തൃശൂര്‍: പൊലീസ് കസ്റ്റഡിയില്‍ ക്രൂരപീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ദളിത് യുവാവ് വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കസ്റ്റഡി മര്‍ദ്ദനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വളരെ ഗൗരവമായാണ് മനുഷ്യാവകാശ കമ്മീഷന്‍ കാണുന്നതെന്നും ഉത്തരവില്‍ പറയുന്നു.

ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് വിനായകിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണെന്ന് കരുതിയാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസിന്റെ ന്യായീകരണം.

വിനായകന്റെ പിതാവിനെ വിളിച്ചു വരുത്തി മകന്‍ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞതായി ബന്ധുക്കള്‍ ആരോപിക്കുന്നു. മുടി വളര്‍ത്തിയതാണ് വിനായകന്‍ കഞ്ചാവ് വലിക്കുന്നതിന് ‘തെളിവായി’ പൊലീസ് ചൂണ്ടിക്കാട്ടിയത്. പിതാവിനൊപ്പെം വീട്ടിലെത്തിയ വിനായകന്‍ തൊട്ടടുത്ത ദിവസം ആത്മഹത്യ ചെയ്യുകയായിരുന്നു.

വിനായകന്‍ ആത്മഹത്യ ചെയ്തത് ചെയ്യാത്ത കുറ്റത്തിനേറ്റ ക്രൂരപീഡനത്തില്‍ മനംനൊന്താണെന്നാണ് ഒപ്പം കസ്റ്റഡിയിലായ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.

മനസാക്ഷിയെ മടുപ്പിക്കുന്ന മര്‍ദ്ദനമാണ് വിനായകന് നേരിടേണ്ടി വന്നതെന്ന് സുഹൃത്ത് ശരത്തും സി.പി.ഐ.എം ഏരിയ സെക്രട്ടറി സുല്‍ത്താനും പറഞ്ഞിരുന്നു.

പൊലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ച ശേഷം പ്രദേശത്തെ സി.പി.ഐ.എം ഏരിയ സെക്രട്ടറിയോട് തനിക്ക് സ്റ്റേഷനിലേറ്റ പൈശാചിക പീഡനത്തിന്റെ വിവരങ്ങള്‍ മരിക്കുന്നതിന് തലേദിവസം വിനായകന്‍ വെളിപ്പെടുത്തിയിരുന്നു.

മുലഞെട്ടുകള്‍ ഞെരിച്ചു പൊട്ടിച്ചും മുടിവലിച്ചു പറിച്ചും കുനിച്ച് നിര്‍ത്തി ഇടിച്ചുമാണ് പോലീസ് വിനായകിനെയും സുഹൃത്തിനെയും ചോദ്യം ചെയ്തതെന്നാണ് അദ്ദേഹം പറഞ്ഞത്.

വിനായകനെയും ശരത്തിനെയുംഒരുമിച്ചാണ് പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തത്. തൊഴില്‍, കുടുംബ പശ്ചാത്തലം, ജാതി തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മാലമോഷണം, കഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് മര്‍ദ്ദനം തുടങ്ങി. 19 കാരനായ വിനായകന്റെ തൊഴില്‍, ആധുനിക രീതിയിലുള്ള ഹെയര്‍സ്റ്റൈല്‍ തുടങ്ങിയവയായിരുന്നു പൊലീസിനെ പ്രകോപിച്ചത്.
ഭിത്തിയില്‍ ചാരിനിന്ന വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മര്‍ദ്ദിച്ചെന്നാണ് ശരത് പറയുന്നത്.