അജിത് നായകനാകുന്ന ബില്ല 2 വിലൂടെ തമിഴകത്തിന് ഒരു പുതുമുഖത്തെ കൂടി ലഭിക്കുകയാണ്. ദല്‍ഹി സ്വദേശിയും മോഡലുമായ ഹുമ ക്യുറേഷിയാണ് ചാക്രി ടൊലെടി കണ്ടെത്തിയ പുതിയ നായിക.

നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച ഹുമ പ്രേക്ഷകര്‍ക്ക് ഇതിനകം തന്നെ പരിചിതയാണ്. അമീര്‍ ഖാനൊപ്പം സംസങ് ഗുരു മൊബൈലില്‍, ഷാരൂഖിനൊപ്പം നെറോലാക്ക് പെയ്ന്റ്‌സില്‍ ഹുമ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിനൊക്കെ പുറമേ ഐഡിയ, പിയേഴ്‌സ് സോപ്പ്, മഡേര്‍മ, ബജാജ്, ഡിസ്‌കവര്‍ മോട്ടോര്‍ ബൈക്ക്, പാര്‍ലി മൊണാകോ, എല്‍.ജി വാഷിംങ് മെഷീന്‍ എന്നിവയുടെ ക്യാമ്പയിനിങ്ങിലും ഹുമയുടെ മുഖം നിറഞ്ഞു നിന്നിരുന്നു.

ആമിര്‍ റാസ ഹുസൈന്‍, സൊഹൈല കപൂര്‍, രാഹുല്‍ പുല്‍കേശി തുടങ്ങിയ തിയ്യേറ്റര്‍ ഡയറക്ടര്‍മാരൊടൊപ്പവും ഹുമ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അനുരാഗ് കശ്യപിന്റെ ‘ഗ്യാങ്‌സ് ഓഫ് വാസ്യപൂര്‍’ എന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുകയാണ് ഹുമയിപ്പോള്‍. ശശികുമാറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സുബ്രഹ്മണ്യപുരത്തിന്റെ റീമേക്കാണിത്.

‘ബില്ല’യിലൂടെ തമിഴ് സിനിമാ രംഗത്ത് എത്താന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഹുമയിപ്പോള്‍. ബില്ലയിലെ നായിക കഥാപാത്രത്തിന് അനുയോജ്യമായ മുഖം തേടി ഒരുപാട് അലഞ്ഞതാണ്. എന്നാല്‍ ഹുമയെ കണ്ടപ്പോള്‍ ആ ടെന്‍ഷനൊക്കെ മാറുകയായിരുന്നു സംവിധായകന്‍ ചാക്രി പറയുന്നു.