Categories

ഭവന വായ്പകള്‍ക്ക് നികുതി ഇളവ് പരിധി ഉയര്‍ത്തിയേക്കും

ന്യൂദല്‍ഹി: ഭവന വായ്പാ രംഗത്തെ വായ്പ വിതരണം ഉര്‍ജ്ജിതമാക്കാന്‍ നികുതി ഇളവ് പരിധി ഉയര്‍ത്തുന്നു.  പ്രതിവര്‍ഷം ഒരു ലക്ഷം രൂപയാണ് ഇപ്പോള്‍ വായ്പാ തുകക്ക് ലഭിക്കുന്ന ഇളവിന്റെ പരമാവധി തുക. ഇത് മൂന്നു ലക്ഷമായി ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതോടൊപ്പം വായ്പാ തുകയുടെ തിരിച്ചടവിനും ഉപഭോക്താക്കള്‍ക്ക് ഇളവ് ലഭിക്കും.

ഭവന വായ്പയുടെ പലിശ ഇനത്തില്‍ അടക്കുന്ന തുകക്കുള്ള ആദായ നികുതി ഇളവ് വര്‍ധനവ് ഉയര്‍ത്തുന്ന കാര്യം അന്തിമ തീരുമാനമാകുന്നത് മാര്‍ച്ച് 16ന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിലായിരിക്കും. ഭൂമിയുടെ വിലയും വീടിന്റെ നിര്‍മ്മാണച്ചെലവും ഓരോ വര്‍ഷവും വര്‍ധിക്കുന്നതാണ് നികുതി ഇളവ് പരിധി ഉയര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. രാജ്യത്ത് വീടുകളുടെയും ഫ്‌ളാറ്റുകളുടെയും വാടകയില്‍ ഉണ്ടായ വര്‍ധനവ് കണക്കിലെടുത്ത് വീട്ടു വാടകയ്ക്ക് നല്‍കുന്ന നികുതി ഇളവ് പ്രതിമാസം 5000 രൂപയാക്കി വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി മുമ്പില്‍ ഇരിക്കുകയാണ്.

സാമ്പത്തിക രംഗത്തെ മുരടിപ്പ് മറികടക്കാന്‍ ഗാര്‍ഹിക വായ്പകളുടെ നികുതി ഇളവ് പരിധി ഉയര്‍ത്തണമെന്ന് റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഭവന വായ്പകള്‍ക്ക് കൂടുതല്‍ ആദായ നികുതി ഇളവ് നല്‍കുന്നത് നിലവിലെ സാമ്പത്തിക മുരടിപ്പ് ഇല്ലാതാക്കാന്‍ സഹായകമാകുമെന്ന് ചൂണ്ടിക്കാട്ടി കണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) ഈ ആവശ്യം കേന്ദ്ര സര്‍ക്കാറിനു മുമ്പില്‍ വെച്ചിരുന്നു. ഭവന വായ്പകള്‍ക്ക് ആകെ നാലു ലക്ഷം രൂപവരെ ഇളവും മറ്റു നിക്ഷേപങ്ങള്‍ക്ക് ഒരു ലക്ഷം രൂപ കൂടി ഇളവ് നല്‍കി ആകെ അഞ്ചു ലക്ഷം രൂപ വരെ ഇളവ് ലഭ്യമാക്കണമെന്നാണ് സി.ഐ.ഐ ആവശ്യപ്പെട്ടത്.

Malayalam News

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.