എഡിറ്റര്‍
എഡിറ്റര്‍
‘ഉത്തമ സന്തതി മുതല്‍ ബീഫ് നിരോധനവും മോദിയുടെ ലോക പര്യടനവും വരെ’; സംഘപരിവാറിന്റെ കള്ളങ്ങളും കുപ്രചരണങ്ങളും പൊളിച്ചെഴുതി ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ ഫെയ്‌സ്ബുക്ക് പേജ്
എഡിറ്റര്‍
Wednesday 12th July 2017 8:57pm

മുംബൈ: സോഷ്യല്‍ മീഡിയയിലൂടെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ ധാരാളാമാണ്. മിക്കതും സാമാന്യ ബോധത്തിനു പോലും നിരക്കാത്ത പെരും നുണകളുമായിരിക്കും. അതില്‍ മിക്കതും സോഷ്യല്‍ മീഡിയ തന്നെ കയ്യോടെ പിടിക്കാറുമുണ്ട്.

സംഘപരിവാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ കട്ടയ്ക്ക് നില്‍ക്കുന്ന ഫെയ്‌സ്ബുക്ക് പേജാണ് ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ. പാരഡിയാണ് ഇവരുടെ ആയുധം. ബി.ജെ.പിയുടേയും സംഘപരിവാറിന്റേയും പ്രചരണങ്ങളേയും ന്യായവാദങ്ങളേയെല്ലാം വേരോടെ പിഴുതെറിയുകയും നന്നായി ട്രോളുകയും ചെയ്യുന്ന ഈ പേജിന് നിരവധി ഫോളോവേഴ്‌സുമുണ്ട്.

രാജ്യത്ത് സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ-മത ചേരിതിരിവുകള്‍ കൂടുതല്‍ മൂര്‍ച്ചയേറിയതായി മാറുന്ന കാലത്ത് ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വയുടെ വിമര്‍ശനങ്ങള്‍ക്കും നല്ല മൂര്‍ച്ചയാണ്. തങ്ങളുടെ ആക്ഷേപ ഹാസ്യത്തിനെതിരെ സംഘപരിവാറും സില്‍ബന്തികളും രംഗത്തെത്തുമ്പോഴും യാതൊരു മടിയും പേടിയും കൂടാതെ മുന്നോട്ട് പോകുന്നു എന്നതാണ് ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വയുടെ പ്രത്യേകത.

തീവ്ര ദേശീയവാദിയായ ഒരു സുഹൃത്തുമായുള്ള ചൂടേറിയ സംവാദമാണ് ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വയുടെ പിറവിയ്ക്ക് കാരണമെന്നാണ് അഡ്മിന്‍ പറയുന്നത്. ആക്ഷേപഹാസ്യത്തിന് നമ്മുടെ സമൂഹത്തില്‍ പ്രധാന്യവും ആവശ്യകതയും ഏറെ കൂടി വരികയാണെന്നും അഡ്മിന്‍ പറയുന്നു.

പേജിന്റെ അഡ്മിന്‍ ആരാണെന്ന് അറിയണം എന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നിരാശപ്പെടേണ്ടി വരും. കാരണം, താന്‍ ആരെന്നു വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറല്ല. വധ ഭീഷണിയും മറ്റ് രീതിയിലുള്ള അക്രമങ്ങളും തന്നെ കാരണം. എന്നാല്‍ അഡ്മിനെ കുറിച്ചുള്ള ചില വിവരങ്ങളൊക്കെ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ആള് വിസ്‌കി വീക്ക്‌നെസ് ആയിട്ടുള്ളവനാണ്. നന്നായി വായിക്കുകയും എഴുതുകയും ചെയ്യുന്ന ആശാന് സ്വന്തമായി ബിസിനസാണ്.

മറ്റൊരു നിര്‍ണ്ണായക വിവരം അദ്ദേഹം ഒരു ഇന്‍സോമാനിയാക്കാണെന്നതാണ്. അതുകൊണ്ടാണ് നേരം പുലരുന്ന നേരത്ത് പേജില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടാനുള്ള കാരണമെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രശസ്തമായ ഹ്യൂമന്‍സ് ഓഫ് ന്യൂയോര്‍ക്ക് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പ്രചോദനമുള്‍ കൊണ്ടാണ് എച്ച്.ഒ.എച്ച് രൂപപ്പെട്ടിരിക്കുന്നത്. സമകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ ശക്തമായി തന്നെ ഇരു കൂട്ടരും നിലപാടെടുക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു.

‘ ദ ഒനിയന്‍, ദ ഡെയ്‌ലി മാഷ് തുടങ്ങിയവയുടെ ഇന്ത്യന്‍ പതിപ്പിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. അങ്ങനെയാണ് ഞാന്‍ തന്നെയാണ് തുടങ്ങി വെക്കേണ്ടതെന്ന് തിരിച്ചറിയുന്നത്.’ അഡ്മിന്‍ പറയുന്നു.

പേജില്‍ വരുന്ന പോസ്റ്റുകളില്‍ ഇന്നത്തെ രാഷ്ട്രീയത്തെ നിശിതമായി പരിഹസിക്കുന്നത് കണ്ട് പലരും ചോദിക്കാറുണ്ട് ഏത് ‘ യൂണിവേഴ്‌സിറ്റി ഓഫ് സര്‍ക്കാസത്തില്‍’ നിന്നുമാണ് അഡ്മിന്‍ ഗ്രാജുവേഷന്‍ നേടിയതെന്ന്. അതിനൊരു ഉദാഹരണമാണ് സംഘപരിവാറിന്റെ നിലപാടുകള്‍ക്ക് പിന്നിലെ കാരണങ്ങളും കാപട്യങ്ങളും പൊളിച്ചടുക്കി കൊണ്ടുള്ള പോസ്റ്റ്. മൊട്ടത്തലയനായ പ്രശസ്തമായ ബോളിവുഡ് സിനിമയിലെ വില്ലന്റെ ചിത്രത്തോടൊപ്പം കുറിച്ച വാക്കുകള്‍ ഒരേ സമയം ചിരിപ്പിക്കുന്നതും സംഘപരിവാര്‍ എന്താണെന്ന് വ്യക്തമാക്കുന്നതുമാണ്.

രണ്ട് മാസത്തിനിടയില്‍ പേജിന് ലഭിച്ചിരിക്കുന്ന ഫോളോവേഴ്‌സിന്റെ എണ്ണം 50000 ആണ്. അഡ്മിന്‍ പോലും ഇതില്‍ അമ്പരന്നു പോയി. ഓരോ പോസ്റ്റിനും 5000 ലധികം ഷെയറുകളും ലഭിക്കുന്നുണ്ട്. കുട്ടികാലത്ത് സ്വയം ചിരിക്കാന്‍ വേണ്ടി സൃഷ്ടിച്ചിരുന്ന കോമഡികളാണ് തനിക്ക് പ്രചോദനമെന്നാണ് അഡ്മിന്‍ വ്യക്തമാക്കുന്നത്.

പേജില്‍ സ്ഥിരമായി രണ്ട് കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒന്ന് ഭക്തിമാനാണ്. പേരു പോലെ തന്നെ രാജ്യ ഭക്തി തുളുമ്പുന്ന സംഘപരിവാറിന്റെ പ്രതിനിധിയാണ്. മറ്റൊന്ന് ലിബറാന്‍ഡുവാണ്. മുറിവേറ്റ ഹൃദയങ്ങളുടെ പ്രതിനിധിയാണ് ഇത്. നിത്യേനയുണ്ടാകുന്ന വാര്‍ത്തകളായിരിക്കും പേജില്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകള്‍ക്ക് ആധാരം.

‘ ആള്‍ക്കൂട്ട കൊലപാതകത്തേയും പീഡനത്തേയും കുറിച്ച് പോസ്റ്റിടുമ്പോള്‍ എന്റെ ലക്ഷ്യം ഇരകളല്ല, ഇത്രയും നീചമായ കൃത്യങ്ങള്‍ ചെയ്യുന്നവരെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന സൈക്കോകളാണ്. അവരുടെ വാദത്തെ ഇല്ലാതാക്കുകയാണ് അവര്‍ക്ക് നല്‍കേണ്ട ശിക്ഷ എന്നതാണ് എന്റെ വിശ്വാസം.’ അദ്ദേഹം വ്യക്തമാക്കുന്നു. തന്റെ വാക്കുകള്‍ പൊളിറ്റിക്കലി ഇന്‍ കറക്ട് ആണെന്ന് പറയുന്നവര്‍ ശ്രദ്ധിക്കേണ്ടത് താന്‍ അനുകരിക്കുന്നവരുടെ നിലപാടാണ് പൊളിറ്റിക്കലി ഇന്‍കറക്ട് എന്നതാണെന്നും അഡ്മിന്‍ പറയുന്നു.

രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിന് ഇന്ത്യയില്‍ വേണ്ട വേരുകളില്ലെന്നാണ് അഡ്മിന്‍ പറയുന്നത്. വിദേശ രാജ്യങ്ങളിലുള്ളതു പോലെ രാഷ്ട്രീയ ആക്ഷേപ ഹാസ്യം ലക്ഷ്യം വെച്ചു കൊണ്ടുള്ള ലേറ്റ് നൈറ്റ് ടിവി ഷോകള്‍ ഇവിടെയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാലും എച്ച്.ഒ.എച്ചിന്റെ പ്രശസ്തി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. പത്തു മിനിറ്റുകൊണ്ട് രൂപം കൊടുക്കുന്ന ഒരു പോസ്റ്റ് സൃഷ്ടിക്കുന്ന ഇംപാക്ട് വളരെ വലുതാണ്.

ആര്‍.എസ്.എസിന്റെ ആരോഗ്യ വിഭാഗമായ ആരോഗ്യ ഭാരതി ‘സുന്ദരന്മാരായ’ കുട്ടികള്‍ക്ക് ജന്മം നല്‍കാനുള്ള വിദ്യകള്‍ പ്രഖ്യാപിച്ചപ്പോള്‍ എച്ച്.ഒ.എച്ച് ഒരു പോസ്റ്റിലൂടെ അതിനെ ശക്തമായി തന്നെ പരിഹസിച്ചിരുന്നു. ആ പോസ്റ്റില്‍ ആര്‍.എസ്.എസ് വാഗ്ദാനം ചെയ്യുന്ന കസ്റ്റം മേഡ് കിഡ് ആയി ചിത്രീകരിക്കുന്നത് ഹോളിവുഡ് താരമായ റയാന്‍ ഗോസ്ലിംഗിനെയായിരുന്നു. 14000 ല്‍ അധികം ലൈക്കുകള്‍ നേടിയ പോസ്റ്റ് പിന്നീട് മാസ് റിപ്പോര്‍ട്ടിംഗ് മൂലം പിന്‍വലിക്കുകയായിരുന്നു.

ഇത്തരത്തില്‍ മാസ് റിപ്പോര്‍ട്ട് ചെയ്ത് പിന്‍വലിപ്പിച്ച പോസ്റ്റുകള്‍ വേറേയും ധാരാളമുണ്ട്. എന്നാലും ഹ്യൂമണ്‍ ഓഫ് ഹിന്ദുത്വ പോരാട്ടം തുടരുകയാണ്. ലക്ഷ്യം ഒന്നുമാത്രം സംഘപരിവാറിനെ പ്രതിരോധിക്കുക.

Advertisement