ന്യൂദല്‍ഹി: ദല്‍ഹി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബംഗ്ലാദേശി ഭീകരസംഘടയായ ഹര്‍ക്കത്തുള്‍ ജിഹാദി(ഹുജി) ഇ മെയില്‍ സന്ദേശം അയച്ചു. മാധ്യമങ്ങള്‍ക്കാണ് സന്ദേശം ലഭിച്ചത്. ഇ- മെയില്‍ സന്ദേശത്തിന്റെ ആധികാരികത അധികൃതര്‍ പരിശോധിച്ചുവരികയാണ്.

പാര്‍ലമെന്റ് അക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചാണ് സ്‌ഫോടനമെന്ന് ഇ മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുംബൈ സ്‌ഫോടനത്തിന് പിന്നിലും ഹുജിക്ക് പങ്കുണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ബംഗ്ലാദേശില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ബംഗ്ലാദേശി ഭീകരസംഘടന രാജ്യത്ത് ഭീകരാക്രമണം നടത്തിയത്.

സ്‌ഫോടനത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ദല്‍ഹി സര്‍ക്കാര്‍ നാലു ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് രണ്ടു ലക്ഷം രൂപയും സാരമായ പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ചെറിയ പരിക്കുള്ളവര്‍ക്ക് 10,000 രൂപയും ധനസഹായമായി നല്‍കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പറഞ്ഞു.

അതിനിടെ സ്‌ഫോടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഇരുപതംഗ എന്‍.ഐ.എ സംഘത്തെ ചുമതലപ്പെടുത്തി. ഡി.ഐ.ജി മുകേഷ് സിംഗിനാണ് സംഘത്തിന്റെ ചുമതല.