ന്യൂയോര്‍ക്ക്: മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗതയില്‍ അമേരിക്കയുടെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വീശിയടിച്ച ‘ഐറിന്‍ ചുഴലിക്കൊടുങ്കാറ്റ്’ കനത്ത നാശം വിതച്ചു. കനത്ത മഴയിലും കാറ്റിലും അഞ്ച് പേര്‍ മരിച്ചു. കരോലീനയില്‍ മൂന്നും, വെര്‍ജീനയിലും ഫ്‌ളോറിഡയിലും ഓരോരുത്തരുമാണ് മരിച്ചത്.

കാറ്റിനും മഴയ്ക്കുമൊപ്പമുണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന പത്ത് ലക്ഷത്തോളം ആളുകളോട് സുരക്ഷിതസ്ഥലത്തേക്ക് മാറിതാമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിമാന സര്‍വ്വീസുകള്‍ വ്യാപകമായി തടസ്സപ്പെട്ടു. എണ്ണായിരത്തോളം വിമാനങ്ങള്‍ ഇതിനകം റദ്ദാക്കിയിട്ടുണ്ട്. തീവണ്ടി ഗതാഗതവും റോഡ് ഗതാഗത സംവിധാനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. നിരവധി സംസ്ഥാനങ്ങളിലെ വൈദ്യുതി ബന്ധം വിഛേധിക്കപ്പെട്ടു.

ഭീഷണി ശക്തമായതോടെ ഏഴ് സംസ്ഥാനങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.  ജനങ്ങളോട് ജാഗ്രതപാലിക്കാന്‍ പ്രസിഡന്റ് ബറാക് ഒബാമ ആഹ്വാനം ചെയ്തു. ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് അവധിക്കാലയാത്ര വെട്ടിച്ചുരുക്കി മസാച്യുസെറ്റ്‌സില്‍നിന്നും ഒബാമ തിരിച്ചെത്തുകയായിരുന്നു.

മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് അമേരിക്കന്‍ തീരങ്ങളിലേക്ക് വീശിയടിക്കുന്നതെന്ന് യു.എസ് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കുറച്ചുകൂടി ശക്തി വര്‍ധിക്കാന്‍ സാധ്യയുണ്ടെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി.

നോര്‍ത്ത് കരോലിന മുതല്‍ ന്യൂയോര്‍ക്ക് വരെയുള്ള മേഖലയില്‍ പലയിടത്തും ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഡെലവേര്‍, മേരിലന്‍ഡ്, ന്യൂജര്‍സി, ന്യൂയോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞ് പോവാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  കരീബിയന്‍ മേഖലയില്‍ ഇതിനകം നാശം വിതച്ച ചുഴലിക്കൊടുങ്കാറ്റ്, ബഹാമസ് കടന്നാണ് ഇപ്പോള്‍ യു.എസ്.തീരത്ത് നാശം വിതക്കുന്നത്.