എഡിറ്റര്‍
എഡിറ്റര്‍
ഭക്ഷണം വെറുതെ പൊതിഞ്ഞെടുത്താല്‍ മതിയോ?
എഡിറ്റര്‍
Thursday 21st November 2013 4:00pm

tiffin-box

ഭക്ഷണം പൊതിഞ്ഞെടുക്കുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ ഓര്‍മ്മയില്‍ വരുന്നത് വാട്ടിയ വാഴയില ആയിരിക്കും അല്ലേ. പൊതിച്ചോര്‍ എന്നാല്‍ അത് വാഴയില പൊതി തന്നെയായിരുന്നു ഒരിക്കല്‍. ചോറിന്റെയും കറികളുടെയും ഇലയുടെയും ഹൃദ്യമായ മണം മാത്രം മതിയായിരുന്നു പാതി വിശപ്പ് മാറാന്‍.

മലയാളികള്‍ മാത്രമല്ല ലോകത്ത് പല ഭാഗത്തും വാഴയില ഇതിനായി ഉപയോഗിച്ചിരുന്നു. ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. വാട്ടിയ വാഴയിലയുടെ അത്രയും സൗകര്യപ്രദവും ചെലവു കുറഞ്ഞതും ഒതുക്കവും വഴക്കവുമുള്ളതും പ്രകൃതിദത്തവും ചെലവ് കുറഞ്ഞതുമായൊരു വസ്തു മറ്റൊന്നുണ്ടാവില്ല.

കാലം പോയി. കഥ മാറി. വാഴയില പൊതി പോയിട്ട് വാഴ പോലും അന്യം നില്‍ക്കുന്ന അവസ്ഥയിലെത്തി. ഇന്ന് ഈ സ്ഥാനം കൈയടക്കിയിരിക്കുന്നത് പല തരം പ്ലാസ്റ്റിക്കുകളാണ്. ഇവ പ്രകൃതിദത്തമല്ലെങ്കിലും ഭക്ഷണം പൊതിയാന്‍ നല്ലതു തന്നെയാണ്. വിര്‍ജിന്‍ പ്ലാസ്റ്റിക് അഥവാ സുതാര്യമായ പ്ലാസ്റ്റിക്കാണ് ഏറ്റവും സുരക്ഷിതം. ചൂടാകുമ്പോള്‍ പ്ലാസ്റ്റിക് ഉരുകി ഭക്ഷണത്തില്‍ രാസപദാര്‍ത്ഥങ്ങള്‍ കലരുകയില്ല.

എന്നാല്‍ നിറം ചേര്‍ത്തതോ റീസൈക്കിള്‍ ചെയ്തതോ പ്ലാസ്റ്റിക്കുകളില്‍ രാസപദാര്‍ത്ഥങ്ങളുണ്ടാകും. നിറമുള്ളതും പ്രിന്റുള്ളതുമായ പ്ലാസ്റ്റിക് ഷീറ്റുകള്‍ ഒഴിവാക്കുന്നതാണ് ഉത്തമം.

എങ്കിലും വളരെ കുറഞ്ഞ ചൂടുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ മാത്രമേ പ്ലാസ്റ്റിക്കില്‍ പൊതിയാവൂ എന്നത് പ്രത്യേകം ശ്രദ്ധിക്കുക. എന്നാല്‍ വാഴയിലയാണെങ്കില്‍ ഏത് ചൂടും പ്രശ്‌നമല്ല.

പ്ലാസ്റ്റിക്കുകളുടെ കൂട്ടത്തില്‍ ചിലവയെ ഫൂഡ് ഗ്രേഡ് എന്ന് പറയാറുണ്ട്. ഇത്തരം പാത്രങ്ങള്‍ നിറമുള്ളവയാണെങ്കിലും കുഴപ്പമില്ല.

പുറത്ത് പ്ലാസ്റ്റിക് ആവരണവും അകത്ത് സ്റ്റീല്‍ പാത്രവുമുള്ള ഭക്ഷണപാത്രങ്ങള്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സുതാര്യമായ പ്ലാസ്റ്റിക് ജാറുകളും ഡബ്ബകളും ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കിലുള്ളതോ സ്റ്റീലോ ആയ പാത്രങ്ങളാണ് നല്ലത്.

വാഴയില പോലെ ഉപയോഗിക്കാവുന്ന സില്‍വര്‍ ഫോയിലുകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. അലുമിനിയം ഫോയിലുകളും ഇതുപോലെ തന്നെ ഉപയോഗിക്കാവുന്നതാണ്.

ഒരു മില്ലിമീറ്ററിന്റെ അഞ്ചിലൊന്ന് കനമുള്ള അലുമിനിയം ഫോയിലുകളും ഇവ കൊണ്ട് ലാമിനേറ്റ് ചെയ്ത കടലാസ് പാത്രങ്ങളും ദോഷകരമല്ല.

എന്നാല്‍ സദ്യ വിളമ്പാനും മറ്റും ഉപയോഗിക്കുന്ന പേപ്പര്‍ വാഴയിലകളും പേപ്പര്‍ ഗ്ലാസുകളും നല്ലതാണെന്ന് പറയാനാവില്ല. കടലാസാണെങ്കിലും അവയുടെ ഉള്ളില്‍ നേര്‍ത്തൊരു പ്ലാസ്റ്റിക് ആവരണമുണ്ടാകും. ഇത് വിര്‍ജിന്‍ പ്ലാസ്റ്റിക് ആകണമെന്നില്ല. മാത്രവുമല്ല ഇതിലെ പ്ലാസ്റ്റിക് ഒരു തരത്തിലും നശിപ്പിച്ചു കളയാവുന്നതുമല്ല. ഇത് വീണ്ടും ഉപയോഗിക്കാനും സാധിക്കില്ല.

മാലിന്യമൊഴിവാക്കാനായി ഇത്തരം സാധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഫലത്തില്‍ വിപരീതാനുഭവമാണ് ഉണ്ടാകുന്നത്.

പഴയ പത്രക്കടലാസുകളില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ എടുക്കുന്നത് തികച്ചും അനാരോഗ്യകരമായ പ്രവണതയാണ്. അച്ചടിമഷിയും നിറങ്ങളും ഉള്ളില്‍ പോകുന്നത് നല്ലതല്ല.

Advertisement