ലണ്ടന്‍: വിദേശത്തുനിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് വീടിന്റെ ഒരു ഭാഗം താമസിക്കാനായി വാടകയ്ക്ക് നല്‍കുന്നവര്‍ക്കെതിരെ ബ്രിട്ടനില്‍ നടപടി തുടങ്ങി. ലണ്ടനിലും മറ്റും ഇങ്ങനെ ചെയ്യുന്നവരില്‍ നല്ലൊരുപങ്ക് ഇന്ത്യന്‍ വംശജരാണ്. അനധികൃമായി തങ്ങുന്നവരില്‍ ഏറെപ്പേര്‍ ഇന്ത്യക്കാരും.

Ads By Google

പടിഞ്ഞാറന്‍ ലണ്ടനില്‍ ഇത്തരം ചില വീടുകളില്‍ അടുത്തിടെ ബ്രിട്ടീഷ് കുടിയേറ്റകാര്യ മന്ത്രി ഡാമിയന്‍ ഗ്രീനും ഭവനമന്ത്രി ഗ്രാന്റ് ഷാപ്‌സും മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. ആറ് വീടുകളിലായി 16 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെയാണ് മന്ത്രിമാര്‍ക്ക് കാണാനായത്.

സന്ദര്‍ശനത്തെത്തുടര്‍ന്ന് ഇത്തരം അനധികൃത താമസസ്ഥലങ്ങള്‍ അടച്ചുപൂട്ടിക്കാന്‍ പ്രാദേശിക കൗണ്‍സിലുകള്‍ക്ക് മന്ത്രിമാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

അതിനിടെ, അനധികൃത കുടിയേറ്റക്കാര്‍ക്ക് വിദ്യാര്‍ത്ഥികളെന്ന മേല്‍വിലാസം തരപ്പെടുത്തുന്നുവെന്നതിന്റെ പേരില്‍ കഴിഞ്ഞ ദിവസം നടപടി നേരിട്ട ലണ്ടന്‍ മെട്രോപൊളിറ്റന്‍ സര്‍വകലാശാലയുടെ ഇന്ത്യയിലെ ഓഫീസുകള്‍ പൂട്ടി. വിദേശ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ സര്‍വകലാശാലയ്ക്ക് നല്‍കിയിരുന്ന അനുമതിയും സര്‍ക്കാര്‍ എടുത്തുകളഞ്ഞു.