Categories

കൊച്ചി മെട്രോയ്ക്ക് വേണ്ടി മനുഷ്യ മെട്രോ

കൊച്ചി: കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ആലുവ മുതല്‍ പേട്ട വരെ പതിനായിരങ്ങള്‍ അണിനിരന്ന് മനുഷ്യ മെട്രോ തീര്‍ത്തു. 25 കിലോമീറ്റര്‍ നീളത്തിലാണ് മനുഷ്യ മെട്രോ തീര്‍ത്തിരിക്കുന്നത്.

കൊച്ചി നഗരവികസന സമിതി ചെയര്‍മാന്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷത വഹിച്ചു. പിണറായി വിജയന്‍, വൈക്കം വിശ്വന്‍, ബിനോയ് വിശ്വം, എം.എം. ലോറന്‍സ്, കെ.പി. രാജേന്ദ്രന്‍, പി.സി. തോമസ്, ടി.പി. പീതാംബരന്‍, രാമചന്ദ്രന്‍ കടന്നപ്പിള്ളി, പ്രഫ. എന്‍.എം. ജോസഫ്, വി.സുരേന്ദ്രന്‍പിള്ള എന്നിവരും ചലചിത്രമേഖലയില്‍ നിന്ന് ജോണ്‍ പോള്‍, സിദ്ദിഖ്, രഞ്ജിത്ത്, അന്‍വര്‍ റഷീദ്, അമല്‍ നീരദ്, ആഷിഖ് അബു, ബിജിബാല്‍ എന്നിവരും പങ്കെടുത്തു.

Ads By Google

സി.എന്‍. കരുണാകരന്‍, കെ.എല്‍. മോഹനവര്‍മ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജസ്റ്റിസ് ഷംസുദ്ദീന്‍, സി.പി. സുധാകരപ്രസാദ്, ഡോ. എ.എന്‍. സോമന്‍ എന്നിവരും മനുഷ്യ മെട്രോയില്‍ പങ്കുചേര്‍ന്നു.

മെട്രോ റെയില്‍ നിര്‍മാണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, നിര്‍മാണച്ചുമതല ഇ.ശ്രീധരനെ ഏല്‍പ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കൊച്ചി നഗരവികസന സമിതിയുടെ നേതൃത്വത്തില്‍ മനുഷ്യ മെട്രോ തീര്‍ത്തത്.

വൈകീട്ട് അഞ്ചോടെ റോഡിന്റെ ഇടത് വശത്ത് തീര്‍ത്ത മനുഷ്യമെട്രോയുടെ ആദ്യ കണ്ണിയായി ആലുവയില്‍ ഡോ. ടോണി ഫെര്‍ണാണ്ടസും പേട്ടയില്‍ അവസാന കണ്ണിയായി വൈക്കം വിശ്വനും അണി ചേര്‍ന്നു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ എന്നിവര്‍ ജാസ് ജംഗ്്ഷനിലാണ് മനുഷ്യ മെട്രോയ്ക്കായി അണിനിരന്നത്.