Categories

തൊണ്ടിലും പച്ചക്കറി


ഇന്ന് നമ്മളനുഭവിക്കുന്ന എറ്റവും വലിയ പ്രതിസന്ധിയാണ് കാര്‍ഷിക മേഖലയുടെത്. വ്യാസായികവല്‍ക്കരണത്തിന്റെ അതിപ്രസരം മറ്റെല്ലാ മേഖലയെയും പോലെ തന്നെ കൃഷിയെയും തകിടം മറിച്ചുവെന്നു പറയാം. ഇന്ന് വികസനത്തിന്റെ പര്യായമായി ദ്വിതീയ-ത്രിദീയ മേഖലകള്‍ക്ക് അമിത പ്രാധാന്യം ലഭിച്ചിരിക്കുന്നു. ഭക്ഷ്യക്ഷാമം എന്നത് ഇന്ന് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോള്‍ കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്‍ഷകന്‍ മാസിക എന്നിവയുടെ സഹകരണത്തോടുകൂടി ഇന്റര്‍നെറ്റ് വായനക്കാര്‍ക്കായി ഡൂള്‍ന്യൂസ്.കോം അതിന്റെ ചരിത്രപരമായ ഇടപെടല്‍ നടത്തുന്നു…


കേരളകര്‍ഷകന്‍ / ടി.ഷൈനി

ചെടിച്ചട്ടികളിലും ചാക്കുകളിലും ടയര്‍ ഉപയോഗിച്ചും പ്രത്യേക ടാങ്കുകള്‍ നിര്‍മ്മിച്ചും കൃഷി ചെയ്യുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായ ഒരു മാര്‍ഗം അവലംബിച്ചു കൊണ്ട് മാതൃകയാവുകയാണ് തിരുവനന്തപുരത്തെ വക്കത്തുള്ള തങ്കമണി എന്ന വീട്ടമ്മ. ടെറസ്സില്‍ തൊണ്ടുനിരത്തി ചെയ്ത പച്ചക്കറി കൃഷി നൂറുമേനി വിളവെടുത്തതിന്റെ സന്തോഷത്തിലാണ് ഈ വീട്ടമ്മ.

Ads By Google

നെല്‍ക്കൃഷി ഉള്‍പ്പെടെയുള്ള കൃഷികള്‍ ചെയ്തുപോന്ന കര്‍ഷക കുടുംബത്തിലെ അംഗമാണ് ഇവര്‍. കുട്ടിക്കാലത്ത് കണ്ടുവളര്‍ന്ന കൃഷിയോടുള്ള താത്പര്യമാണ് ഇന്ന് ടെറസ്സില്‍ തൊണ്ട് നിരത്തി തന്റെ പരീക്ഷണകൃഷി നടത്തുവാന്‍ പ്രേരണയായത്.

ആകെയുള്ള 28 സെന്റ് സ്ഥലത്ത് രാസവളം, ചാണകം എന്നിവ ഉപയോഗിച്ച് വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി സ്വന്തമായി കൃഷി ചെയ്തു കൊണ്ടായിരുന്നു തുടക്കം. എന്നാല്‍ അധിക വരുമാന സ്രോതസ്സുകളെക്കുറിച്ചുള്ള അന്വേഷണം ആടുവളര്‍ത്തലിലേക്കും കോഴി വളര്‍ത്തലിലേക്കും തിരിഞ്ഞതും ഉത്പാദനത്തിലെ കുറവും പറമ്പിലെ കൃഷി ഇല്ലാതാകാന്‍ കാരണമായി.

തന്റെ കുടുംബത്തിനാവശ്യമായ പച്ചക്കറി രാസവളങ്ങളുടെയും കീടനാശിനികളുടെയും അംശമില്ലാതെ ഉത്പാദിപ്പിക്കുന്നതിനും പച്ചക്കറി വാങ്ങുന്നതിനുള്ള അധികചെലവ് ഇല്ലാതാക്കുന്നതിനും സമയം പാഴാക്കി കളയാതെ ഉപയോഗപ്രദമാക്കണമെന്നുള്ള ആഗ്രഹത്തിലാണ് ടെറസിലെ പച്ചക്കറി കൃഷി എന്ന ചിന്ത ഉദിച്ചത്.

വീട്ടില്‍ തന്നെ കോഴിവളവും ആട്ടിന്‍കാഷ്ഠവും യഥേഷ്ടം ലഭ്യമാണെന്നതും  ജൈവകൃഷിയിലുള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു.

ആദ്യം എല്ലാവരെയും പോലെ ചട്ടിയിലെ കൃഷി ആരംഭിച്ചു. എന്നാല്‍ കെട്ടിടത്തിന് ബലക്ഷയമുണ്ടാകുമെന്ന സംശയം കാരണം, ചാക്ക് വിരിച്ച് അതില്‍ കൃഷി ചെയ്തു. അപ്പോഴും ടെറസ്സിന് ചോര്‍ച്ച, ഈര്‍പ്പം എന്നീ പ്രശ്‌നങ്ങള്‍. എന്നാല്‍ ഇതുകൊണ്ടൊന്നും പിന്‍മാറാന്‍ തങ്കമണി തയ്യാറായില്ല.

ടെറസ്സിന്റെ പ്രതലവുമായി നേരിട്ട് വരാതെ എങ്ങനെ കൃഷി ചെയ്യാം എന്ന ചിന്തയാണ് വീട്ടിലെ തന്നെ മറ്റൊരു പാഴ്‌വസ്തുവായ തൊണ്ടില്‍ കൊണ്ടെത്തിച്ചത്. ആറു വര്‍ഷത്തോളമായി ടെറസ്സില്‍ തൊണ്ട് നിരത്തി വിവിധയിനം പച്ചക്കറികള്‍, മരച്ചീനി,പൈനാപ്പിള്‍, നാരകം,ചേന,ചേമ്പ്,ഇഞ്ചി തുടങ്ങി ഒരു വീട്ടിലേയ്ക്ക് ആവശ്യമായ ഇരുപത്തിരണ്ടോളം വിളകള്‍ കൃഷി ചെയ്തുവരുന്നു.

ഉള്ളി, ഉരുളക്കിഴങ്ങ് മുതലായവ മാത്രമാണ് പുറമെ നിന്ന് വാങ്ങുന്നത്. വീട്ടാവശ്യം കഴിഞ്ഞുള്ളവ വില്‍ക്കുകയും ചെയ്യുന്നു.

ഇതിലേക്കായി ആദ്യം ടെറസ്സിന്റെ പ്രതലത്തില്‍ വാട്ടര്‍ പ്രൂഫ് സിമന്റ് പൂശിയ ശേഷം ഉണങ്ങിയ തൊണ്ട് ഓരോ കഷണങ്ങളായി അടര്‍ത്തി മാറ്റിയത് ചാക്കിന്റെ വലിപ്പം അനുസരിച്ച് മലര്‍ത്തി അടുക്കുന്നു. ഇതിനു മുകളിലേക്ക് രണ്ട് വശം കീറിയ പ്‌ളാസ്റ്റിക് ചാക്ക് വിരിക്കുന്നു.

ചാക്കിനു മുകളില്‍ ചകിരിച്ചോറ്, കരിയില, ചപ്പുചവറുകള്‍ എന്നിവ ഇടുന്നു. പിന്നീട് ഒരു പാളി മേല്‍മണ്ണ് (ഒരിഞ്ചു കനത്തില്‍) ഇട്ട് ഉണങ്ങി പൊടിഞ്ഞ ചാണകം, ആട്ടിന്‍ കാഷ്ഠം, കോഴിക്കാഷ്ഠം ഉണക്കിയത് തുടങ്ങിയവ വളമായി ഇടുന്നു.

ഇങ്ങനെ തയ്യാറാക്കിയ തടത്തിലേക്ക് ആവശ്യമുള്ള പച്ചക്കറി വിത്ത്/നടീല്‍ വസ്തുക്കള്‍ പാകുന്നു. ആവശ്യാനുസരണം വെയിലും വളവും ലഭിക്കുന്നതിനാല്‍ വളരെ പെട്ടെന്ന് വളരുകയും (തറയില്‍ വളരുന്നതിന് രണ്ടാഴ്ച വ്യത്യാസത്തില്‍) കായ്ഫലം ലഭിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ആട്ടിന്‍ മൂത്രം സുലഭമായിട്ടുള്ളതിനാല്‍ നേര്‍പ്പിച്ചു തളിച്ചു കൊടുക്കുന്നതുകൊണ്ട് ചെടികള്‍ വളരെ കരുത്തോടും പെട്ടെന്നും വളരുന്നു.

പൊടിഞ്ഞ തൊണ്ടുകള്‍ക്ക് പകരം പുതിയ തൊണ്ടുകള്‍ വച്ചു കൊടുക്കാറുണ്ട്. മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കാതെ ഒഴുകിപ്പോകാന്‍ സൗകര്യം ഉണ്ടെങ്കില്‍ തൊണ്ട് പെട്ടെന്ന് നാശമാകില്ല എന്നത് തങ്കമണിയുടെ അനുഭവസാക്ഷ്യം. പൊടിയുന്ന തൊണ്ടുകള്‍ ആ തടത്തില്‍ തന്നെ വളമായി ചേര്‍ക്കുന്നു. തടങ്ങള്‍ക്കിടയില്‍ ആവശ്യത്തിന് വഴിയിട്ട് വേണം സജ്ജമാക്കേണ്ടത്.

തങ്കമണിയെ ഒരു മാതൃകയാക്കി പുതുമ നിറഞ്ഞ പരീക്ഷണങ്ങളിലൂടെ  വീട്ടാവശ്യത്തിനുള്ള പച്ചക്കറി നമ്മുടെ വീട്ടില്‍ തന്നെ ഉത്പാദിപ്പിക്കുവാനും ആരോഗ്യവും  വരുമാനവും വര്‍ദ്ധിപ്പിക്കാനും കഴിയുമെന്നതില്‍ സംശയമില്ല.
തങ്കമണിയുടെ ഫോണ്‍ നമ്പര്‍ 0470-2654261

വക്കം കൃഷി ഓഫീസറാണ് ലേഖിക


കേരളകര്‍ഷകനിലെ മറ്റ് അദ്ധ്യായങ്ങള്‍ വായിക്കൂ..