എഡിറ്റര്‍
എഡിറ്റര്‍
സ്ഥാനമേറ്റെടുക്കും മുമ്പേ 2000 ന്റെ നോട്ടില്‍ ഉര്‍ജിത് പട്ടേലിന്റെ കയ്യൊപ്പ് വന്നതെങ്ങനെ?
എഡിറ്റര്‍
Friday 17th February 2017 5:57pm

ന്യൂദല്‍ഹി: കഴിഞ്ഞ നവംബര്‍ 8 നായിരുന്നു 500, 1000 നോട്ടുകള്‍ നിരോധിക്കുന്നതും പുതിയ 2000 നോട്ടുകള്‍ ഇറക്കുന്നതും. 2000 ന്റെ പുതിയ നോട്ടുകളില്‍ ഒപ്പ് വച്ചത് ആര്‍.ബി.ഐ ഗവര്‍ണറായ ഉര്‍ജിത് പട്ടേലായിരുന്നു. എന്നാല്‍ പുതിയ നോട്ടുകള്‍ പ്രിന്റ് ചെയ്യുന്ന വേളയില്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്നത് രഘുറാം രാജനായിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍.

2000ന്റെ നോട്ടുകള്‍ പ്രിന്റ് ചെയ്ത ആര്‍.ബി.ഐ.യുടെ പ്രസ്സുകളും പറയുന്നത് ഓഗസ്റ്റ് 22 നായിരുന്നു നോട്ടുകള്‍ പ്രിന്റ് ചെയ്യാന്‍ തുടങ്ങുന്നത് എന്നാണ്. റിസര്‍വ്വ് ബാങ്ക് തലവനായി ഉര്‍ജിത് പട്ടേലിനെ നിയമിച്ചതിന് തൊട്ടടുത്ത ദിവസമായിരുന്നു ഇത്. എന്നാല്‍ രണ്ടാഴ്ച്ചകള്‍ക്ക് ശേഷമാണ് അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. സെപ്തംബര്‍ 22ന്. ഇതിനിടിയില്‍ പ്രിന്റ് ചെയ്ത നോട്ടുകളില്‍ എങ്ങനെ ഉര്‍ജിത് ഒപ്പുവച്ചു എന്നാണ് സംശയം ഉയരുന്നത്. പ്രമുഖ ദേശീയ മാധ്യമമായി ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുതിയ നോട്ടുകളില്‍ ഒപ്പു വയ്ക്കാന്‍ രഘുറാം രാജന് അധികാരമില്ലായിരുന്നോ എന്ന കാര്യവും എന്തുകൊണ്ട് അദ്ദേഹത്തിന്റെ ഒപ്പില്ലാതെ നോട്ടുകള്‍ പുറത്തിറക്കിയെന്നും ചൂണ്ടിക്കാണിച്ച് ആര്‍.ബി.ഐയ്ക്കും ധനകാര്യ വകുപ്പിനും മെയില്‍ അയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല.


Also Read: ഇരുപത്തിയൊന്നുകാരന് യൂബറിന്റെ ജോലി വാഗ്ദാനം; ശമ്പളം 1.25 കോടി


ഡിസംബറിലാണ് 2000 ന്റെ നോട്ട് പ്രിന്റ് ചെയ്യാനുള്ള അനുമതി 2016 ജൂണ്‍ 7ന് ലഭിച്ചതായി ആര്‍.ബി.ഐ അറിയിക്കുന്നത്. ജൂണില്‍ തന്നെ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. രണ്ട് മാസത്തിന് ശേഷം ഓഗസ്റ്റ് 22നായിരുന്നു പ്രിന്റിംഗ് ആരംഭിക്കുന്നത്. പുതുക്കി ഡിസൈന്‍ ചെയ്ത 500 ന്റെ നോട്ടുകള്‍ പ്രിന്റ് ചെയ്യാന്‍ ആരംഭിച്ചത് നവംബര്‍ 23 ന് മാത്രമായിരുന്നു എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

2000 ന്റെ നോട്ടുകള്‍ മാത്രം പ്രിന്റ് ചെയ്യുകയായിരുന്നു കേന്ദ്രത്തിന്റെ മുഖ്യ ലക്ഷ്യം. 500 ന്റെ നോട്ടുകള്‍ പ്രിന്റ് ചെയ്യുന്നതില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നുമില്ല. ഇതാണ് നോട്ടു പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisement