എഡിറ്റര്‍
എഡിറ്റര്‍
യുദ്ധ കുറ്റകൃത്യങ്ങളില്‍ അന്താരാഷ്ട്ര അന്വേഷണം; ശ്രീലങ്കക്കെതിരായ അമേരിക്കയുടെ പ്രമേയം യു.എന്‍ പാസാക്കി
എഡിറ്റര്‍
Thursday 27th March 2014 7:37pm

sreelankan-tamil

ന്യൂയോര്‍ക്ക്: ശ്രീലങ്കയിലെ യുദ്ധകുറ്റകൃത്യങ്ങളില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക കൊണ്ടുവന്ന പ്രമേയം ഐക്യരാഷ്ട്രസഭയില്‍ പാസായി. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലാണ് പ്രമേയത്തിന്‍മേലുള്ള വോട്ടെടുപ്പ് നടന്നത്.

23 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 12 രാജ്യങ്ങള്‍ ഇതിനെ എതിര്‍ത്തു. ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നത്.

മനുഷ്യാവകാശ ലംഘനങ്ങളില്‍ അന്വേഷണം നടത്തുന്ന കാര്യം ഒരു രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണെന്നും അതില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടുന്നത് ശരിയല്ലെന്നുമുള്ള നിലപാടിലാണ് ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നത്.

അമേരിക്കയാണ് മനുഷ്യാവകാശ കൗണ്‍സിലില്‍ പ്രമേയം കൊണ്ടുവന്നത്. യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ലങ്കയിലെ യുദ്ധ കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്. ശ്രീലങ്കയിലെ ആഭ്യന്തര സംഘര്‍ഷത്തിന്റെ അന്തിമഘട്ടത്തില്‍ തമിഴ് വംശജര്‍ക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി ആരോപിച്ചാണ് പ്രമേയം കൊണ്ടുവന്നത്.

അതേസമയം പ്രമേയത്തെ ശ്രീലങ്ക ശക്തമായി എതിര്‍ത്തു. സൈന്യത്തിനെതിരായ ആരോപണങ്ങളെ തള്ളിക്കളയുന്നതായി യു.എന്നിലെ ലങ്കന്‍ പ്രതിനിധി രവിനാഥ് ആര്യസിങ്കെ പറഞ്ഞു.

Advertisement