ചെന്നൈ: അഴിമതിക്കെതിരെ ശക്തമായ ലോക്പാല്‍ ബില്‍ എന്ന ആവശ്യമുന്നയിച്ച് സമരം നടത്തുന്ന ഹസാരെക്ക് കോളിവുഡിന്റെ പിന്തുണ. ഹസാരെ പിന്തുണച്ച് കോളിവുഡിലും കഴിഞ്ഞദിവസം നിരാഹാര സമരം നടന്നു. നടന്‍മാരും സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി പേരാണ് സമരത്തില്‍ പങ്കുചേര്‍ന്നത്.

അണ്ണ മേല്‍പ്പാലത്തിനടുത്തുള്ള ഫിലിം ചേമ്പറിന്റെ മുന്നിലാണ് സമരപ്പന്തലൊരുക്കിയത്. നടന്‍മാരായ സൂര്യ, അര്‍ജുന്‍, ചേരന്‍ സംവിധായകന്‍ പാര്‍ത്ഥിപന്‍, നടി രോഹിണി തുടങ്ങി പ്രമുഖര്‍ 8 മണിക്കൂര്‍ നീണ്ട സമരത്തില്‍ പങ്കാളികളായി.

ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായി സമരത്തില്‍ പങ്കെടുത്ത് കൊണ്ട് സൂര്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഴിമതി നേരിടാന്‍ ശക്തമായ സംവിധാനം ഇപ്പോഴില്ല. അങ്ങനെയൊരൂു നിയമമുണ്ടാവേണ്ടത് ഇന്ന് അത്യാവശ്യമാണെന്നും സൂര്യ വ്യക്തമാക്കി.

അഴിമതിക്കാര്‍ കാരണം സാധാരണക്കാര്‍ക്ക് അവരര്‍ഹിക്കുന്ന ആനുകൂല്യം സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നില്ലെന്ന് നടന്‍ അര്‍ജുന്‍ പറഞ്ഞു. അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ ഒരാളുണ്ടാവുന്നത് നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആദ്യമായാണ് അഴിമതിക്കെതിരെ ഇതുപോലൊരു നീക്കമുണ്ടാകുന്നത് എന്നതിനാല്‍ ഹസാരെ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്ന് ചേരന്‍ വ്യക്തമാക്കി.

ചികിത്സകഴിഞ്ഞ് വിശ്രമത്തിലായതിനാല്‍ സൂപ്പര്‍സ്റ്റാര്‍ രജനി സമരത്തിനെത്തിയിട്ടില്ല. എങ്കിലും ഹസാരെക്കും തന്റെ സഹപ്രവര്‍ത്തകര്‍ക്കും രജനി പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്.

ഷൂട്ടിംങ് തിരക്കിലായതിനാല്‍ പലര്‍ക്കും സമരത്തില്‍ പങ്കെടുക്കാനായിട്ടില്ല. എങ്കിലും തമിഴ് താരസംഘടനയും, സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയും, പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലുമെല്ലാം പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ഹസാരെയോട് അനുഭാവം പ്രകടിപ്പിച്ച വ്യാപാരികളുടെ സംഘടനയായ വണികര്‍സംഘം കടകള്‍ അടച്ചിട്ട് പ്രതിഷേധിച്ചു.