കൊച്ചി: കോഴിക്കോട് വെടിവെപ്പുമായി ബന്ധപ്പെട്ട് പോലീസിനെ പിന്തുണച്ച് കൊണ്ട് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി കോശി. പോലീസിനെ പട്ടിയെപ്പോലെ തല്ലുമ്പോള്‍ അവര്‍ ചാകണമെന്നാണോ നിങ്ങള്‍ പറയുന്നത് എന്നാണ് ഇതുസംബന്ധിച്ച് ഒരു ചാനലിനോട് അദ്ദേഹം പ്രതികരിച്ചത്.

‘വെടിവെപ്പുമായി ബന്ധപ്പെട്ട് പോലീസിന്റെ അന്നത്തെ സാഹചര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. ടി.വിയില്‍ ദൃശ്യങ്ങളിലൂടെ മനസിലാക്കിയ കാര്യങ്ങള്‍ മാത്രമേ എന്റെ മുന്നിലുള്ളൂ. പട്ടിയെ തല്ലുന്നതുപോലെയല്ലേ ചിലര്‍ പോലീസുകാരെ തല്ലിയത്. അവര്‍ക്കും സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട് . ഇതുസംബന്ധിച്ച് ഡി.ജി.പിയും ചീഫ് സെക്രട്ടറിയും നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂ.’ ജെ.ബി കോശി പറഞ്ഞു.

‘പട്ടിയെ തല്ലുന്നത് പോലെയാണ് പോലീസിനെ തല്ലിയത്. അവര്‍ക്കും ജീവിക്കേണ്ടേ. അവര് തല്ലുകൊണ്ട് ചാവണമെന്നാണോ നിങ്ങള്‍ പറയുന്നത്? ഞാന്‍ 20 വര്‍ഷത്തിലധികം ജഡ്ജിയായിരുന്ന ആളാണ് . പഠിക്കാതെ ഒരു വിഷയത്തിലും അഭിപ്രായം പറയരുത് എന്നാണ് അതിനാല്‍ ഇതുസംബന്ധിച്ച ഡി.ജി.പിയുടെയും ചീഫ് സെക്രട്ടറിയുടേയും റിപ്പോര്‍ട്ട് പഠിച്ചശേഷമേ ഇക്കാര്യത്തില്‍ പരാമര്‍ശം നടത്താനാവൂ.’

വെടിവെപ്പ് ഉള്‍പ്പെടെ എസ്.എഫ്.ഐ മാര്‍ച്ചിനെതിരെ പോലീസ് സ്വീകരിച്ച നടപടി അനാവശ്യവും കിരാതവുമായിരുന്നുവെന്നാണ് ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.ഇ ഗംഗാധരന്‍ അഭിപ്രായപ്പെട്ടത്. പോലീസിന്റെ ഭാഗത്ത് നിന്ന് ലാത്തിചാര്‍ജ് നടത്താന്‍ പോലുമുള്ള സാഹചര്യം അവിടെയുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് നടപടിയെ ന്യായീകരിച്ചുകൊണ്ട് ചെയര്‍മാന്‍ ജെ.ബി കോശി സംസാരിച്ചത് ഈ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനകത്തുള്ള ഭിന്നത വെളിവാക്കുന്നു.