ന്യൂദല്‍ഹി : മുന്‍കേന്ദ്രമന്ത്രി ശാന്തിഭൂഷണെതിരെയുള്ള വിവാദ സി.ഡി കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന ആരോപണവുമായി പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. ചണ്ഡീഗഡിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയില്‍ നിന്ന് നടത്തിയ പരിശോധനാഫലം പുറത്തുവന്നിരുന്നു. സി.ഡി കൃത്രിമമായി സൃഷ്ടിച്ചതാണെന്നായിരുന്നു പരിശോധനാഫലം.

Subscribe Us:

എന്നാല്‍ പരിശോധനാ ഫലം ആവശ്യപ്പെട്ട് സുഭാഷ് അഗര്‍വാള്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഡല്‍ഹിയില്‍ നടത്തിയ പരിശോധനാ ഫലം മാത്രമാണ് അന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയത്. ചണ്ഡീഗഢിലെ റിപ്പോര്‍ട്ട് മറച്ചുവെച്ചതില്‍നിന്നുതന്നെ തന്റെ പിതാവ് ശാന്തിഭൂഷനെതിരെ ഗൂഡാലോചന നടന്നെന്നതിന് തെളിവാണ്. ഇതിനു പിന്നില്‍ സര്‍ക്കാറാണെന്ന് വ്യക്തമാണെന്നും പ്രശാന്ത് ഭൂഷന്‍ പറഞ്ഞു.

സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിംങ്, അമര്‍സിംങ് എന്നിവരുമായി ശാന്തിഭൂഷണ്‍ ഫോണില്‍ സംസാരിക്കുന്നതാണ് സി.ഡി യിലുണ്ടായിരുന്നത്. ജഡ്ജിമാരെ സ്വാധീനിക്കാന്‍ തനിയ്ക്ക് സാധിക്കുമെന്നും അതിന് പണം നല്‍കണമെന്നും ശാന്തിഭൂഷണ്‍ ആവശ്യപ്പെടുന്നതായാണ് സി.ഡി യില്‍ ഉണ്ടായിരുന്നത്. എന്നാല്‍ വിവിധ സമത്തെ സംസാരഭാഗങ്ങള്‍ കൃത്രിമമായി ചേര്‍ത്തതാണെന്നാണ് ശാന്തിഭൂഷന്റെ വാദം. എന്നാല്‍ ദല്‍ഹിയില്‍ നടത്തിയ പരിശോധനയില്‍ സി.ഡി വ്യാജമല്ലെന്ന് കണ്ടെത്തിയിരുന്നു. ചണ്ഢീഗഡില്‍ നടന്ന പരിശോധനയുടെ ഫലം എട്ടുമാസം മുന്‍പ് ദല്‍ഹി പോലീസിന് അയച്ചിരുന്നു. എന്നാല്‍ അത് പരസ്യപ്പെടുത്താന്‍ അവര്‍ തയ്യാറായിരുന്നില്ല.