിര്‍വായിസ് ഉമര്‍ ഫാറഖ് പറയുന്നു. അവരെല്ലാം എവിടെയാണെന്ന് യാതൊരു വിവരവുമില്ല. രാജ്യാന്തര ഏജന്‍സി മുഖേനെയുള്ള നിഷ്പക്ഷമായ അന്വേഷണമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കശ്മീരില്‍ അജ്ഞാത കുഴിമാടങ്ങളുണ്ടെന്നും അവ കണ്ടെത്തണമെന്നും ചൂണ്ടിക്കാട്ടി കശ്മീരിലെ കാണാതായവരുടെ രക്ഷിതാക്കളുടെ കൂട്ടായ്മ (എ. പി. ഡി. പി) പല വിവരങ്ങളും പുറത്തുവിട്ടതോടെ 2009 ല്‍ സര്‍ക്കാര്‍ അന്വേഷണ സമിതിക്ക് രൂപം നല്‍കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കുഴിമാടങ്ങളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നടന്നത്.