ആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ്‌ബോട്ടുകള്‍ക്ക് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു. ബോട്ട് ജിവനക്കാരനായ കാവാലം സ്വദേശി ഷെറിനാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ആലപ്പുഴയിലെ രണ്ട് ഹൗസ്‌ബോട്ടുകള്‍ക്ക് തീപിടിച്ചത്.

Ads By Google

പുന്നമടയിലെ ഫിനിഷിങ്‌ പോയിന്റില്‍ നിര്‍ത്തിയിട്ടിരുന്ന ‘കേരളാ ട്രയല്‍സ്’, ‘കണ്ടത്തില്‍’ എന്ന രണ്ട് ഹൗസ്‌ബോട്ടുകള്‍ക്കാണ് തീപിടിച്ചത്. രാവിലെയാണ് ഷെറിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ബോട്ടില്‍ കണ്ടെത്തിയത്.

‘കേരളാ ട്രയല്‍സ്’ ബോട്ടിലെ താത്ക്കാലിക ജീവനക്കാരനായിരുന്നു ഷെറിന്‍. മറ്റ് ജീവനക്കാര്‍ ഓണാവധിയിലായിരുന്നതിനാല്‍ ഷെറിന്‍ മാത്രമാണ് ബോട്ടിലുണ്ടായിരുന്നത്. ഹൗസ്‌ബോട്ടിലെ ബെഡ്‌റൂമില്‍ കിടന്ന് ഉറങ്ങുകയായിരുന്നു ഷെറിന്‍.

ഈ ഹൗസ്‌ബോട്ടിന്റെ അടുക്കളയിലെ മണ്ണെണ്ണ ചോര്‍ന്നതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.

സംഭവസമയത്ത് പുന്നമട ജെട്ടിയില്‍ നിരവധി ബോട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും തീപടര്‍ന്ന ഉടന്‍ മറ്റ് ബോട്ടുകള്‍ അഴിച്ച് മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അഞ്ച് അഗ്‌നിശമന സേനാ യൂണിറ്റുകളെത്തി മൂന്ന് മണിക്കൂറോളം ശ്രമിച്ച ശേഷമാണ് തീയണച്ചത്.

ബോട്ടില്‍ ശാസ്ത്രീയസംഘമെത്തി പരിശോധന നടത്തുകയാണ്.