ഹരിതവികസനം കരടു മാര്‍ഗ്ഗരേഖ

1. ആമുഖം

2.    എമര്‍ജിങ് കേരള

 


3.    കേരളത്തിലെ വനങ്ങളും വനവല്‍ക്കരണവും


വനങ്ങളുടെ ഉത്പാദനക്ഷമത വനോല്‍പ്പന്നങ്ങളുടെ വൈവിധ്യത്തിലും മറ്റ് പാരിസ്ഥിതിക സേവനങ്ങളിലൂമായി വര്‍ദ്ധിപ്പിക്കേണ്ടത് അടിയന്തിരാവശ്യമാണ്.  തടി ഉല്‍പ്പനങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതിനായിരുന്നു ഒരു കാലത്ത് വനങ്ങളെ പ്രധാനമായും ഉപയോഗിച്ചിരുന്നത്.  അന്ന് അതിന്റെ മറ്റു സേവനങ്ങള്‍, വിശിഷ്യാ പാരിസ്ഥിതിക സേവനങ്ങള്‍ പരിഗണിച്ചിരുന്നില്ല.

Ads By Google

എന്നാല്‍ വനങ്ങളുടെ പാരിസ്ഥിതിക സേവനങ്ങളും അവയുടെ മൂല്യവും സമൂഹത്തിന്റെ സ്ഥായിയായ നിലനില്‍പ്പിന് വനസംരക്ഷണത്തിന്റെ ആവശ്യവും തിരിച്ചറിഞ്ഞ ഈ കാലത്ത് അതിനനുസരിച്ച് വന നയം പരിഷ്‌കരിക്കുകയും, പുതിയ നയത്തിനനുസരിച്ച് വനം വകുപ്പിനെ സ്ഥാപനമെന്ന നിലയക്കും അതിന്റെ പ്രവര്‍ത്തനങ്ങളെയും നവീകരിക്കുകയും ചെയ്യണം.  വര്‍ദ്ധിച്ചു വരുന്ന വിപണി ആവശ്യങ്ങള്‍ക്കായി വനങ്ങളില്‍ കണ്ണുവെക്കുന്നതിനെ തടയുകയും അവശേഷിക്കുന്ന വനങ്ങളെ പൂര്‍ണ്ണമായും സംരക്ഷിക്കുകയും ചെയ്യണം.  നിലവിലുള്ള വനനയം അതേപടി തുടര്‍ന്നാല്‍ അത് കേരളീയ സമൂഹത്തില്‍ ഹ്രസ്വവും ദീര്‍ഘവുമായ പ്രത്യാഘാതങ്ങളുണ്ടാക്കും.  മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ വായു, ജലം എന്നിവയുടെ വര്‍ദ്ധിച്ച അളവിലും ഗുണത്തിലുമുള്ള ലഭ്യതയും തുടര്‍ച്ചയും ഉറപ്പുവരുത്തുന്നതാവണം വനം നയമെന്നതിനാല്‍ വികസനത്തിന്റെ പ്രാഥമിക പാഠമാവണം വനസംരക്ഷണം.


വനം നയം പരിഷ്‌കരിക്കുന്നതിനും, പ്രവര്‍ത്തനപരമായും സ്ഥാപനപരമായും വനം വകുപ്പിനെ നവീകരിക്കുയും ചെയ്യുന്നതിനും താഴെപറയുന്ന അടിയന്തിരാവശ്യങ്ങള്‍ പരിഗണിക്കണം:
1.     പ്രാദേശിക കാര്‍ഷിക, സ്ത്രീ, പരിസ്ഥിതി, ആദിവാസി സമൂഹങ്ങളുടെ വര്‍ദ്ധിച്ച പങ്കാളിത്തത്തോടെയുള്ള     വനപരിപാലനം നടപ്പാക്കണം.
2.    വനം  വകുപ്പിന്റെ മേല്‍നോട്ടത്തില്‍, കൃത്യമായ മാര്‍ഗ്ഗ-നിര്‍ദ്ദേശങ്ങളോടെ പഞ്ചായത്തുതല വന പരിപാലന സംഘം പ്രവര്‍ത്തിക്കണം.
3.    വന സംരക്ഷണവും വനവിഭവങ്ങളുടെ സംസ്‌കരണവും നടത്താന്‍ അത്യന്താധുനികവും കുറഞ്ഞ കാര്‍ബണ്‍ കാലടിയുള്ളതും പരിസ്ഥിതി സൗഹൃദവുമായ സാങ്കേതിക വിദ്യ പ്രാദേശിക വനപരിപാലന സംഘങ്ങള്‍ക്ക് വനം വകുപ്പ് ലഭ്യമാക്കണം.
4.    വനം കൊള്ള, കാട്ടുതീ, കയ്യേറ്റം, മുതലായ പ്രശ്‌നങ്ങളെ വര്‍ദ്ധിച്ച ജനപങ്കാളിത്തം വഴി തടയുക.  വനത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് ഇതിനായി നീക്കിവെയ്ക്കുക.
5.    സംസ്ഥാനത്തിന്റെ മൂന്നിലൊന്ന് ഭൂമി വനഭൂമിയായി വികസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക. നിലനില്‍ക്കുന്ന വനഭൂമിയിലെ വനേതര ഉപയോഗങ്ങള്‍ ഘട്ടം ഘട്ടമായി കുറച്ച് അവ വനങ്ങളാക്കി മാറ്റുക.
6.    സാമൂഹിക വനവല്‍ക്കരണത്തിന്റെ ഭാഗമായി വന്ന വിദേശ ഇനം മരങ്ങളെ ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരിക.  പകരം പുതുതായി നല്‍കുന്ന മരങ്ങളില്‍ ഫല വൃക്ഷത്തൈകള്‍ കൂടുതലായി ഉള്‍പ്പെടുത്തുക.
7.    എത്ര തന്നെ ജനാവശ്യം ഉയര്‍ന്നാലും റോഡു നിര്‍മ്മാണം പോലുള്ള വനേതര പ്രവര്‍ത്തികള്‍ക്ക് ഒരിഞ്ചുപോലും വനഭൂമി വിട്ടു നല്‍കരുത്.
8.    വനം    സംബന്ധിച്ച കേസുകള്‍ നടത്താന്‍ ഹൈക്കോടതിയിലും സുപ്രീം കോടതയിലും കഴിവുറ്റ ഒരു സംഘം വക്കീലന്മാരെ നിയമിക്കുക.  കേസുകള്‍ സമയബന്ധിതമായി തീര്‍ക്കണം.
9.    തോട്ടങ്ങള്‍ക്കായി വനഭൂമി പാട്ടത്തിനു നല്‍കിയതില്‍ പാട്ടക്കരാര്‍ ലംഘിച്ചവ തിരിച്ചെടുക്കുകയും അല്ലാത്തവ ഭക്ഷ്യ വിളത്തോട്ടങ്ങളായും ജൈവ വൈവിദ്ധ്യ തോട്ടങ്ങളായും മാറ്റുകയും ചെയ്യുക.
10.    എല്ലാവിധ ഇടനാടന്‍-ഹൈറേഞ്ച് പുല്‍മേടുകളും ഷോലകളും വനങ്ങളായി സംരക്ഷിക്കുക.
11.    ആനത്താരകളും മറ്റു മൃഗസഞ്ചാര പാതകളും തിരിച്ചു പിടിക്കുകയും ആവാസ വ്യവസ്ഥകള്‍ മുറിഞ്ഞു പോകുന്നത് തടയുകയും ചെയ്യുക.
12.    വയനാട് -മൈസൂര്‍ പാതയടക്കം സംരക്ഷിത വനത്തിനകത്തു കൂടിയുള്ള രാത്രികാല ഗതാഗതം അവസാനിപ്പിക്കുക.
13.    2006-ലെ സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമുള്ള ഇക്കോ സെന്‍സിറ്റീവ് സോണുകള്‍ ഓരോ വന്യ ജീവി സങ്കേതങ്ങള്‍ക്ക് ചുറ്റിനും അടിയന്തിരമായി പ്രഖ്യാപിക്കുക.
14.    ടൂറിസം അടക്കമുള്ള ഒരുവിധ പദ്ധതിക്കായും സംരക്ഷിത വനപ്രദേശങ്ങളുടെ ഉള്‍ഭാഗം വിട്ടു നല്‍കരുത്.


15.    വനം വകുപ്പിലെ വാച്ചര്‍മാരുടെയും ഗാര്‍ഡുമാരുടെയും സേവന വേതന വ്യവസ്ഥകളും ഭൗതിക സാഹചര്യങ്ങളും ഗണ്യമായി വര്‍ദ്ധിപ്പിക്കണം.  അവര്‍ക്ക് ആധുനിക ഉപകരണങ്ങളും ആയുധങ്ങളും നല്‍കണം.
16.    5 വര്‍ഷം സര്‍വ്വീസുള്ള താത്കാലിക വാച്ച്മാന്‍മാരെ, പ്രത്യേകിച്ചും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ സ്ഥിരപ്പെടുത്തുക.  നിലവിലെ പാട്ടക്കുടിശ്ശിക പിരിച്ചെടുക്കുകയും പാട്ടത്തുക വര്‍ദ്ധിപ്പിക്കുകയും ചെയ്താല്‍ ഇതിനായി പണം കണ്ടെത്താം.
17.    വനമേഖലയിലെ ആദിവാസികളെ ജീവനക്കാരാക്കി പ്രാദേശിക വന സംരക്ഷണത്തിനായി നിയമിക്കുക.
18.    പശ്ചിമഘട്ട വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണം.
19.    1980-ലെ വനസംരക്ഷണനിയമം ലംഘിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികളെടുക്കുക.
20.    കേരള വനവികസന കോര്‍പ്പറേഷനെ ഏല്‍പ്പിച്ച ഭൂമി തിരിച്ചെടുത്ത് വനമാക്കി മാറ്റിയെടുക്കുക.
21.     സംരക്ഷിത വനമേഖലകളുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുക.
22.    മനുഷ്യന്‍-വന്യജീവി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുക.
23.    വന്യജീവി വേട്ട സംബന്ധിച്ച കേസുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുക. ഇതോടനുബന്ധിച്ചുള്ള വിവരദാതാക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടിക ളെടുക്കുക.
24.    കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക.
25.    വനവിഭവ ശേഖരണത്തിന് വനസംരക്ഷണത്തിലൂന്നിയ രീതി നടപ്പിലാക്കുക.
26.    നശീകരണം നേരിട്ടുകൊണ്ടിരിക്കുന്ന അതിര്‍ത്തി വനപ്രദേശങ്ങളില്‍ ഔഷധ സസ്യങ്ങള്‍ നട്ടുപിടിപ്പിക്കുക.
27.    പ്രാദേശിക ജൈവവൈവിധ്യങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുക.

“കേരളത്തിലെ നദികള്‍” അടുത്ത പേജില്‍ തുടരുന്നു