തിരുവനന്തപുരം: ഔദ്യോഗിക യാത്രയ്ക്കായി വേണ്ടിവരുന്ന പെട്രോളിന്റെ മുഴുവന്‍ ചിലവ് സര്‍ക്കാര്‍ വഹിച്ചില്ലെങ്കില്‍ സ്ഥാനം രാജിവെക്കുമെന്ന മുന്നറിയിപ്പുമായി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി കോശി. രാജിവയ്ക്കുക മാത്രമല്ല, ഇക്കാര്യം പത്രസമ്മേളനം നടത്തി പറയുമെന്നും മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ അദ്ദേഹം അറിയിച്ചു. ജെ.ബി കോശി ധനവകുപ്പിന് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നല്‍കുകയും ചെയ്തു.

Ads By Google

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന് ഹൈക്കോടതി ജഡ്ജിമാരുടെ സേവന വേതന വ്യവസ്ഥകളാണ് ബാധകം. 1956ലെ ഹൈക്കോടതി ജഡ്ജിമാര്‍ക്കുള്ള യാത്രപ്പടി സംബന്ധിച്ച നിയമപ്രകാരം മാസം 200 ലിറ്റര്‍ ഇന്ധനം മനുഷ്യാവകാശ കമ്മീഷന് അനുവദിക്കുന്നുണ്ട്. ജഡ്ജിമാര്‍ക്ക് കൂടുതല്‍ യാത്ര വേണ്ടിവരുമ്പോള്‍ അതിനുള്ള ബില്ലുകളും അനുവദിച്ച്  നല്‍കാറുണ്ട്. ഇക്കാര്യത്തില്‍ കോശിക്ക് അനുകൂലമായി ഹൈക്കോടതി രജിസ്ട്രാര്‍ നല്‍കിയ വിശദീകരണവും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കണ്ണൂര്‍, വയനാട് തുടങ്ങിയ ജില്ലകളിലെ ഉള്‍പ്രദേശങ്ങളില്‍പ്പോലും മനുഷ്യാവകാശത്തെക്കുറിച്ച് സെമിനാറുകള്‍ താന്‍ സംഘടിപ്പിക്കാറുണ്ട്. കൂടാതെ വിവിധ കോളേജുകളിലും സെമിനാറുകളില്‍ പങ്കെടുക്കുന്നു. തന്റെ യാത്രച്ചെലവ് കൂടുന്നതിനുള്ള കാരണങ്ങള്‍ അദ്ദേഹം കത്തില്‍ പറയുന്നു.

ബില്ലുകള്‍ പാസാക്കി നല്‍കിയില്ലെങ്കില്‍ ക്യാമ്പ് സിറ്റിങ്ങുകളും സെമിനാറുകളും റദ്ദാക്കുകയും ഓഫീസ് വിട്ടുള്ള പ്രവര്‍ത്തനം ഉപേക്ഷിക്കുകയും ചെയ്യുമെന്നും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മനുഷ്യാവകാശ കമ്മീഷന്റെ കത്ത് ലഭിച്ചയുടന്‍ ധനമന്ത്രി കെ.എം. മാണി അര്‍ഹമായ രീതിയില്‍ ബില്ലുകള്‍ പാസാക്കാന്‍ നിര്‍ദേശം നല്‍കി.