കോഴിക്കോട്: ട്രെയിനില്‍ ഇനി ടിക്കറ്റില്ലാതെ യാത്ര ചെയ്യാം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ട്രെയിന്‍ ടിക്കറ്റുകളുടെ പ്രിന്റ്ഔട്ട് കൈയ്യില്‍ കരുതേണ്ടതില്ലെന്നാണ് റെയില്‍വേ നിര്‍ദേശിച്ചിരിക്കുന്നത്. പകരം, ബുക്ക് ചെയ്യുമ്പോള്‍ സ്‌ക്രീനില്‍ തെളിയുന്ന ഇലക്ട്രോണിക്‌സ് റിസര്‍വേഷന്‍ സ്ലിപ്പിന്റെ പകര്‍പ്പ് മൊബൈല്‍ ഫോണിലോ ലാപ്‌ടോപ്പിലോ ഐപാഡിലോ പകര്‍ത്തി അവ ടിക്കറ്റ് പരിശോധകനെ കാണിച്ചാല്‍ മതിയാകും.

പരിസ്ഥിതി സൗഹാര്‍ദ പരിഷ്‌കരണമായാണ് റെയില്‍വേ ഇതിനെ വിശേഷിപ്പിക്കുന്നത്. ദിവസേനെ മൂന്നു ലക്ഷത്തിലേറെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യപ്പെടുമ്പോള്‍ അവയ്ക്ക് വേണ്ടി അത്രതന്നെ കടലാസുകള്‍ ചെലവാകുന്നത് ഈ പരിഷ്‌കരണത്തിലൂടെ ഒഴിവാക്കാനാകുമെന്ന് റെയില്‍വേ കരുതുന്നു.

ാണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിന് ഉപയോഗിക്കുന്ന ഐ.ആര്‍.ടി.സി പോര്‍ട്ടലില്‍ ടിക്കറ്റ് ബുക്ക് ചെയ്തു കഴിയുമ്പോള്‍ തെളിയുന്ന റിസര്‍വേഷന്‍ സ്ലിപ്പിന്റെ പകര്‍പ്പാണ് സൂക്ഷിക്കേണ്ടത്. മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയാഗിച്ച് പകര്‍ത്തിയ സ്‌ക്രീനിലെ ടിക്കറ്റിന്റെ ചിത്രമോ, ടിക്കറ്റിന്റെ സ്‌ക്രീന്‍ഷോയുടെ ചിത്രമോ സൂക്ഷിച്ചാലും മതി.

പഴയപോലെ റിസര്‍വേഷന്‍ സ്ലിപ്പിന്റെ പ്രിന്റ്ഔട്ട് കരുതണമെന്നു താല്‍പര്യമുള്ളവര്‍ക്ക് അതു തുടരാം. ഒരു രൂപത്തിലും ടിക്കറ്റ് സൂക്ഷിക്കാത്തവര്‍ക്ക് തിരിച്ചറിയല്‍ രേഖയുണ്ടെങ്കില്‍ 50 രൂപ പിഴയൊടുക്കി യാത്ര ചെയ്യാം.

പ്രിന്റ് എടുക്കുന്നതും അതു വഴിയുണ്ടാകുന്ന അധികച്ചെലവും ബുദ്ധിമുട്ടും പുതിയ തീരുമാനം വഴി ഉപഭോക്താക്കള്‍ക്ക് ഒഴിവായിക്കിട്ടും.