ധാക്ക: കുട്ടികളടക്കമുള്ള ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മനുഷ്യക്കടത്ത് സംഘങ്ങളും പെണ്‍വാണിഭക്കാരും ലക്ഷ്യമിടുന്നതായി മനുഷ്യാവകാശപ്രവര്‍ത്തകര്‍. സംരക്ഷണം വാഗ്ദാനം നല്‍കിയാണ് സംഘങ്ങള്‍ അഭയാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നതെന്ന് മനുഷ്യാവകാശ സംഘടനയായ ‘കെയര്‍’ ബംഗ്ലാദേശ് ഡയറക്ടര്‍ സിയ ചൗധരി പറഞ്ഞു.

ഒരുമില്ല്യണിനടുത്ത് റോഹിങ്ക്യരാണ് അഭയാര്‍ത്ഥികളായി ബംഗ്ലാദേശില്‍ എത്തിയിരിക്കുന്നത്. മേല്‍ക്കൂര പോലുമില്ലാത്ത ക്യാമ്പുകളിലാണ് പല അഭയാര്‍ത്ഥികളും കഴിയുന്നത്.

Subscribe Us:

‘ക്ലീനിങിനും വീട്ടു ജോലികള്‍ക്കുമെന്ന പേരിലാണ് അഭയാര്‍ത്ഥികളെ സമീപിക്കുന്നത്. എന്നാല്‍ കൂടുതല്‍ മോശമായ അവസ്ഥയിലേക്കാണ് സംഘങ്ങള്‍ അവരെ കൊണ്ടു പോകുന്നത്’ സിയ ചൗധരി പറയുന്നു.

 

പണം നല്‍കി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നവരുമുണ്ട്. ഇത്തരം സംഘങ്ങളെ പ്രതിരോധിക്കുന്നതിനായി സര്‍ക്കാരും സന്നദ്ധ സംഘടനകളും ശ്രമിക്കുന്നുണ്ടെന്നും സിയ ചൗധരി പറയുന്നു.

മ്യാന്‍മാര്‍ സൈന്യത്തിന്റെ ലൈംഗികാതിക്രമങ്ങളില്‍ നിന്നടക്കം രക്ഷപ്പെട്ട് വരുന്നവരാണ് ബംഗ്ലാദേശിലെത്തുന്ന അഭയാര്‍ത്ഥികള്‍. ജെന്‍ഡര്‍ വയലന്‍സുകള്‍ക്കിരയാവുകയും ദൃക്‌സാക്ഷികളാവുകയും ചെയ്ത, സഹായം ആവശ്യമായ 448,000 അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിലെ ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. ഇതില്‍ പകുതിയും 18 വയസിന് താഴെയുള്ളവരാണ്.