എഡിറ്റര്‍
എഡിറ്റര്‍
ഹ്യൂഗോ ഷാവേസിന്റെ സത്യപ്രതിജ്ഞ ജനുവരി 10ന് നടക്കില്ല
എഡിറ്റര്‍
Saturday 5th January 2013 12:47am

കരാക്കസ്:  വെനിസ്വേലന്‍ പ്രസിഡന്റായി വീണ്ടും അധികാരത്തിലെത്തിയ ഹ്യൂഗോ ഷാവേസിന്റെ സത്യപ്രതിജ്ഞ ജനുവരി 10ന് നടക്കില്ല.

കാന്‍സര്‍ ചികില്‍സയ്ക്കായി നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് ഷാവേസ് ക്ഷീണിതനാണെന്ന് വൈസ് പ്രസിഡന്റ് നിക്കോളാസ് മധുരോ അറിയിച്ചു.

Ads By Google

ഭരണഘടനാപരമായി സത്യപ്രതിജ്ഞ നടക്കേണ്ടത് ജനുവരി 10നാണ്. അല്ലാത്ത പക്ഷം 30 ദിവസത്തിനുള്ളില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം.

ഭരണഘടനാപരമായി ജനുവരി 10ന് സത്യപ്രതിഞ്ജ ചെയ്യേണ്ടതുണ്ടെങ്കിലും പ്രത്യേക സാഹച്യത്തില്‍  ഷാവേസിന് പ്രസിഡന്റായി തന്നെ തുടരാം. നാഷണല്‍ അസംബ്ലി ചേരുന്നതിന്  മുന്‍പ് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ സുപ്രീംകോടതിക്കു മുന്‍പില്‍ ചെയ്താല്‍ മതിയെന്ന വ്യവസ്ഥയുണ്ടെന്നും മധുരോ പറഞ്ഞു.

എന്നാല്‍, ഷാവേസിന് സ്ഥാനമേല്‍ക്കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അടിസ്ഥാനരഹിതമാണെന്ന് മധുരോ പറഞ്ഞു.

പ്രസിഡന്റിന്റെ താത്കാലികമായ അഭാവത്തില്‍ വൈസ് പ്രസിഡന്റിനാണ് ഭരണച്ചുമതലയെന്ന് ഭരണഘടനയില്‍ പറയുന്നുണ്ട്. എന്നാല്‍, നിശ്ചിത ദിവസം പ്രസിഡന്റിന് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍, ദേശീയ അസംബ്ലിയുടെ തലവന്‍ ഭരണമേറ്റെടുക്കുകയും ഒരുമാസത്തിനകം പുതിയതിരഞ്ഞെടുപ്പ് നടത്തി പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയും വേണമെന്നാണ് ഭരണഘടനയിലെ നിര്‍ദേശം.

ഷാവേസിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ വിവരം നല്‍കണമെന്ന് സര്‍ക്കാരിനോട് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

അര്‍ബുദ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഗുരുതര ശ്വാസകോശ അണുബാധയാല്‍ ബുദ്ദിമുട്ടുകയാണ് പ്രസിഡന്റ് ഹ്യൂഗോ ചാവേസെന്ന് ഭരണകൂടം അറിയിച്ചു.

അമ്പത്തെട്ടുകാരനായ ചാവേസിന് ഡിസംബര്‍ 11നാണ് ക്യൂബയില്‍ നാലാമത്തെ അര്‍ബുദശസ്ത്രക്രിയ നടത്തിയത്. അതിനുശേഷമാണ് ശ്വാസകോശത്തില്‍ അണുബാധയുണ്ടായത്. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്തത്, ആരോഗ്യത്തെപ്പറ്റി അഭ്യൂഹങ്ങള്‍ പരക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

1999 മുതല്‍ വെനസ്വേലയുടെ പ്രസിഡന്റുപദത്തിലിരിക്കുന്ന ചാവേസ്, ഭരണഘടന ഭേദഗതി ചെയ്താണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്.

Advertisement