ചെന്നൈ: വനിതാ കോളേജിന്റെ കെട്ടിടം പണി പെട്ടന്ന് പൂര്‍ത്തീകരിക്കാന്‍ അഞ്ചു വയസ്സുക്കാരയെ നരബലി നല്‍കിയതിന് ഡി.എം.കെ നേതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി. ക്രൈം ബ്രാഞ്ച് സി.ഐ.ഡി. പോലീസാണ് ഡി.എം.കെ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗവും മധുരൈ ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ അയുബ് ഖാനെയും കൂട്ടാളികളായ മുരുകേശന്‍, പൊന്നുസ്വാമി എന്നിവരെ അറസ്റ്റ് ചെയ്തത്. നരബലിയ്ക്ക് കൂട്ടു നിന്ന ലക്ഷമിയെന്ന സ്ത്രീയെ പോലീസ് തിരഞ്ഞുവരികയാണ്.

മധുരൈ വാടിപ്പട്ടി സ്വദേശി കൊത്തന്റെ അഞ്ചു വയസ് പ്രായമുള്ള മകള്‍ രാജലക്ഷമിയെ 2011 ജനുവരി ഒന്നിന് വീടിനടുത്തുള്ള തൊഴുത്തില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ നരബലി നല്‍കിയതാവാമെന്ന് സംശയം തോന്നി ലോക്കല്‍ പോലീസ് കേസന്വേഷിച്ചിരുന്നുവെങ്കിലും എങ്ങുമെത്തിയിരുന്നില്ല.

കൊല്ലപ്പെട്ട കുട്ടിയുടെ പാദസരം മധുരൈയിലെ സ്വര്‍ണ്ണപ്പണയ സ്ഥാപനത്തില്‍ പണയം വെയ്ക്കാനായി മുരുകേശന്‍ എത്തിയതോടെയാണ് നരബലിയുടെ കഥ പുറം ലോകമറിഞ്ഞത് തുടര്‍ന്ന് മുരുകേശനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അയുബ് ഖാന്റെ നിര്‍ദേശപ്രകാരമാണ് താനും പൊന്നുസ്വാമിയും ലക്ഷമിയും ചേര്‍ന്ന് കുട്ടിയെ നരബലി നല്‍കിയതെന്ന് മുരുകേശന്‍ സമ്മതിച്ചു. അയുബ് ഖാന്‍ പുതുതായി നിര്‍മ്മിക്കുന്ന വനിതാ കോളേജിന്റെ കെട്ടിടം പണി പെട്ടന്ന് പൂര്‍ത്തീകരിക്കാന്‍ ജ്യോത്സ്യന്റെ ഉപദേശപ്രകാരമാണ് കുട്ടിയെ ബലി നല്‍കിയത്.

Malayalam News

Kerala News in English