കൊച്ചി : സ്ത്രീകള്‍ക്ക് സ്വന്തം വീട്ടിലെ ജോലിക്ക് വേതനം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതി ആവിഷ്‌ക്കരിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
സുല്‍ത്താന്‍ബത്തേരിയിലെ വിമന്‍സ് വോയ്‌സ് എന്ന സംഘടന കൊടുത്ത പൊതുതാത്പര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ വിധി.

Ads By Google

കുടുംബങ്ങളുടെ അടിത്തറ ശക്തമാക്കുക, നാളത്തെ ഭാവിയെ വാര്‍ത്തെടുക്കുക, തോട്ടപണി,  വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കല്‍ ഇവയെല്ലാം സ്ത്രീകള്‍ ചെയ്യുന്ന ജോലികളാണ്. ദിവസേന 14 മണിക്കൂറിലധികം ജോലി ചെയ്തിട്ടും കൃത്യമായ വേതനമില്ല. ഇതിന് പരിഹാരം കാണണമെന്നായിരുന്നു വിമന്‍സ് വോയ്‌സിന്റെ ആവശ്യം.

ഇന്ത്യ – സീഡോ കണ്‍വെന്‍ഷനിലെ 17ാം ശുപാര്‍ശ പ്രകാരം സ്ത്രീയുടെ വീട്ടുജോലിക്ക് അംഗീകാരം നല്‍കണമെന്നാണ് നിയമം. വെനിസ്വേലയില്‍ സ്ത്രീക്ക് രാജ്യത്തെ മിനിമം കൂലിയുടെ 80 ശതമാനം നല്‍കുന്നുണ്ട്. കംബോഡിയയിലും ഇത്തരം പദ്ധതിയുണ്ടെന്നും ഹരജിയില്‍ വിമന്‍സ് വോയ്‌സ് പറയുന്നു.

കൂടാതെ ഗോവയില്‍ വീട്ടുജോലി ചെയ്യുന്ന സത്രീകള്‍ക്ക് മാസം 1000 രൂപ വേതന ഇനത്തില്‍ ലഭിക്കുന്നുണ്ട്. ഇതിന്റെ സമാന സ്ഥിതി കേരളത്തിലും നടപ്പാക്കണമെന്നായിരുന്നു ഹരജി പ്രധാനമായും ആവശ്യപ്പെട്ടത്. എന്നാല്‍ കേരളത്തില്‍ ഇതിന്റെ നിജസ്ഥിതി തുടരാനാവില്ലെന്ന് ഹൈക്കോടതി  ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.