Categories

അമ്പുകുത്തി മലയിലെ തിരുശേഷിപ്പുകള്‍

How to reach in Edakkal Caves, Wayanad

യാത്ര/പി.മുരളീധരന്‍

മീനമാസത്തിലെ സൂര്യന്‍ കത്തിജ്വലിച്ചു നില്‍ക്കുന്ന നട്ടുച്ചനേരത്താണ് ആ മലയുടെ താഴ്‌വരയില്‍ ഞങ്ങളെത്തിയത്. വീരപഴശ്ശിയുടെ കുറിച്യപ്പട അനീതിയോട് ഏറ്റുമുട്ടിയ നാട് വയനാട്.

അമ്പലവയലില്‍ നിന്ന് കിഴക്കോട്ട് നോക്കിയാല്‍ നീണ്ട് നിവര്‍ന്നു കിടക്കുന്ന അമ്പുകുത്തിമല കാണാം. ‘ അമ്പേറ്റു കിടക്കുന്ന ഒരു സ്ത്രീരൂപം പോലെ….’. വയനാട് മുട്ടില്‍ സ്വദേശി ഹമീദ് മാസ്റ്റര്‍ പറഞ്ഞത് ശരിതന്നെ. തല, ഉടല്‍, മാറിടം, കാല്‍….. ഒരു സ്ത്രീരൂപം. അനേകായിരം വര്‍ഷങ്ങളായി വയനാട്ടുകാര്‍ക്ക് അമ്പുകുത്തിമല അങ്ങനെയാണ്. ആ മലക്ക് അവരുടെ ചരിത്രവും സംസ്‌കാരവുമായി അഭേദ്യമായ ബന്ധമുണ്ട്. ആദ്യകാല മനുഷ്യാധിവാസ കേന്ദ്രമായിരുന്നു ഈ ഗിരിശൃംഗങ്ങള്‍. മഹാശില സംസ്‌കാരത്തിന്റെ തിരുശേഷിപ്പുകള്‍ ചുമലിലേറ്റി തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന മലമുടികള്‍. അമ്പുകുത്തിമലയുടെ മുകളിലാണ് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ചിത്രങ്ങളുള്ള പ്രസിദ്ധമായ എടക്കല്‍ ഗുഹ.

വയനാടിന്റെ സുഗന്ധമായ കാപ്പിയുടേയും കുരുമുളകിന്റേയും തോട്ടങ്ങള്‍. പിന്നീട് കിഴുക്കാം തൂക്കായ കയറ്റങ്ങളിലൂടെയുള്ള ഗുഹാമുഖയാത്ര ആയാസകരമായ ആരോഹണമാണ്. മീനച്ചൂടില്‍ വിയര്‍ത്തുകുളിച്ച ഞങ്ങള്‍ക്ക് അമ്പുകുത്തിമല ചുരത്തിതന്ന ഉറവയിലെ തണുത്ത ജലം ഏറെ ആശ്വാസം നല്‍കി.

മലമുകളില്‍ ഏകദേശം 90 അടി നീളവും 22 അടി വീതിയുമുള്ള വിള്ളലിനുമീതെ ഒരു കൂറ്റന്‍ പാറവീണമര്‍ന്ന് സ്വയംരൂപപ്പെട്ടതായിരിക്കണം എടക്കല്‍ ഗുഹയെന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിള്ളലിന്‍ മുകളില്‍ അമര്‍ന്ന ഇടക്കല്ലിനെ ചൊല്ലിയാണ് ഗുഹയ്ക്ക് എടക്കല്‍ എന്ന് പേരുവന്നത്. അനേകായിരം വര്‍ഷങ്ങള്‍ മുമ്പുണ്ടായ ഭൂമികുലുക്കത്തിന്റെ ഭാഗമായി രൂപപ്പെട്ട എടക്കല്‍ ഗുഹ പൊരിവെയിലില്‍ സഞ്ചാരികള്‍ക്ക് തണലും തണുപ്പും നല്‍കി അങ്ങനെ നില്‍ക്കുകയാണ്.

How to reach in Edakkal Caves, Wayanad

എടക്കല്‍ ഗുഹയുടെ ചുമരുകളില്‍ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് മനുഷ്യര്‍ കോറിയിട്ട ചിത്രങ്ങള്‍ വിസ്മയാവഹമായ കാഴ്ചയാണ്. അവരുടെ സര്‍ഗാത്മക വാസനകളും മതാനുഷ്ഠാനുങ്ങളും, ആ കല്‍ച്ചുവരുകളില്‍ കാലം മായ്ക്കാതെ സൂര്യശോഭയോടെ ഇപ്പോഴുമുണ്ട്. ബ്രഹ്മിലിപിയില്‍ ആദിമനുഷ്യര്‍ എഴുതിവച്ചകാര്യങ്ങള്‍ അന്നത്തെ ജീവിതത്തെ കുറിച്ചുള്ള വായനയാണ്.

ശിരോലങ്കാരങ്ങള്‍ അണിഞ്ഞ് മാന്ത്രികാനുഷ്ഠാനങ്ങളിലെന്നപോലെ നില്‍ക്കുന്ന സ്ത്രീപുരുഷരൂപങ്ങളും സൂര്യപ്രതീകങ്ങളും മൃഗപക്ഷി രൂപങ്ങളും ചക്രവണ്ടികളും ഉള്‍ക്കൊള്ളുന്നതാണ് എടക്കല്‍ ഗുഹാചിത്രങ്ങള്‍. പ്രാചീനമായ ഒരു അനുഷ്ഠാനത്തിന്റെ വിവരണമായിരിക്കാം ഒരു പക്ഷേ ഈ ദൃശ്യപംക്തികളെന്ന് ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നു. എടക്കല്‍ ഗുഹാചിത്രങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തിയ സ്വിസ് പണ്ഡിതനാണ് ഡോ: ടില്ലര്‍. ഈ ചിത്രങ്ങളുടെ പ്രമേയം സൂര്യരാധനയാണെന്ന് അദ്ദേഹം പറയുന്നു. നവീനശിലായുഗമാണ് ഇവയുടെ രചനാകാലമെന്ന് ടില്ലര്‍ അഭിപ്രായപ്പെടുന്നു. ബി.സി 10,000 ത്തിനും 4000നും ഇടയിലാണ് ദക്ഷിണേന്ത്യയില്‍ നവീന ശിലാസംസ്‌കൃതിയുടെ കാലം. വയനാട്ടിലെ ആദിവാസികളുടെ പാരമ്പര്യത്തിന്റെ വേരുകള്‍ ഏറ്റവും ആഴത്തിലുള്ളതാണെന്ന് എടക്കല്‍ ഗുഹാചിത്രങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തും.

ഈ ഗുഹാമുഖം ഒരു ചരിത്രവിദ്യാര്‍ത്ഥിയെ നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് കൊണ്ടുപോകും. മനുഷ്യസംസ്‌കൃതിയെ കുറിച്ചുള്ള തിരിച്ചറിവ് നല്‍കും. എന്നാല്‍ ചരിത്രബോധമില്ലാത്ത വര്‍ത്തമാനകാലത്തെ ചില ‘പൊങ്ങുമനുഷ്യര്‍’ കോറിയിട്ട വൃത്തികേടുകള്‍ എടക്കല്‍ കയറ്റത്തിലെ പാറക്കെട്ടുകളിലിരുന്ന് കൊഞ്ഞനം കുത്തുന്നതും ഞങ്ങള്‍ കണ്ടു.

ഇനിയും ഒരായിരം അടി കയറിയാല്‍ അമ്പുകുത്തിലമയുടെ ഉച്ചിയിലെത്താം. കാലൊന്നു വഴുതിയാല്‍ ആയിരമടി താഴേക്ക്…! പൊടിപോലും കണ്ടുപിടിക്കാനാവില്ല. മുകളിലെത്തിയാല്‍ മൂന്ന് സംസ്ഥാങ്ങള്‍ കണ്‍മുന്നില്‍ തെളിഞ്ഞുകാണാം. കര്‍ണാടകത്തിലെ ചാമരാജ് നഗറില്‍ നിന്ന് നായ്ക്കളുടെ കുര… തമിഴ് നാട്ടിലെ താളൂരില്‍ നിന്ന് പൂവന്‍കോഴികള്‍ കൂവുന്നു….. കേരളത്തില്‍ അങ്ങ് പടിഞ്ഞാറ് ഫാന്റം റോക്ക് തലയുയര്‍ത്തിയങ്ങനെ… നട്ടുച്ചനേരത്തും മലമുകളില്‍ ശീതളമായ കാലവസ്ഥ. ചെവിയില്‍ ഇളം കാറ്റിന്റെ മൂഴക്കം. തൊട്ടുരുമ്മിപ്പോകുന്ന വെണ്‍മേഘക്കൂട്ടങ്ങള്‍.

പകല്‍ പടിഞ്ഞാറോട്ട് ചായുന്നതിന് മുമ്പ് മലയിറങ്ങണം. ഇല്ലെങ്കില്‍ കുടുങ്ങിപ്പോകും. അമ്പലവയലിലെത്തിയപ്പോള്‍ അന്തിമയങ്ങിയിരുന്നു.

edakkal caves virtual tour

2 Responses to “അമ്പുകുത്തി മലയിലെ തിരുശേഷിപ്പുകള്‍”

  1. Ashok Kartha

    Then how Indian Civilization branded as primitive by West? Any agenda behind it?

  2. manu

    പ്രിയപ്പെട്ട മുരളിയേട്ടന്‍, തോബിയാസ്, ഒരായിരം നന്ദി…..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.