ന്യൂദല്‍ഹി : അന്നാഹസാരെയുടെ സമരരീതികളെ ചോദ്യം ചെയ്യാന്‍ മുന്‍കാല സഹയാത്രികര്‍ തയ്യാറെടുക്കുന്നു. ഹസാരെയുടെ ബ്ലോഗുകള്‍ കൈകാര്യം ചെയ്തിരുന്ന രാജു പരുലേക്കറാണ് ഇതിനു പിന്നില്‍. ശക്തമായ ലോക്പാല്‍ ബില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വരുന്ന 11ന് ജന്തര്‍മന്തില്‍ ഉപവാസസമരം നടത്തുന്നുണ്ട്. അന്നുമുതല്‍ മൂന്ന് ദിവസത്തേക്ക് പ്രതിഷേധമൊരുക്കാനാണ് ഇവരുടെ ശ്രമം

അന്നാഹസാരെ സംഘത്തിന്റെ നടപടികളെ തുറന്നുകാട്ടി സമരം ചെയ്യുമെന്ന്  മുന്‍കാല സഹപ്രവര്‍ത്തകനായ രാജു പറഞ്ഞു. ഇതില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ പങ്കെടുക്കും. അന്നാഹസാരെയുടെ പല പ്രവര്‍ത്തനങ്ങളെയും ചോദ്യം ചെയ്യാന്‍ ഇവര്‍ തയ്യാറെടുക്കുന്നുണ്ട്. ജന്തര്‍മന്തില്‍ ഹസാരെ എത്തുമ്പോള്‍ ആളുകളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടിവരും.

അഴിമതി, വഞ്ചന തുടങ്ങിയ കുറ്റങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള കിരണ്‍ ബേദി ഹസാരെ സംഘത്തില്‍ എങ്ങനെയാണ് തുടരുന്നതെന്നും , അഴിമതിയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആളാണെങ്കില്‍ എന്തുകൊണ്ടാണ് കിരണ്‍ബേദിയെ പുറത്താക്കാത്തതെന്നും  രാജു പരുലേക്കര്‍ ചോദിച്ചു. ഈ മാസം 23 ന് അന്നാഹസാരെ സംഘങ്ങളായ അരവിന്ദ് കെജ്‌രിവാള്‍, പ്രശാന്ത് ഭൂഷണ്‍ എന്നിവരുടെ വീടുകള്‍ ഉപരോധിക്കുമെന്നും അറിയിച്ചു.