ജയ്പൂര്‍: ആല്‍വാറില്‍ പശുക്കളുമായി പോകുകയായിരുന്ന ഉമര്‍മുഹമ്മദെന്ന യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ രണ്ട് പ്രതികളെ പിടികൂടി. രാംവീര്‍ ഗുജ്ജര്‍, ഭഗ്‌വാന്‍ സിങ് എന്നിവരെയാണ് പിടികൂടിയത്.

തങ്ങള്‍ ഗോരക്ഷകരാണെന്ന് ഇരുവരും സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഗോരക്ഷകരാണ് സംഭവത്തിന് പിന്നിലെന്ന ഉമറിന്റെ കുടുംബത്തിന്റെ വാദം പൊലീസ് അംഗീകരിച്ചിരുന്നില്ല. ആക്‌സിഡന്റാണെന്ന് വരുത്തി തീര്‍ക്കാന്‍ മുഹമ്മദിന്റെ മൃതദേഹം വികൃതമാക്കിയെന്നും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.


Read more:   ഇതാണ് വിജയഭരണകാലത്തെ ഇടതുപക്ഷ രാഷ്ട്രീയമൂല്യബോധം


വെടിവെച്ചാണ് ഉമറിനെ സംഘം കൊലപ്പെടുത്തിയത്. റോഡില്‍ ആണിയിട്ട് വാഹനം പഞ്ചറാക്കിയ ശേഷമാണ് കൃത്യം നടത്തിയതെന്ന് പ്രതികള്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. വാഹനത്തില്‍ നിന്നുള്ളവര്‍ ഇങ്ങോട്ട് വെടിവെച്ചപ്പോഴാണ് തിരിച്ച് വെടിവെച്ചതെന്നും ഇവര്‍ മൊഴിനല്‍കിയിട്ടുണ്ട്.

അതേ സമയം ഉമറും വാഹാനത്തിലുണ്ടായിരുന്ന താഹിര്‍, ജാവേദ് എന്നിവരും സ്ഥിരം കാലിമോഷ്ടാക്കളാണെന്ന് പൊലീസ് പറഞ്ഞതായി ഇന്ത്യന്‍എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കറവപശുക്കളെ കൊണ്ടുപോകുകായിരുന്നെന്ന് താഹിറും ജാവേദും പറഞ്ഞു.