വാഷിംഗ്ടണ്‍:ഭൂമിയ്ക്ക് പുറത്ത് ജീവന്റെ സാധ്യത തേടിയുള്ള മനുഷ്യന്റെ അന്വേഷണത്തിന് ഏതാണ്ട് ഫലം ലഭിച്ചെന്നു പറയാം. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ സൗരേതര ഗ്രഹങ്ങളെ തേടിയുള്ള പദ്ധതിയായ കെപ്‌ളര്‍ മിഷനാണ് ഭൗമസമാന ഗ്രഹത്തെ കണ്ടെത്തിയത്. സൗരയൂഥത്തിന് പുറത്തുള്ള ഗോളങ്ങളെ കുറിച്ച് പഠിക്കാനായി നാസ വിക്ഷേപിച്ച കെപ്ലര്‍ ടെലസ്‌കോപ്പില്‍ പതിഞ്ഞ ഗ്രഹത്തിന് ഭൂമിയുമായി വളരെ സാമ്യമുണ്ടെന്നാണ് ശാസ്ത്ര സംഘം സ്ഥിതീകരിച്ചത്.
കഴിഞ്ഞ ദിവസം ദൗത്യസംഘം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നിര്‍ണായക കണ്ടെത്തലിനെക്കുറിച്ച വിവരം പുറത്തുവിട്ടത്.  കെപ്‌ളര്‍ 22ബി എന്നാണ് അപര ഗ്രഹത്തെ താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്നത്. ഭൂമിയില്‍ നിന്ന് 600 പ്രകാശ വര്‍ഷം അകലെ കെപ്‌ളര്‍ 22 എന്ന നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന ഗ്രഹത്തിന് ഭൂമിയേക്കാള്‍ രണ്ടര മടങ്ങ് വ്യാപ്തമുണ്ട്. ഗ്രഹത്തിന്റെ കാലാവസ്ഥയാണ് ഇതിന് ഭൂമിയുമായുള്ള സാമ്യത്തിന്റെ അടിസ്ഥാനമായി കാണുന്നത്. ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ഭൂമിയുടേതിന് സമാനമായി പാറകളും ജലവുമുണ്ടെന്നാണ് കരുതുന്നത്.
നക്ഷത്രത്തില്‍ നിന്ന് ഗ്രഹത്തിലേക്കുള്ള ദൂരമാണ് കെപ്‌ളര്‍ 22ബിയെ ശ്രദ്ധേയമാക്കുന്നത്. നക്ഷത്രയൂഥത്തിലെ ജൈവയോഗ്യ മേഖലയിലാണ് ഗ്രഹം സ്ഥിതി ചെയ്യുന്നത്. ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തേക്കാള്‍ കുറവാണ് കെപ്ലര്‍ 22 ബിയും അതിന്റെ സൂര്യനും തമ്മിലുള്ള അകലവും എന്നാണ് ഗവേഷകര്‍ പറയുന്നത്.  നക്ഷത്രവും ഗ്രഹവും തമ്മില്‍ പ്രത്യേക അകലത്തിലായതിനാല്‍ അവിടെ ജീവന് നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് കെപ്‌ളര്‍ ദൗത്യ സംഘത്തിലെ ശാസ്ത്രജ്ഞരുടെ അഭിപ്രായം.

22 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് പൊതുവേ ഗ്രഹത്തിനുള്ളത്. ഇതും ജീവന് നിലനില്‍ക്കാന്‍ യോജിച്ച ഘടകമാണ്. ശാസ്ത്രലോകം ഇതിനകം ആയിരത്തില്‍ കൂടുതല്‍ സൗരേതര ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയില്‍ കുറച്ചു മാത്രമാണ് ഏതെങ്കിലും നക്ഷത്രത്തിന്റെ ഹാബിറ്റബ്ള്‍ സോണില്‍ കാണപ്പെട്ടത്. അവയില്‍ തന്നെ ജീവന് നിലനില്‍ക്കാന്‍ ഇത്രമാത്രം അനുയോജ്യമായ സാഹചര്യവും ഇല്ലായിരുന്നു. എന്നാലും കെപ്ലര്‍ 22 ബിയില്‍ ജീവന്റെ സാനിധ്യം ഉണ്ടാകുമെന്ന കാര്യത്തില്‍ സാസയിലെ ശാസ്ത്രഞ്ജര്‍ക്കിടയില്‍ത്തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ട്. എന്നിരുന്നാലും ഉപരിതലത്തെ കുറിച്ചുള്ള ഗവേഷണം പൂര്‍ത്തിയാകാതെ ഇക്കാര്യത്തില്‍ കൂടുതല്‍ ഒന്നും പറയാന്‍ കഴിയില്ലെന്നും ഒരു വിഭാഗം ശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Subscribe Us: