എഡിറ്റര്‍
എഡിറ്റര്‍
കലാപങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്
എഡിറ്റര്‍
Tuesday 30th May 2017 3:33pm

കലാപ ഉല്‍പാദന പ്രക്രീയയെ വിവരിക്കാന്‍ ബ്രാസ് ഉപയോഗിക്കുന്ന സംജ്ഞയാണ് Institutionalized Riot System ( I R S ). സ്ഥാപനവല്‍ക്കരിക്കപ്പെട്ട കലാപ സംവിധാനം എന്ന് വേണമെങ്കില്‍ മലയാളീകരിക്കാം .ഐ.ആര്‍.എസ്. മൂന്ന് ഘട്ടങ്ങളായിട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് പോള്‍ ബ്രാസ്സിന്റെ അഭിപ്രായം.അവ റിഹേഴ്‌സല്‍ ( തയ്യാറെടുപ്പ് ),പ്രൊഡക്ഷന്‍ (അവതരണം),പോസ്റ്റ് പെര്‍ഫോമന്‍സ് ഇന്റെര്‍പ്രെറ്റേഷന്‍ (അവതരണാന്തര വ്യാഖ്യനം ) എന്നിവയാണ് . ഇതില്‍ നമ്മുടെ കേരളീയ സാഹചര്യത്തില്‍ പ്രസക്തമായിരിക്കുന്നത് റിഹേഴ്‌സല്‍ ഘട്ടമാണ്.


 


ഒപ്പീനിയന്‍/ ജയറാം ജനാര്‍ദ്ദനന്‍


അവിടെ ജോലി ചെയ്യുന്ന കാലത്ത് ,ആഴ്ചയുടെ തുടക്കത്തില്‍ ഞാന്‍ അതിരാവിലെയാണ് കാസര്‍ഗോഡ് നഗരത്തില്‍ ബസ്സിറങ്ങുന്നത് .പിന്നെയും ഏതാനും മണിക്കൂര്‍ കൂടി യാത്ര ചെയ്താല്‍ മാത്രമേ എനിക്ക് ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് എത്താന്‍ കഴിയുമായിരുന്നുള്ളൂ .ഒന്നിലധികം പ്രാവശ്യം സംഭവിച്ചിട്ടുള്ള ഒരു കാര്യം ,അവിടെ വെളുപ്പിന് നാല് മണിക്കോ അഞ്ച് മണിക്കോ ഒക്കെ വാഹനമിറങ്ങി കഴിയുമ്പോള്‍ ആണ് അന്ന് ഹര്‍ത്താല്‍ ആണെന്ന വിവരം ഞാന്‍ അറിയുന്നത് എന്നതാണ്.

ബന്ദിനോടോ ഹര്‍ത്താലിനോടോ യാതൊരു വിരോധവും ഇല്ലാത്ത ആളാണ് ഞാന്‍ .സഞ്ചിതമായ പ്രതിഷേധം ആവശ്യമുള്ള സമയങ്ങളില്‍ അത് തന്നെയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം .പക്ഷെ കാസര്‍ഗോഡില്‍ ഞാന്‍ പെട്ടുപോയിട്ടുള്ള പല ഹര്‍ത്താലുകളുടെയും പ്രത്യേകത ,എന്ത് ആവശ്യം ,സാഹചര്യം മുന്‍നിര്‍ത്തിയാണ് പ്രസ്തുത ഹര്‍ത്താല്‍ നടത്തപ്പെടുന്നത് എന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് .മുഖ്യധാരാ മാധ്യമങ്ങള്‍ എല്ലാം ഹര്‍ത്താലിന് ആധാരമായ കാരണങ്ങള്‍ വിവരിക്കുന്നതില്‍ വിമുഖത കാണിച്ചിരുന്നു .അതിന്റെ കാരണം പിന്നീടാണ് മനസ്സിലായത് .പലപ്പോഴും മതകീയ അടിസ്ഥാനമുള്ള വിദ്വേഷത്തിന്റെ ബലമായി സംഭവിക്കുന്ന സംഘര്‍ഷങ്ങളോ കൊലപാതകമോ ആവും ഹര്‍ത്താലിന് കാരണം . പശു – പന്നി മാംസം ആരാധനാലയങ്ങളില്‍ നിക്ഷേപിക്കലാണ് അക്രമത്തിന് തുടക്കമായി പലപ്പോഴും പറഞ്ഞു കേള്‍ക്കാറ് .


Also Read: പരസ്പരം കൊമ്പുകോര്‍ത്ത് വിരാടും കുംബ്ലെയും; പ്രശ്‌നം പരിഹരിക്കാന്‍ സച്ചിനും ഗാംഗുലിയും ലക്ഷ്മണും ഇടപെടുന്നു


കാസര്‍ഗോഡ് നടക്കുന്ന ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വരാത്തതിനാല്‍ പൊതുവെ കേരളത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ ഉള്ളവര്‍ നമ്മുടെ നാട് മത സൗഹാര്‍ദത്തിന്റെ പൂങ്കാവനം ആണെന്ന് വിചാരിച്ചു നടക്കുന്നുണ്ട് .
കാസര്‍ഗോഡ് ഭാഗത്ത് സാമാന്യം നന്നായി പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു പദ്ധതി മറ്റുസ്ഥലങ്ങളിലേക്കും കൂടി വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വേണം മലപ്പുറം പൂക്കോട്ടുപാടം മഹാശിവ ക്ഷേത്രത്തില്‍ ഓടുപൊളിച്ചു കയറി വിഗ്രഹങ്ങള്‍ തകര്‍ത്ത നടപടിയെ കാണാന്‍ . മാത്രമല്ല ഈ സംഭവം കഴിഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ , ഈ സംഭവവുമായി ബന്ധപ്പെടുത്തി ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് എതിരായ പ്രചാരണം മാധ്യമങ്ങളില്‍ കൂടിയും സോഷ്യല്‍ മീഡിയയില്‍ കൂടിയും അഴിച്ചു വിട്ടിരുന്നു .ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല .അതുകൊണ്ട് തന്നെ അല്പം ആഴത്തില്‍ ഈ സംഭവം പരിശോദിക്കപ്പെടേണ്ടതുണ്ട് .

പൊളിറ്റിക്കല്‍ സയന്റിസ്‌റ് ആയ പോള്‍ ആര്‍. ബ്രാസ് ഇന്ത്യയില്‍ നടന്നിട്ടുള്ള കലാപങ്ങളെക്കുറിച്ചു വലിയ പഠനങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് .കലാപങ്ങള്‍ ,വംശഹത്യകള്‍ ,പോലീസ് നടത്തിയ കൂട്ടക്കൊലകള്‍ ,മാവോയിസ്‌റ് അക്രമങ്ങള്‍ ,വിഘടനവാദ അക്രമങ്ങള്‍ , ഭരണകൂടം നടത്തിയിട്ടുള്ള അക്രമങ്ങള്‍ എന്നിവയെല്ലാം അദ്ദേഹത്തിന്റെ വിഷയങ്ങള്‍ ആണ് .അദ്ദേഹത്തിന്റെ പഠനങ്ങളുടെ ഒരു പ്രത്യേകത , കലാപം ഉല്പാദിപ്പിക്കപ്പെടുന്ന പ്രക്രീയയെ വിവരിക്കാന്‍ അവ ശ്രമിക്കുന്നു എന്നുള്ളതാണ് .


Don’t Miss: അവസാനത്തെ തീ പടരും മുമ്പ്…


കലാപ ഉല്‍പാദന പ്രക്രീയയെ വിവരിക്കാന്‍ ബ്രാസ് ഉപയോഗിക്കുന്ന സംജ്ഞയാണ് Institutionalized Riot System ( I R S ). സ്ഥാപനവല്‍ക്കരിക്കപ്പെട്ട കലാപ സംവിധാനം എന്ന് വേണമെങ്കില്‍ മലയാളീകരിക്കാം .ഐ.ആര്‍.എസ്. മൂന്ന് ഘട്ടങ്ങളായിട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് പോള്‍ ബ്രാസ്സിന്റെ അഭിപ്രായം.അവ റിഹേഴ്‌സല്‍ ( തയ്യാറെടുപ്പ് ),പ്രൊഡക്ഷന്‍ ( അവതരണം ),പോസ്റ്റ് പെര്‍ഫോമന്‍സ് ഇന്റെര്‍പ്രെറ്റേഷന്‍ (അവതരണാന്തര വ്യാഖ്യനം ) എന്നിവയാണ് . ഇതില്‍ നമ്മുടെ കേരളീയ സാഹചര്യത്തില്‍ പ്രസക്തമായിരിക്കുന്നത് റിഹേഴ്‌സല്‍ ഘട്ടമാണ് .

റിഹേഴ്‌സല്‍ ഘട്ടത്തില്‍ കുറച്ചധികം സവിശേഷ സിദ്ധികള്‍ ഉള്ള ആളുകള്‍ പങ്കെടുക്കുന്നുണ്ട് .അതില്‍ പ്രധാനപ്പെട്ട വിഭാഗമാണ് ഫയര്‍ ടേണ്ടേഴ്സ് . കലാപം തുടങ്ങാന്‍ ആവശ്യമായ വികാരങ്ങളെ ഉത്തേജിപ്പിക്കുകയും അതിനെ ഉച്ചസ്ഥായിയില്‍ തന്നെ നിലനിര്‍ത്തുന്നതും ഇക്കൂട്ടരാണ് .കലാപത്തിനായി ഒരുക്കികൊണ്ടിരിക്കുന്ന പ്രദേശങ്ങളിലെ രാഷ്ട്രീയക്കാര്‍ ആണ് ഇതില്‍ മുഖ്യ വിഭാഗം .പ്രാദേശികമായി ഉണ്ടാകുന്ന സംഭവങ്ങളെ ഇവര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കും .ഭാവിയില്‍ ഇലക്ഷനില്‍ ഉപയോഗിക്കാവുന്ന രീതിയില്‍ സാമുദായിക മനോഭാവങ്ങളെ വളച്ചൊടിക്കാന്‍ ഈ രാഷ്ട്രീയക്കാര്‍ തയ്യാറാവും .അതായത് ഒന്നുകില്‍ ആളുകളെ തണുപ്പിച്ചു നിര്‍ത്തുക ,അല്ലെങ്കില്‍ ഉത്തേജിപ്പിച്ചു നിര്‍ത്തുക,അല്ലെങ്കില്‍ ആളിക്കത്തിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആണ് മുഖ്യമായും തിരങ്ങെടുപ്പ് നേട്ടത്തെ മുന്നില്‍ കണ്ട് ഈ വിഭാഗം ചെയ്യുക.

ബ്രാസിന്റെ അഭിപ്രായത്തില്‍ കലാപ തയ്യാറെടുപ്പ് ഘട്ടത്തില്‍ ഇടപെടുന്ന മറ്റൊരു വിഭാഗം സമൂഹത്തില്‍ മാന്യമായ നില ഉള്ള കോളേജ്-യൂണിവേഴ്‌സിറ്റി അധ്യാപകരെ പോലുള്ള ആള്‍ക്കാരാണ് .ഇവര്‍ സമാധാന പാലനത്തിന്റെ ആളുകളാണ് എന്ന് അവകാശപ്പെടും . പക്ഷെ കലാപഹേതു ആകാന്‍ സാധ്യത ഉള്ള സംഭവത്തിലേക്ക് / സംഭവങ്ങളിലേക്ക് ആവശ്യമില്ലാത്ത ശ്രദ്ധ ക്ഷണിച്ചുവരുത്തുക വഴി ഇവര്‍ പ്രശ്‌നത്തിന്റെ ഭാഗമായിമാറുന്നു .താരതമ്യേനെ ഉയര്‍ന്ന സാമൂഹിക നില ഉള്ള ഇവര്‍ രാഷ്ട്രീയക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായി മാറുന്നു .


Must Read: പ്രളയകാലത്തെ നൂഹുമാര്‍!….


ഇതിനു പുറമെ ഇത്രയൊന്നും മാന്യത ഇല്ലാത്ത വേറൊരു വിഭാഗവും കലാപ പരിശീലനത്തിന്റെ ഭാഗമാണ് .ഈ കൂട്ടര്‍ ആണ് പലതരത്തിലുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരുന്നത് . സംഭവങ്ങള്‍ നിര്‍മ്മിച്ചെടുക്കുക ,ഊതി പെരുപ്പിക്കുക ,ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുക എന്നിവയൊക്കെ ഈ വിഭാഗത്തിന്റെ പണിയാണ് .ഇക്കൂട്ടരാണ് സമൂഹത്തില്‍ പ്രാദേശിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കേണ്ട സന്ദേശങ്ങള്‍ തയ്യാറാക്കുന്നത് .പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ വാര്‍ത്തയുടെ രൂപത്തിലും പോസ്റ്ററുകളുടെ രൂപത്തിലും ഇവ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നു .മിക്കവാറും കലാപത്തിന് കാരണമായേക്കാവുന്ന വാര്‍ത്തകള്‍ ആയിരിക്കും ഇവര്‍ പ്രചരിപ്പിക്കുക .ഉദാഹരണത്തിന് ഹിന്ദു പെണ്‍കുട്ടി മുസ്ലിം ചെറുപ്പക്കാരന്റെ കൂടെ ഒളിച്ചോടിപ്പോയി,ആരാധനാലയം ,ശ്മശാനം എന്നിവയുടെ പേരില്‍ വിവിധ മത വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ,ഉത്സവങ്ങളോട് അനുബന്ധിച്ചുള്ള ഘോഷയാത്രകള്‍ , പശു – പന്നി മാംസം ആരാധനാലയ പരിസരത്തു കാണപ്പെടല്‍ എന്നിവയൊക്കെ ഒരു കലാപം സംഘടിപ്പിക്കാന്‍ പറ്റുന്ന തലത്തിലേക്ക് വാര്‍ത്തകളും സന്ദേശങ്ങളും ആയി വിന്യസിക്കുന്നത് ഇക്കൂട്ടരാണ് .

കലാപ ആസൂത്രണത്തില്‍ ബ്രാസ് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു വിഭാഗം പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ ആണ് .ബ്രാസ്സിന്റെ അഭിപ്രായത്തില്‍ ഇവര്‍ രാഷ്ട്രീയമായി കുറച്ചുകൂടി പരിഷ്‌കാരം ഉള്ളവരായിരിക്കും .കലാപസാധ്യതയിലേക്കു വളര്‍ത്തിക്കൊണ്ടു വരാന്‍ കഴിവുള്ള പ്രാദേശിക സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തല്‍ ,അവയെ വളര്‍ത്തിക്കൊണ്ട് വരല്‍ ഒക്കെ ഇക്കൂട്ടരുടെ പണിയാണ് .പാര്‍ട്ടിയില്‍ ഉയര്‍ച്ച ആഗ്രഹിക്കുന്നതോ ,അല്ലങ്കില്‍ തിരഞ്ഞെടുക്കപ്പെട്ട നേതാവിന് ഉപയോഗമുള്ള ആളായിരിക്കാന്‍ ആഗ്രഹിക്കുന്ന ആളായിരിക്കും ഇത്തരം പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകന്‍ .തര്‍ക്കമുള്ള ഒരു സ്ഥലത്ത് പെടുന്നനെ വിഗ്രഹം പ്രത്യക്ഷപ്പെടുക പോലുള്ള കാര്യങ്ങളുടെ പിന്നില്‍ ഇത്തരം ആളുകള്‍ ആയിരിക്കും പ്രവര്‍ത്തിച്ചിട്ടുണ്ടാകുക .


Also Read: ‘ട്രക്ക് ഇടിപ്പിച്ചു മലയാളികളെ കൊല്ലുന്ന തമിഴരോ? ‘ രണ്ട് യാത്രികര്‍ എഴുതുന്നു


കലാപ പരിശീലനത്തിന്റെ ഭാഗമായി സംഭവിക്കുന്ന വേറൊരു കാര്യം ബ്രാസ്സ് സൂചിപ്പിക്കുന്നത് രസകരമാണ് .കലാപം നടക്കാന്‍ പോകുന്നു എന്നൊരു ബില്‍ഡ് അപ്പ് ഉണ്ടാകേണ്ടതുണ്ട് . അത്തരമൊരു പ്രതീക്ഷ നിലനിര്‍ത്താന്‍ പുറമെ നിന്നുള്ള ശ്രദ്ധ ഈ പ്രദേശത്തേക്ക് ഉണ്ടാകേണ്ടതുണ്ട് .ചുറ്റുമുള്ള പ്രദേശങ്ങളിലോ , നഗരത്തിലോ ,സംസ്ഥാന തലത്തിലോ തന്നെ ഈ പ്രദേശത്ത് കലാപം ഉണ്ടാകും എന്ന രീതിയിലുള്ള ബില്‍ഡ് അപ്പ് ഉണ്ടാക്കണം .ഇവിടെയാണ് മീഡിയയുടെ റോള്‍ ബ്രാസ്സ് കാണുന്നത് .പ്രാദേശിക മഞ്ഞപത്രങ്ങളില്‍ തുടങ്ങി ,സംസ്ഥാനതലത്തിലുള്ള പത്രങ്ങളിലൂടെ ആത്യന്തികമായി ഇംഗ്ലീഷ് മാധ്യമങ്ങളിലൂടെ ദേശിയ തലത്തില്‍ ശ്രദ്ധ പിടിച്ചെടുക്കുകയാണ് ഈ ഘട്ടത്തില്‍ നടക്കുന്നത് .

കുറച്ചുകാലമായി കേരള രാഷ്ട്രീയം നിരീക്ഷിക്കുന്ന ആര്‍ക്കും മനസിലാക്കാന്‍ കഴിയുന്ന കാര്യമാണ് ഇവിടെ സംഘ് പരിവാര്‍ നടത്തുന്ന അഗ്രസ്സീവ് ആയ ഇടപെടലുകള്‍ .പത്ത് ശതമാനം വോട്ട് ഇപ്പോള്‍ അനായാസമായി ശേഖരിക്കാന്‍ കഴിയുന്നുണ്ട് . തദ്ദേശീയ ഭരണസ്ഥാപങ്ങളിലും , നിയമസഭയില്‍ തന്നെയും പ്രാതിനിത്യം ഉണ്ടായിക്കഴിഞ്ഞു . ദേശീയതലത്തിലും സംസ്ഥാന തലത്തിലും അത്യധികമായ മാധ്യമ പരിലാളന അവര്‍ക്ക് കിട്ടുന്നുണ്ട് .സംഘ് പരിവാറിന് ഉപയോഗപ്പെടുത്തുവാന്‍ കഴിയുന്ന സാമൂഹിക മനോഭാവങ്ങള്‍ ശക്തിപ്പെടുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . അതുകൊണ്ട് തന്നെ വലിയ രാഷ്ട്രീയ ജാഗ്രത ആവശ്യമുള്ള സമയമാണ് ഇടതു പക്ഷത്തിന്.

 

Advertisement