കരാകസ്: മുഅമ്മര്‍ ഗദ്ദാഫിക്കും സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനും വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചു. ടെലിവിഷന്‍ സന്ദേശത്തിലാണ് ഷാവേസ് ഇക്കാര്യം വ്യക്തമാക്കിയത്. യാങ്കികളുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കുന്ന അസദിനോട് ഐക്യദാര്‍ണ്ഡ്യം പ്രകടിപ്പിച്ചു കൊണ്ട് അദ്ദേഹത്തിന് സന്ദേശം അയച്ചതായും ഷാവേസ് പറഞ്ഞു.

കൈയ്യേറ്റത്തെയും അധിനിവേശത്തെയും ലിബിയന്‍ ജനത പ്രതിരോധിക്കുകയാണ്. സഹോദര തുല്ല്യനായ മുഅമ്മര്‍ ഗദ്ദാഫിയെ സംരക്ഷിക്കണമെന്ന് ദൈവത്തോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഗദ്ദാഫിയെ ആക്രമികള്‍ വേട്ടയാടുകയാണ്. അദ്ദേഹത്തെ വധിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ഷാവേസ് പറഞ്ഞു. ഗദ്ദാഫി എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. അദ്ദേഹം മരുഭൂമിയിലേക്ക് മാറി ആക്രമണങ്ങളെ പ്രതിരോധിക്കുകയാണെന്നാണ് കരുതുന്നത്. അതല്ലാതെ മറ്റെന്താണ് അദ്ദേഹത്തിന് ചെയ്യാന്‍ സാധിക്കുകയെന്നും ഷാവേസ് ചോദിച്ചു.

ബശര്‍ അല്‍ അസദ് തെരുവ് യുദ്ധത്തെ ധീരമായി നേരിടുകയാണ്. ഇപ്പോള്‍ തൊട്ട് സിറിയന്‍ ജനതയോടും അവരുടെ പ്രസിഡന്റും നമ്മുടെ സഹോദരനുമായ അസദിനോടും നാം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. സാമ്രാജ്യത്വ കടന്നു കയറ്റത്തെയും യാങ്കി സാമ്രാജ്യത്തെയും യൂറോപ്യന്‍ സഖ്യത്തെയും സിറിയന്‍ ജനത പ്രതിരോധിക്കുകയാണെന്നും ഷാവേസ് കൂട്ടിച്ചര്‍ത്തു.

സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ചര്‍ച്ചകള്‍ക്ക് സഹായം നല്‍കാനും പ്രോത്സാഹനം നല്‍കുന്നതിനുമായി ലാറ്റിന്‍ അമേരിക്കന്‍ മേഖലയിലെ ഇടതുപക്ഷ ഭരണമുള്ള രാജ്യങ്ങളുടെ സഖ്യം പ്രതിനിധി സംഘത്തെ സിറിയയിലേക്ക് അയക്കുമെന്നും ഷാവേസ് പ്രസ്താവിച്ചു.

2012ല്‍ വെനിസ്വേലയില്‍ പ്രസിഡന്റ് തിരഞെടുപ്പ് നടക്കാനിരിക്കെ ഷാവേസിന് ഗദ്ദാഫിയോടുള്ള ബന്ധവും അറബ് മേഖലയിലെ ഏകാധിപതികള്‍ക്ക് നല്‍കുന്ന പിന്തുണയുമാണ് എതിരാളികള്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഷാവേസിന്റെ ഏകാധിപത്യ പ്രവണതകളാണ് ഇത് വ്യക്തമാക്കുന്നതെന്നാണ് എതിരാളികള്‍ ആരോപിക്കുന്നത്. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്കിടയിലും നിലപാട് മാറ്റാന്‍ ഷാവേസ് തയ്യാറായിട്ടില്ല.