കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജെ.ബി കോശിയെ സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. മ്ലാമലയില്‍ സമരസമിതി പ്രവര്‍ത്തകരാണ് ജസ്റ്റിസ് ജെ.ബി.കോശിയെയും മറ്റു കമ്മിഷന്‍ അംഗങ്ങളെയും തടഞ്ഞത്. തുടര്‍ന്ന് സന്ദര്‍ശനം ഉപേക്ഷിച്ച് ഇവര്‍ മറ്റൊരു വഴിയിലൂടെ കൊച്ചിയിലേക്ക് മടങ്ങി.

കോട്ടയത്തുനിന്ന് എത്തിയ അദ്ദേഹത്തെ കുമിളി 66-ാം മൈലിലാണ് തടഞ്ഞത്. അംഗങ്ങളുടെ വാഹനത്തിനു ചുറ്റും സമരസമിതി പ്രവര്‍ത്തകര്‍ വലയം തീര്‍ത്തു. ഇത്രയും കാലം പ്രശ്‌നത്തില്‍ യാതൊന്നും ചെയ്യാതിരുന്ന സാഹചര്യത്തിലാണ് കമ്മിഷന്‍ അംഗങ്ങളെ തടഞ്ഞതെന്നു സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.

ജനവികാരം മാനിക്കുന്നുവെന്ന് ജെ.ബി കോശി പ്രതികരിച്ചു. പൊതു പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജി പരിഗണിച്ചാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അണക്കെട്ട് സന്ദര്‍ശിക്കാന്‍ എത്തിയത്.

അതേസമയം, കൊല്ലം-തേനി ദേശീയ പാത മ്ലാമല സമര സമിതി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇതേതുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായി തടസപ്പെട്ടു. അനവധി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് ഉപരോധ സമരം നടത്തി. കുമളി ചെക്ക് പോസ്റ്റ് ചൊവ്വാഴ്ച ഉപരോധിക്കുമെന്ന് മ്ലാമല സമരസമിതി പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ ചെക്ക് പോസ്റ്റിന് സമീപത്തേക്ക് പ്രവര്‍ത്തകരെ പോലീസ് കടത്തിവിട്ടില്ല. വന്‍ പോലീസ് സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

Malayalam News
Kerala News in English