ന്യൂദല്‍ഹി: പനാമാഗേറ്റ് വിവാദത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ വെട്ടിലാക്കിയത് മകള്‍ മറിയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ച മൈക്രോസോഫ്റ്റ് വേഡ് ഫോണ്ടിലുള്ള രേഖകള്‍.

2006 ലേതെന്ന് അവകാശപ്പെട്ടാണ് മറിയം മൈക്രോസോഫ്റ്റ് വേഡില്‍ തയാറാക്കിയ ഫയല്‍ ജെ.എ.ടിക്ക് സമര്‍പ്പിച്ചത്. ഇതില്‍ ‘കലിബ്രി’ എന്ന ഫോണ്ടാണ് ഉപയോഗിച്ചിരുന്നത്.


Dont Miss എന്റെ ആത്മസുഹൃത്തുക്കളെന്ന് കരുതിയവരുടെ അഭിനയ പാടവം അത്ഭുതപ്പെടുത്തി; വിമണ്‍ സിനിമ കളക്ടീവില്‍ അംഗമാകാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി


എന്നാല്‍ ഈ ഫോണ്ട് മൈക്രോസോഫ്റ്റ് പുറത്തിറക്കിയത് 2007 ജനുവരി 31 നാണ്. ഇക്കാര്യം മനസിലാക്കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ തെറ്റാണെന്ന കാര്യം വ്യക്തമാകുന്നത്. തുടര്‍ന്ന് മറിയം സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് ജെ.ഐ.ടി. വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയായിരുന്നു.

ഈ സാഹചര്യത്തില്‍ വ്യാജരേഖ ചമച്ചതിന് ഷെരീഫിനും മക്കളായ മറിയം, ഹുസൈന്‍, ഹസന്‍ എന്നിവര്‍ക്കെതിരേയും കേസെടുക്കണമെന്ന് സംയുക്ത അന്വേഷണ സംഘം(ജെ.ഐ.ടി) സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.

തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി നവാസ് ഷെരീഫ് കണ്ടിരുന്നത് മകള്‍ മറിയത്തെയായിരുന്നു. എന്നാല്‍ വ്യാജ രേഖ ചമയ്ക്കല്‍ പിടിക്കപ്പെട്ടതോടെ മറിയത്തിന്റെ രാഷ്ട്രീയ ഭാവിയും അനിശ്ചിതത്വത്തിലാണ്.

എന്നാല്‍ സംഭവം വിവാദമായതോടെ നവാസ് ഷെരീഫിനേയും കുടുംബത്തേയും പരിഹസിച്ച് ട്വിറ്ററില്‍ ചിലര്‍ രംഗത്തെത്തി കഴിഞ്ഞു. ഫോണ്ട്‌ഗേറ്റ് എന്ന ഹാഷ് ടാഗിട്ടാണ് ആളുകള്‍ ഇവരെ പരിഹസിക്കുന്നത്. പനാമഗേറ്റിനെ ‘ഫോണ്ട്ഗേറ്റ്’ എന്ന് തന്നയൊണ് പാക് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.