ന്യൂദല്‍ഹി: ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയ്ക്ക് മുന്നില്‍ യാത്രയയപ്പു യോഗത്തിനിടെ വാക്കിലും പ്രവര്‍ത്തിയിലും നീരസം പ്രകടമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.

അങ്ങയുടെ മനസില്‍ ചില സംഘര്‍ഷങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഇനി അത്തരമൊരു വിഷമസാഹചര്യം വേണ്ട. അങ്ങേയ്ക്ക് സ്വാതന്ത്ര്യമുണ്ടാവും. അങ്ങയുടെ പ്രത്യയശാസ്ത്രമനുസരിച്ച് പ്രവര്‍ത്തിക്കാനും ചിന്തിക്കാനും സംസാരിക്കാനും സാധിക്കും.

താങ്കളുടെ ജീവിതത്തിന്റെ ഏറിയപങ്കും ഒരു നയന്ത്രജ്ഞന്റേതായിരുന്നു പ്രധാനമായും അത് പശ്ചിമ ഏഷ്യയുമായി ബന്ധപ്പെട്ടു കിടക്കുന്നതായിരുന്നു. അത്തരം പരിതസ്ഥിതിയിലും അന്തരീക്ഷത്തിലും ചിന്താരീതിയിലും അത്തരം ആളുകള്‍ക്കിടയിലുമായിരുന്നു താങ്കള്‍ വര്‍ഷങ്ങളോളം ചെലവഴിച്ചത്.


Dont Miss ‘മഞ്ജുവിന്റെയും ശ്രീകുമാറിന്റെയും പേരു പറഞ്ഞപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് ഓഫാക്കി’;എ.ഡി.ജി.പി സന്ധ്യയ്‌ക്കെതിരെ ദിലീപ്


യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, സൗദി അറേബ്യ തുടങ്ങിയ മുസ്‌ലീം രാജ്യങ്ങളില്‍ ഐ.എഫ്.എസ് ഓഫീസറായിക്കൊണ്ടുള്ള അന്‍സാരിയുടെ സേവനം ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

അവിടെ നിന്നെല്ലാം വിരമിച്ചതിനുശേഷവും താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ സമാനമായിരുന്നു. ന്യൂനപക്ഷ കമ്മീഷന്‍ അല്ലെങ്കില്‍ അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ തന്നെയായിരുന്നു സേവനം അനുഷ്ഠിക്കേണ്ടി വന്നത്. അതുകൊണ്ട് തന്നെ താങ്കളുടെ ലക്ഷ്യങ്ങള്‍ പരിമിതമായിരുന്നു. എന്നാല്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ അന്‍സാരിയുടേത് തികച്ചും വ്യത്യസ്തമായ ഒരു ഉത്തരവാദിത്തമായിരുന്നു. ഭരണഘടനയുടെ ആധികാരികതയുടെ അടിസ്ഥാനത്തില്‍ താങ്കള്‍ക്ക് പൂര്‍ണമായും പ്രവര്‍ത്തിക്കേണ്ടി വന്നു. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ താങ്കള്‍ പരമാവധി ശ്രമിച്ചിരുന്നെങ്കിലും ചില അസ്വസ്ഥതകള്‍ താങ്കള്‍ക്കുണ്ടായിരുന്നെന്നും മോദി പറഞ്ഞു.

രാവിലെ 11 മണിക്കാണ് രാജ്യസഭയില്‍ അന്‍സാരിക്ക് യാത്രയയപ്പ് നല്‍കിയത്. ആദ്യം പ്രസംഗിക്കേണ്ടിയിരുന്ന മോദി അല്പം വൈകി മാത്രമാണ് സഭയില്‍ എത്തിയത്. അതുകൊണ്ട് തന്നെ ഉപരാഷ്ട്രപതിയുട മറുപടി പ്രസംഗത്തിന് മുന്‍പ് പ്രസംഗിക്കേണ്ടിയിരുന്ന സഭാ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി ആദ്യം പ്രസംഗിച്ചു. രണ്ടാമതാണ് മോദി പ്രസംഗിച്ചത്. യാത്രയയപ്പ് ഒരു മണി വരെ നീണ്ടെങ്കിലും അന്‍സാരിയുടെ പ്രസംഗം കേള്‍ക്കാന്‍ നില്‍ക്കാതെ പ്രധാനമന്ത്രി മടങ്ങുകയും ചെയ്തു.

പ്രതിപക്ഷത്തിന് സര്‍ക്കാരിന്റെ നയങ്ങളെ സ്വതന്ത്രമായി വിമര്‍ശിക്കാവുന്ന സാഹചര്യം അനുപേക്ഷണീയമാണെന്ന് മറുപടി പ്രസംഗത്തില്‍ അന്‍സാരി പറഞ്ഞു. ജനാധിപത്യത്തെ വേറിട്ടുനിര്‍ത്തുന്നത് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.