എഡിറ്റര്‍
എഡിറ്റര്‍
മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കാം
എഡിറ്റര്‍
Monday 11th June 2012 3:10pm

നമ്മുടെ ഈ കൊച്ചുജീവിതം ഒരുപാട് പ്രശ്‌നങ്ങളും സമ്മര്‍ദ്ദങ്ങളും നിറഞ്ഞതാണ്. നിരവധി പ്രശ്‌നങ്ങളെ അതിജീവിച്ച് മാത്രമേ നമുക്ക് മുന്നോട്ട് പോകാന്‍ കഴുയുള്ളു. ഒരു ദിവസം ആരംഭിക്കുന്നതുതന്നെ ഒരു പക്ഷേ ടെന്‍ഷനോടും സമ്മര്‍ദ്ദത്തോടും കൂടിയായിരിക്കും. ചെയ്യാനുള്ള കാര്യത്തെ പറ്റിയും ചെയ്തുകഴിഞ്ഞ കാര്യത്തെ കുറിച്ചുമെല്ലാം ആലോചിച്ച് ടെന്‍ഷനാണ്.

എന്നാല്‍ ചില ദിവസങ്ങള്‍ അങ്ങനെയായിരിക്കണമെന്നില്ല. അന്ന് നമുക്ക് വല്ലാത്തൊരു ഉന്മേഷവും സന്തോഷവും തോന്നും. അത് ചിലപ്പോള്‍ ആ ദിവസത്തിന്റെ പ്രത്യേകതയായിരിക്കും എന്നാണ് പലരും പറയാറ്. എന്നാല്‍ ഒരു ദിവസം മുഴുവന്‍ സന്തോഷത്തോടെ ഇരിക്കാന്‍ നമ്മള്‍ ഒരാള്‍ മാത്രം വിചാരിച്ചിട്ട് കാര്യമില്ലെന്നാണ് പറയുന്നത്.

കാരണം നമുക്ക് നമ്മളെ സ്വാധീനിക്കാന്‍ കഴിയുന്നതിനേക്കാളേറെ മറ്റുളളവര്‍ക്കാണ് നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുക. അതുകൊണ്ട് പോസിറ്റീവ് ചിന്താഗതിയുള്ള ആള്‍ക്കാരുടെ കൂടെ പരമാവധി സമയം ചിലവഴിക്കുക എന്നത് നല്ലൊരു മാര്‍ഗമാണ്.

അതുപോലെ നമ്മള്‍ നമ്മുടെ ജീവിതത്തെ താരതമ്യം ചെയ്യേണ്ടത് നമ്മളേക്കാള്‍ പ്രശ്‌നവും സമ്മര്‍ദ്ദവും അനുഭവിക്കുന്ന ഒരാളുമായിട്ടായിരിക്കണം. അപ്പോള്‍ മാത്രമേ നമ്മുടെ പ്രശ്‌നം ഒന്നുമല്ലെന്ന് നമുക്ക് തോന്നുകയുള്ളു.

അതുപോലെ തന്നെ മാനസികമായി വിഷമം തോന്നുന്ന അവസ്ഥയില്‍ നമ്മള്‍ എവിടെയാണോ ഇരിക്കുന്നത് അവിടെ നിന്നും എഴുന്നേറ്റ് മറ്റൊരിടത്തേക്ക് ചെല്ലുന്നതാവും നല്ലത്. കാരണം ആ അവസ്ഥയില്‍ നിന്നും ഒരു മാറ്റം വരുന്നത് മനസ്സിനെ കുറച്ചുകൂടി തണുപ്പിക്കും.

അതുവരെ നമ്മള്‍ ചെയ്തിട്ടില്ലാതെ എന്തെങ്കിലും പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയോ പാട്ടുകേള്‍ക്കുകയോ ചെയ്യുക. അതിനൊന്നും സാധിച്ചില്ലെങ്കില്‍ കുറച്ചുസമയം കണ്ണടച്ചിരുന്നാല്‍ തന്നെ മനസ്സിന് അത് ഏറെ ആശ്വാസം ലഭിക്കും.

ഇതിനേക്കാള്‍ എല്ലാം ഉപരി നമ്മെ അലട്ടുന്ന പ്രശ്‌നം എന്തെന്ന് മനസ്സിലാക്കുകയും അത് പരിഹരിക്കാന്‍ എന്തുചെയ്യുമെന്ന് ആലോചിക്കുകയും ചെയ്യുകയാണ് നല്ലത്. അല്ലാതെ നമ്മെ അലട്ടുന്ന പ്രശ്‌നത്തെ കുറിച്ച് വെറുതേ ഒരുപാടുകാര്യങ്ങള്‍ ചിന്തിച്ചുകൂട്ടിയിട്ട് കാര്യമില്ല. നമ്മളെ സ്‌നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു വ്യക്തിയോട് മനസ്സുതുറന്ന് സംസാരിക്കാന്‍ കഴിയുന്നതും സമ്മര്‍ദ്ദത്തെ ഒരു പരിധിവരെ ഇല്ലാതാക്കും.

Advertisement